കൊച്ചിയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് ബോട്ടില്‍ പുറപ്പെട്ട സംഘത്തില്‍ നാല് ഗര്‍ഭിണികളും ! മുനമ്പത്തെ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയത് 10 ലക്ഷം രൂപയ്ക്ക്; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

കൊച്ചിയിലെ മുനമ്പം ഹാര്‍ബര്‍ വഴി ബോട്ടില്‍ ഓസ്‌ട്രേലിയയ്ക്ക് തിരിച്ച സംഘത്തില്‍ നാലു ഗര്‍ഭിണികളുമെന്ന് വിവരം.13 കുടുംബങ്ങളിലായുള്ള 41 പേരാണ് പുറപ്പെട്ടിരിക്കുന്നത്. യാത്രയ്ക്കു മുന്‍പ് ഒരു മാസത്തേക്കുള്ള മരുന്നു ശേഖരിക്കാനും സംഘം ശ്രമിച്ചിരുന്നു. ഡല്‍ഹി, ചെന്നൈ വഴിയെത്തിയ സംഘം ചെറായിയിലെ ലോഡ്ജിലാണ് താമസിച്ചത്. മുനമ്പത്തെ പമ്പില്‍നിന്ന് 10 ലക്ഷം രൂപയ്ക്ക് 12,000 ലിറ്റര്‍ ഇന്ധനവും സംഘം നിറച്ചു. കുടിവെള്ളം ശേഖരിക്കാന്‍ മുനമ്പത്തുനിന്ന് അഞ്ചു ടാങ്കറുകള്‍ വാങ്ങിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യക്കടത്ത് സംഘത്തിലുണ്ടായിരുന്നത് ഹിന്ദിയും തമിഴും ഇംഗ്ലീഷും സംസാരിക്കുന്നവരാണെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്.അവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നില്ല. മുനമ്പത്തേക്കു പോയത് ടൂറിസ്റ്റ് ബസിലും മിനിബസിലുമായിട്ടാണെന്നും ദൃക്‌സാക്ഷികള്‍ അറിയിച്ചു. മുനമ്പത്തെ റിസോര്‍ട്ടില്‍ നിന്നു കണ്ടെത്തിയ ബാഗുകളില്‍ സ്വര്‍ണാഭരണങ്ങളാണെന്നും വിവരമുണ്ട്.

യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണു മനുഷ്യക്കടത്തിനെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂടിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകള്‍, കുട്ടികളുടെ കളിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെത്തി.

ബാഗുകള്‍ വിമാനത്തില്‍ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നെങ്കിലും തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ഇവിടെ നിന്നു കടന്നവര്‍ ശ്രീലങ്കന്‍ വംശജരോ, തമിഴ്നാട് സ്വദേശികളോ ആണെന്ന് വ്യക്തമായി. ബാഗില്‍ കണ്ട രേഖകളില്‍ നിന്നു പത്ത് പേരടങ്ങുന്ന സംഘമായി സമീപപ്രദേശങ്ങളിലെ റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ഡല്‍ഹിയില്‍ നിന്നു വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. ശനിയാഴ്ച കൂടുതല്‍ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിലാണ് ഇവരെ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്. 27 ദിവസമെടുത്താണ് ബോട്ട് ഓസ്‌ട്രേലിയയിലെത്തുന്നത്.

രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്ത് സംഘമാണ് ഇതിന് പിന്നില്‍ എന്ന് പൊലീസ് പറയുന്നു. മുനമ്പത്ത് നിന്നു മത്സ്യ ബന്ധന ബോട്ടുകളില്‍ പോയവര്‍ക്ക്, ഇന്ധനവും ഭക്ഷണവും ഫീഡര്‍ ബോട്ടുകളില്‍ എത്തിക്കാനുള്ള സൗകര്യവും മനുഷ്യക്കടത്തുകാര്‍ ഏര്‍പ്പെടുത്തും. ഇവര്‍ പിടിച്ച മത്സ്യം ഫീഡര്‍ ബോട്ടുകള്‍ക്ക് കൈമാറും. ഓസ്‌ട്രേലിയയില്‍ അനധികൃതമായി എത്തുന്നവരെ കുടിയേറ്റക്കാരായി കരുതുമെന്നതാണ് ഇവിടേക്ക് അഭയാര്‍ഥികളെ ആകര്‍ഷിക്കുന്നത്.സംഭവമറിഞ്ഞെത്തിയ ഐബി ഉദ്യോഗസ്ഥര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Related posts