മലയാളികളും യുവ സംഗീത പ്രതിഭകളുമായ സഹോദരിമാർക്ക് ജർമനിയിലെ “ദി പ്ലേഫോർഡ്സ്’ മ്യൂസിക്കൽ ബാൻഡ് സംഘടിപ്പിക്കുന്ന പ്രശസ്തമായ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അപൂർവ അവസരം.
കുലശേഖരം സ്വദേശികളായ അരുണിത മോഹനും ആന്യ മോഹനുമാണ് നവംബർ ഏഴു മുതൽ ഒന്‍പതു വരെ നടക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രമാണ് ഇതിലേക്കു വഴിതുറന്നത്.
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കേൾവിക്കാരായുള്ള ആദ്യകാല യൂറോപ്യൻ സംഗീതമേളകളിൽ ഒന്നാണ് പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ. ശ്രീ സ്വാതി തിരുനാൾ ഗവണ്മെന്റ് സംഗീത കോളജിൽ പഠിച്ച അരുണിത പ്രഫഷണൽ വൈണികയാണ്. ഇന്ത്യൻ ക്ലാസിക്കൽ, പാശ്ചാത്യ സംഗീതം എന്നിവ വയലിനിൽ വായിക്കുന്നതിൽ മികവ് പുലർത്തുന്ന ആന്യ പ്രഫഷണൽ വയലിനിസ്റ്റ്, പിയാനിസ്റ്റ്, സംഗീതസംവിധായക തുടങ്ങിയ നിലകളിൽ പേരുകേട്ടയാളാണ്.
ജർമ്മൻ സാഹിത്യ ഇതിഹാസം ജോഹാൻ വുൾഫ് ഗാങ് വോണ്‍ ഗൊയ്ഥെയുടെ ജൻമനാടായ വെയ്മറിൽ നിന്നുള്ള ബാൻഡായ “ദി പ്ലേഫോർഡ്സി’ നൊപ്പമാണ് സഹോദരിമാർ സംഗീതപരിപാടി അവതരിപ്പിക്കുക. “അപ്പോണ്‍ എ ഗ്രൗണ്ട് ’ എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് പരിപാടി.
17 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ ജർമൻ ഗാനങ്ങളുടെയും നൃത്തത്തിന്റെയും അവതരണത്തിൽ പേരുകേട്ട നിരവധി അന്താരാഷ്ട്ര സംഗീതജ്ഞർ “ദി പ്ലേഫോർഡ്സ്’ ബാൻഡിനൊപ്പം പ്രവർത്തിച്ചിരുന്നു. ഫെബ്രുവരി 27ന് കൊച്ചിയിൽ നടന്ന ദി പ്ലേഫോർഡ്സിന്റെ സംഗീത പരിപാടിയിലെ ഇന്തോ ജർമൻ ഫ്യൂഷൻ അവതരണത്തിന് പ്രേക്ഷകശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റാനായത് ശ്രദ്ധേയം. കലാകാരികളുടെ യാത്രാച്ചെലവ്, താമസം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ചെലവുകളും ദി പ്ലേഫോർഡ്സും പ്ലേഗ്രൗണ്ടും വഹിക്കും.

