ബെര്‍ലിന്‍: ദക്ഷിണ ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി മൂന്നുപേര്‍ മരിച്ചു. നിരവധിപ്പേർക്കു പേര്‍ക്കു പരിക്കേറ്റു. അപകടത്തിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനില്‍. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
സിഗ്മറിംഗന്‍ പട്ടണത്തില്‍നിന്ന് ഉല്‍ം നഗരത്തിലേക്കു പുറപ്പെട്ട ട്രെയിന്‍ വനത്തിന് നടുവില്‍വച്ചാണ് പാളംതെറ്റിയത്. വശത്തേക്കു മറിഞ്ഞുകിടക്കുന്ന നിലയിലാണ് ബോഗികളുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ അതിനു മുകളില്‍ നില്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ജര്‍മന്‍ റെയില്‍ ഓപ്പറേറ്ററായ ഡോയിച്ചെ ബാന്‍ പറയുന്നതനുസരിച്ച്, ഇതുവരെ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി. നൂറോളം യാത്രക്കാരുള്ളതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

