ഗൗരിയ്ക്ക് ചികിത്സ നിഷേധിച്ചെന്ന് പോലീസ്! നാല് മണിക്കൂറോളം ആശുപത്രിയില്‍ ചികിത്സ നല്‍കിയില്ല; സ്‌കാനിംഗ് പോലും നടത്തിയില്ലെന്നും പോലീസ്

കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആശുപത്രിയിലായ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിയെ പ്രവേശിപ്പിച്ച നഗരത്തിലെ ബെന്‍സിഗര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് റിപ്പോര്‍ട്ട്. നാലു മണിക്കൂറോളം കുട്ടിയെ വെറുതെ കിടത്തിയിരിക്കുകയായിരുന്നെന്നും പറയുന്നു. വിശദമായ സ്‌കാനിംഗ് പോലും നടത്തിയില്ലെന്നും പോലീസ് പറഞ്ഞു. ഇടുപ്പെല്ലിനും മറ്റു ശരീരഭാഗങ്ങളിലും പൊട്ടലിനു പുറമെ ഗൗരിയുടെ തലയില്‍ രക്തസ്രാവവും ഉണ്ടായിരുന്നു. ആന്തരാവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നു. ഗൗരിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. അതേസമയം, പെണ്‍കുട്ടിയെ ചികിത്സിച്ച ഡോ.ജയകുമാറിനെ പോലീസ് ചോദ്യം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉടമസ്ഥതതയിലുള്ളതാണ് ആശുപത്രി.

ചികിത്സ പുരോഗമിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഗൗരി മരണപ്പെടുകയും സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും ഒളിവിലാണെന്നാണ് വിവരം. അധ്യാപകരുടെ കടുത്ത മാനസിക പീഡനമാണ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ആരോപണമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് പ്രസന്നകുമാര്‍ രംഗത്തെത്തുകയും ചെയ്തു. ആത്മഹത്യക്ക് ശ്രമിക്കുന്നതിന് തൊട്ടു മുന്‍പ് കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തി വഴക്കുപറഞ്ഞിരുന്നതായും പിതാവ് ആരോപിച്ചിരുന്നു.

 

 

Related posts