ഫ്ലോറിഡ ദുരന്തത്തിൽ മരിച്ച ഇന്ത്യൻ കുടുംബാംഗങ്ങളുടെ സംസ്കാരം നടത്തി! അപകടത്തിൽ മരിക്കുമ്പോൾ ഭാവന നാലുമാസം ഗർഭിണിയായിരുന്നു…

ഫ്ലോറിഡ: ഫ്ലോറിഡ സർഫ് സൈഡിൽ ബഹുനില കെട്ടിടം തകർന്ന് വീണു മരിച്ച വിശാൽ പട്ടേൽ, ഭാര്യ ഭാവന പട്ടേൽ (36) ഇവരുടെ ഒരു വയസുള്ള മകൾ എന്നിവരുടെ സംസ്കാരം ജൂലൈ 15 നു നടന്നു.

 

തുടർന്ന് ചിതാഭസ്മം അറ്റ്ലാന്‍റിക് സമുദ്രത്തിൽ നിമജ്ജനം ചെയ്യുമെന്ന് ഭാവനയുടെ അടുത്ത കൂട്ടുകാരി ത്രിഷ ദേവി അറിയിച്ചു.

അപകടത്തിൽ മരിക്കുമ്പോൾ ഭാവന നാലുമാസം ഗർഭിണിയായിരുന്നുവെന്നും ഇവർ പറഞ്ഞു.

ഇവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന ഒപ്പ ലോക്കയിലെ ശ്രീമാരിയമ്മൽ അമ്പലത്തിൽ നടന്നു. ഭാവനയുടേയും വിശാലിന്‍റേയും മൃതദേഹം ജൂലൈ ഒൻപതിനാണ് ലഭിച്ചത്.

കുട്ടിയുടെ മൃതദേഹം 14നും ലഭിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ ഇവരുടെ സംസ്കാര ചടങ്ങുകളിൽ സംബന്ധിച്ചു.

രണ്ടു വർഷം മുമ്പാണ് ഇവർ തകർന്നു വീണ കെട്ടിടത്തിലേക്ക് താമസം മാറ്റിയത്. ന്യുജഴ്സിയിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.

യുകെയിൽ കഴിഞ്ഞിരുന്ന ഭാവനയും കലിഫോർണിയയിലായിരുന്ന വിശാലും നീണ്ട പത്തുവർഷത്തെ സുഹൃദ് ബന്ധത്തിനു ശേഷമാണ് വിവാഹിതരായത്.

നിരവധി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉണ്ടായിരുന്ന ഭാവനക്കും വിശാലിനും ഫ്ലോറിഡാ ബീച്ച് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇവിടേക്ക് താമസമാക്കിയത്.

ഇവരുടെ ആകസ്മിക വിയോഗം എല്ലാവർക്കും സഹിക്കാവുന്നതിലപ്പുറമായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. ശ്രീമാരിയമ്മൻ അമ്പല പൂജാരി റിഷി ഗുൽചരൺ ഇവരുടെ അടുത്ത സുഹൃത്തായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts

Leave a Comment