ജോയേഷാണ് താരം! മാതാപിതാക്കളെയും സഹോദരനെയും തീയിൽ നിന്നുംരക്ഷിച്ച ഒമ്പതു വയസുകാരന് നാടിന്റെ ആദരം

fireതൊടുപുഴ: തീപിടിച്ച വീട്ടിൽ നിന്നും അച്ഛനമ്മമാരേയും കൂടപ്പിറപ്പുകളേയും സാഹസികമായി രക്ഷപ്പെടുത്തിയ ഒമ്പതു വയസുകാരന് നാടിന്റെ ആദരം. കാഞ്ഞിരംപാറ വല്യാപറമ്പിൽ ജോയേഷിനെയാണ് പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചത്. കഴിഞ്ഞ രണ്ടിനു പുലർച്ചെയാണ് വീടിനു തീപിടിച്ചത്. ജോയേഷും ജ്യേഷ്ഠൻ ജോയലും ഉറങ്ങിക്കിടന്ന മുറിയിലെ എയർകൂളറിന് തീപിടിക്കുകയായിരുന്നു. ചൂടടിച്ച് ഉറക്കമുണർന്ന ജോയേഷ് കണ്ടത് ആളിപ്പടരുന്ന തീയാണ്. തൊട്ടടുത്ത് ഒന്നുമറിയാതെ ഉറങ്ങുന്ന ജ്യേഷ്ഠനെയും.

ആദ്യം അമ്പരന്നെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത ജോയേഷ് ജ്യേഷ്ഠനെയും അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന അച്ഛനമ്മമാരേയും വിളിച്ചുണർത്തി. എല്ലാവരും പുറത്തിറങ്ങിയപ്പോഴേക്കും മുറി ഏകദേശം കത്തി തീർന്നിരുന്നു. തൊടുപുഴ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. അപകട സമയത്ത് പ്രായത്തേക്കാൾ ധീരത കാണിച്ച ജോയേഷിനെ കാഞ്ഞിരംപാറ പൗരാവലിയുടെ നേതൃത്വത്തിലാണ് പൊന്നാടയണിയിച്ച് ആദരിച്ചത്. എഎംവിഐ ബെന്നി ഉപഹാരം നൽകി. മുൻ കൗൺസിലർ നൈറ്റ്സി കുര്യാക്കോസ്, ട്രാക് പ്രസിഡന്റ് എം.സി മാത്യു, ജോസ് മഠത്തിൽ, ജോസ് കുന്നുംചിറ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts