എരുമേലിയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയുടെ തിരോധാനത്തില്‍ വഴിത്തിരിവ്. ഒരു വിവാഹ വീട്ടില്‍ നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ അന്വേഷണത്തിന് പുതിയ മാനം നല്കിയിരിക്കുന്നത്. തിരുവല്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ ജെസ്‌നയെ പോലെ തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നു.
ആളുകള്‍ സംശയത്തോടെ നോക്കിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന യുവാവിനൊപ്പം ഈ പെണ്‍കുട്ടി പെട്ടെന്ന് വാഹനത്തില്‍ പോയെന്നാണ് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നത്. ഇവരുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീട്ടുകാരും ഫോട്ടോയുടെ സത്യാവസ്ഥ അന്വേഷിച്ച് രംഗത്തുണ്ട്.
ഒന്നരമാസം മുമ്പാ് കൊല്ലമുളയിലെ വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെ നിന്നും ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തിയ ജെസ്നയെ പിന്നീട് കാണാതായി. എരുമേലി സ്റ്റാന്‍ഡില്‍ മുണ്ടക്കയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തേക്ക് ഈ പെണ്‍കുട്ടി നടന്നു നീങ്ങിയതായി വരെ വ്യക്തമായിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് കാണാതായ ജെസ്‌ന. രാവിലെ എട്ടു മണിയോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു.
പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.
ഏറെ കൂട്ടുകാര്‍ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന നാട്ടുമ്പുറത്തുകാരിയാണ് ജെസ്നയെന്ന് പരിചയക്കാര്‍ ആവര്‍ത്തിക്കുന്നു.
പോകുമ്പോള്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ വസ്ത്രങ്ങളോ എടിഎം കാര്‍ഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോണ്‍ വീട്ടില്‍ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. പിന്നെ പെണ്‍കുട്ടി എവിടെപ്പോയെന്നത് മാത്രമാണ് അറിയാത്തത്.