ഉപഭോക്താവിന്റെ ഭക്ഷണം രഹസ്യമായി കഴിക്കുന്ന ഫുഡ് ഡെലിവറി കമ്പനിയിലെ ജീവനക്കാരന് വിമര്‍ശനവുമായി സോഷ്യല്‍മീഡിയ! വിശപ്പുകൊണ്ടായിരിക്കും എന്ന് ഒരു കൂട്ടര്‍; ശിക്ഷിച്ച് കമ്പനി; വീഡിയൊ

ടെക്‌നോളജി വികസിച്ചതോടെ ആരും അറിയാതെയും കേള്‍ക്കാതെയും മനസിലാക്കാതെയും പോയിരുന്ന പല കാര്യങ്ങളും പുറത്തറിയുകയും പുറം ലോകത്തിന്റെ ശ്രദ്ധയില്‍ അവ പതിയുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ചില കുറ്റകൃത്യങ്ങളും കൊള്ളരുതായ്മകളും. അത്തരത്തിലൊന്നാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയിലെ ഒരു ജീവനക്കാരന്‍ ഉപഭോക്താവിന്റെ ഭക്ഷണം രഹസ്യമായി കഴിക്കുന്ന വിഡിയോയാണത്. ഏതാനും ദിവസങ്ങളായി അത് ട്വിറ്ററില്‍ പ്രചരിക്കുകയുമാണ്. ജീവനക്കാരന്റെ പ്രവര്‍ത്തിയെ വിമര്‍ശിക്കുകയാണ് ആളുകള്‍. ഭക്ഷണം പകുതി കഴിച്ച ശേഷം വീണ്ടും മൂടി തിരികെ ഡെലിവറി ബാഗില്‍ വെയ്ക്കുന്നത് വ്യക്തമായി വീഡിയോയില്‍ കാണാം. മധുരയിലാണ് സംഭവം നടന്നത്. 600ലധികം തവണയാണ് ഈ വിഡിയോ റീട്വീറ്റ് ചെയ്യപ്പെട്ടത്. ഇയാള്‍ ഇത്തരത്തില്‍ ചെയ്യുന്നത് ഏതോ ഒരു വ്യക്തി വീഡിയോയെടുത്ത് ട്വിറ്റര്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിശദീകരണവുമായി കമ്പനി രംഗത്ത് വന്നിരിക്കുകയാണ്. ഈ വിഷയം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്, അതിനാല്‍ ഭക്ഷണം എടുത്ത ജീവനക്കാരനെ പിരിച്ചുവിട്ടെന്നും കമ്പനി അറിയിച്ചു.

അതേസമയം വിശപ്പുകൊണ്ടായിരിക്കും അയാള്‍ ഭക്ഷണം എടുത്തത്.. താക്കീത് നല്‍കിയാല്‍ മതിയായിരുന്നു, ജോലിയില്‍ നിന്ന് പിരിച്ച് വിടേണ്ടിയിരുന്നില്ല എന്ന വാദം ഉന്നയിക്കുന്നവരുമുണ്ട്. ജീവനക്കാരുടെ ദയനീയ അവസ്ഥ പോലും മനസിലാക്കാതെയാണല്ലോ കമ്പനി അവരെ ഉപയോഗിക്കുന്നതെന്ന് ചോദിച്ച് കമ്പനിയെ വിമര്‍ശിക്കുന്നവരുമുണ്ട്. ഏതായാലും ഇത്തരത്തില്‍ ഫുഡ് ഡെലിവറികളെ കൂടുതല്‍ ആശ്രിയിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണെന്ന സന്ദേശം വീഡിയോ നല്‍കുന്നുണ്ട്.

Related posts