ഷവര്‍മ വീണ്ടും പണി തുടങ്ങി ! പയ്യന്നൂരില്‍ ഷവര്‍മ കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആശുപത്രിയില്‍; പുതിയ ഷവര്‍മ വിവാദം ഇങ്ങനെ..

ഒരു ഇടവേളയ്ക്കു ശേഷം ഷവര്‍മ വീണ്ടും പണി തുടങ്ങി. പയ്യന്നൂരില്‍ ഷവര്‍മയും കുബ്ബൂസും കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായതോടെയാണ് ഷവര്‍മ വീണ്ടും വില്ലനാകുന്നത്. പയ്യന്നുര്‍ ടൗണിലെ ബസ്സ് സ്റ്റാന്‍ഡിന് സമീപത്തെ ഡ്രീം ഡസേര്‍ട്ട് എന്ന സ്ഥാപനത്തില്‍ നിന്ന് പാര്‍സലായി വീട്ടിലേക്ക് കൊണ്ടു പോയ ഷവര്‍മ്മയും കുബ്ബൂസും കഴിച്ച് ഗൃഹനാഥനടക്കം അഞ്ച് പേര്‍ ആശുപത്രിയിലാവുകയായിരുന്നു. ഛര്‍ദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനാല്‍ ഉടുമ്പന്തലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരിക്കയാണ്.

എന്നാല്‍ വൃത്തിയോടെ ഉണ്ടാക്കുന്ന ഷവര്‍മയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും പഴകിയ ഇറച്ചിയും ഫ്‌ളേവറുകളും ഉപയോഗിക്കുന്നതാണ് വിഷബാധക്ക് കാരണമെന്നും, ഷവര്‍മ എന്ന് കേട്ടാല്‍ ഭീതി വേണ്ട എന്നാണുമാണ് ഇതുസംബന്ധിച്ച് വിദഗ്ദ്ധര്‍ പറയുന്നത്. ഭക്ഷ്യ വിഷബാധയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഗൃഹനാഥനായ പി. സുകുമാരന്‍ നഗരസഭാ ആരോഗ്യ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ദാമോദരനും സംഘവും പരിശോധന നടത്തുകയും ഷവര്‍മ നല്‍കിയ സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. പതിനായിരം രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

തുടര്‍ന്ന് പയ്യന്നുള്‍ നഗരത്തിലെ ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ വൃത്തിഹീനമായ രീതിയിലാണ് ഇവ ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയതിനാല്‍ നഗരസഭയിലെ മുഴുവന്‍ പ്രദേശങ്ങളിലും ഷവര്‍മ വില്‍ക്കുന്നത് നിരോധിച്ചിരിക്കയാണ്. നഗരസഭയുടെ ലൈസന്‍സ് വാങ്ങാതെ ഹോട്ടലുകളും കൂള്‍ ബാറുകളും ഷവര്‍മ വില്‍ക്കുന്നതായും കണ്ടെത്തി. അതോടെയാണ് വില്‍പ്പന നിരോധിച്ചത്. നിലവിലുള്ള വ്യാപാരികള്‍ അവരുടെ ലൈസന്‍സുകളില്‍ ഷവര്‍മ വില്‍പ്പന കൂടി ഉള്‍പ്പെടുത്തി മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പയ്യന്നൂരില്‍ ഷവര്‍മക്ക് വിലക്കുണ്ടാകും.

പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ നിരോധിച്ചെങ്കിലും ഭക്ഷ്യവിഷബാധക്ക് കാരണമായ ഷവര്‍മയുടേയും കുബ്ബൂസിന്റേയും സാമ്പിളെടുക്കുകയോ പരിശോധനക്ക് വിധേയമാക്കുകയോ ചെയ്തില്ല. പയ്യന്നൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണുള്ളത്. അയാളുടെ വിവാഹത്തോടനുബന്ധിച്ച് അവധിയിലുമാണ് എന്നാണ് വിവരം. ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം എല്ലാം ഫോണിലൊതുക്കുകയായിരുന്നു. സാമ്പിള്‍ എടുത്താല്‍ മാത്രമേ ഭക്ഷ്യ വിഷബാധ ഉണ്ടായതിന്റെ യഥാര്‍ത്ഥ കാരണം വെളിച്ചത്തുകൊണ്ടു വരാന്‍ പറ്റൂ. മംഗളുരുവില്‍ നിന്നും ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കാന്‍ നിറങ്ങളടക്കം നിരവധി രാസവസ്തുക്കള്‍ ഉത്തരകേരളത്തിലെത്തുന്നുണ്ട്. ഇതില്‍ എത്രമാത്രം അപകടം വരുത്തുന്ന വസ്തുക്കളാണ് ഷവര്‍മ ഉള്‍പ്പെടെയുള്ളവയില്‍ ചേര്‍ക്കുന്നതെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്.

Related posts