ബിസിസിഐ പ്രസിഡന്റാകാന്‍ തനിക്കു യോഗ്യതയില്ലെന്ന് സൗരവ് ഗാംഗുലി

ganguliകോല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് വ്യക്തമാക്കിയ ഗാംഗുലി ഇത്തരം റിപ്പോര്‍ട്ടുകള്‍ തള്ളുകയും ചെയ്തു.

എന്റെ പേര് ആവശ്യമില്ലാതെയാണ് ഉയര്‍ന്നുവരുന്നത്, എനിക്കതിനുളള യോഗ്യതയില്ല, ഞാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിട്ട് വെറും ഒരുവര്‍ഷം മാത്രമാണായത്. ഇനിയും രണ്ട് വര്‍ഷം ഇവിടെ ബാക്കിയുണ്ട്, അതിനാല്‍ എനിക്ക് ബിസിസിഐ പ്രസിഡന്റ് സ്ഥാനം വഹിക്കാനാകില്ല– ഗാംഗുലി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് അനുസരിക്കാതെ ബിസിസിഐക്കു മറ്റു മാര്‍ഗങ്ങളില്ലെന്നും ഗാംഗുലി പറഞ്ഞു.

ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനേയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സുപ്രീംകോടതി തല്‍സ്ഥാനങ്ങളില്‍നിന്നു കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. ജസ്റ്റീസ് ആര്‍.എം.ലോധ സമിതി ശുപാര്‍ശകളില്‍ സുപ്രീംകോടതി നിര്‍ദേശിച്ച ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.

Related posts