ഒരിടത്ത് വനിതാമതിലിനുള്ള ഒരുക്കങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ മറുവശത്ത് നടക്കുന്നത് അതിലും വലിയ കളി; അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് 76,679 ഏക്കര്‍ ഹാരിസണ് തീറെഴുതിക്കൊടുക്കാനുള്ള നടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു…

സ്ത്രീശാക്തീകരണവും നവോത്ഥാനവുമെല്ലാം പറഞ്ഞുകൊണ്ടുള്ള വനിതാ മതില്‍ വിജയിപ്പിക്കാന്‍ സിപിഎമ്മും സര്‍ക്കാരും സകല പരിപാടികളും നോക്കുമ്പോള്‍ ആരും അറിയാതെ നടക്കാന്‍ പോകുന്നത് അതിലും വലിയ കളി. എട്ടു ജില്ലകളിലായി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശം വച്ചിരുന്ന 76,679 ഏക്കര്‍ തോട്ടംമേഖല പൂര്‍ണമായും കമ്പനിക്ക് പേരില്‍ക്കൂട്ടി നല്‍കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം.

കൊല്ലം ജില്ലയില്‍ ഹാരിസണ്‍സ് വിറ്റ റിയാ എസ്‌റ്റേറ്റ് പേരില്‍ കൂട്ടി നല്‍കാനായിരുന്നു ആദ്യതീരുമാനം. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളും തീറെഴുതാന്‍ അധികൃതര്‍ നടപടി ആരംഭിച്ചതായുള്ള വിവരം അറിയുന്നത്. കൈവശമുള്ള തോട്ടങ്ങളില്‍ ഹാരിസണ്‍സിന് യാതൊരു അധികാരവുമില്ലെന്ന് വ്യക്തമാക്കുന്ന ഒരുഡസനില്‍ പരം കോടതി വിധികളും ആറ് അന്വേഷണ റിപ്പോര്‍ട്ടുകളും നിലനില്‍ക്കുമ്പോഴാണ് നിയമം മറികടന്നുകൊണ്ടുള്ള നീക്കം.

ഹാരിസന്റെ പക്കലുള്ള എല്ലാ ഭൂമിയും സര്‍ക്കാര്‍ വകയാണെന്ന് 2004 ഒക്‌ടോബര്‍ 18 ന് ഹൈക്കോടതി വിധിച്ചിരുന്നു. മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുമ്പോള്‍ സീനിയറേജ് റേറ്റ് ഈടാക്കണമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ ഇക്കാര്യം ആവര്‍ത്തിച്ച് 2005ല്‍ ഹൈക്കോടതി മറ്റൊരു വിധിയും പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹാരിസണ്‍സ് ഭൂമിയെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്താന്‍ കൊല്ലം കലക്ടറെ കോടതി ചുമതലപ്പെടുത്തി. ഭൂമിക്കുമേല്‍ ഹാരിസണ് യാതൊരു അധികാരവും ഇല്ലെന്നും ഒരു കാരണവശാലും പോക്കുവരവ് ചെയ്യുകയോ കരം സ്വീകരിക്കുകയോ ചെയ്യരുതെന്നും വ്യക്തമാക്കി 2006 ഫെബ്രുവരി 22ന് കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് 2006 ഏപ്രില്‍ 21ന് ലാന്‍ഡ് ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു.

കമ്പനിക്കെതിരേ നിരവധി കോടതി വിധികളുണ്ടെന്ന് നിരവധി കേസുകള്‍ ഫയല്‍ചെയ്ത ഐ.എന്‍.ടി.യു.സി. നേതാവ് സി.ആര്‍.നജീബ് പറയുന്നു. 1972ല്‍ 392ാം നമ്പരായുള്ള ജഡ്ജി ബാലകൃഷ്ണന്‍ ഏറാടിയുടെ വിധി, 1987ല്‍ എം.എഫ്.എ നമ്പര്‍:54/1981 ട്രിബ്യൂണല്‍ വിധി, ഒ.എ നമ്പര്‍: 1292/1974 ട്രിബ്യൂണല്‍ വിധി, ഒ.എ നമ്പര്‍ 1292/1974 ട്രിബ്യൂണല്‍ വിധി, 1982ല്‍ സി.ആര്‍.പി നമ്പര്‍: 3661 ആയി വൈത്തിരി ലാന്‍ഡ് ബോര്‍ഡ് വിധി, 2006ല്‍ ഡബഌയു.പി(സി) നമ്പര്‍: 28115, 1982ല്‍ വീണ്ടും വൈത്തിരി ലാന്റ് ബോര്‍ഡ് വിധി അംഗീകരിച്ചുകൊണ്ടുള്ള സി.ആര്‍.പി നമ്പര്‍:3551 നമ്പര്‍ ഹൈക്കോടതി വിധി,

2007 ജനുവരി എട്ടിനും (ഡബഌയു.പി(സി) 789/2007) 2008 ഒക്‌ടോബര്‍ 23നും ഹാരിസണ്‍സ് ഭൂമി പൂര്‍ണമായും സര്‍ക്കാരിന്റേതാണെന്ന് വ്യക്തമാക്കി (ഡബ്ല്യു.പി(സി) 312097/2008) മറ്റൊരു വിധിയും വന്നിട്ടുണ്ട്. കൂടാതെ എല്ലാ ഭൂമിയും സര്‍ക്കാരിന്റെതാണെന്ന് ചൂണ്ടിക്കാട്ടി 2011ല്‍ ഒ.പി(സി) 3508/2011 ആയി അഫിഡവിറ്റ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് ഭൂമിക്കുമേല്‍ സര്‍ക്കാരിന്റെ അവകാശം സ്ഥാപിച്ചുകൊണ്ട് 2015 ജൂലൈ 23ന് കോടതി വിധി വന്നു. ഇത്രയേറെ വിധിയുണ്ടായിട്ടാണ് എല്ലാ ഭൂമിയും പേരില്‍ക്കൂട്ടി നല്‍കുന്നത്. വനിതാമതിലിന്റെ കോലാഹലങ്ങള്‍ കഴിയുമ്പോഴേക്കും മിക്കവാറും സര്‍ക്കാര്‍ ഭൂമിയെല്ലാം എന്നന്നേക്കുമായി ഹാരിസണ് സ്വന്തമായിട്ടുണ്ടാവുമെന്നു ചുരുക്കം.

Related posts