ജപ്പാനിലെ ചിബ സിറ്റി മൃഗശാലയിലെ ‘ഫുത’ എന്ന 23-കാരനായ ചുവന്ന പാണ്ടയെ (Red Panda) ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ചുവന്ന പാണ്ടയായി ഗിന്നസ് റിക്കാർഡ് ഔദ്യോഗികമായി അംഗീകരിച്ചു.
2003 ജൂലൈ 5ന് ജനിച്ച ഫുതയ്ക്ക് നിലവിൽ 23 വയസും 135 ദിവസവും പ്രായമുണ്ട്. സാധാരണയായി ചുവന്ന പാണ്ടകളുടെ ആയുസ് 12 മുതൽ 17 വർഷം വരെയാണ്. യുഎസിലെ ‘ടെയ്ലർ’ എന്ന പാണ്ടയുടെ പേരിലുണ്ടായിരുന്ന 21 വർഷവും 265 ദിവസവും പ്രായമുള്ള റെക്കോർഡാണ് ഫുത ഇപ്പോൾ മറികടന്നിരിക്കുന്നത്.
2005-ൽ പിൻകാലുകളിൽ നിവർന്നുനിൽക്കാനുള്ള പ്രത്യേക കഴിവിലൂടെ ജപ്പാനിലുടനീളം ഫുത തരംഗം സൃഷ്ടിച്ചിരുന്നു. ഈ അപൂർവ്വ ശീലം കാരണം ഒരു ടിൻ ഡ്രിങ്ക് പരസ്യത്തിലും ഫുത ഇടംനേടിയിട്ടുണ്ട്.
ഇടയ്ക്കിടെ ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, മോശം കാലാവസ്ഥയിൽ അകത്തുകഴിയാൻ ഇഷ്ടപ്പെടുന്ന ഫുതയ്ക്ക് നിലവിൽ നല്ല വിശപ്പും ആരോഗ്യവുമുണ്ടെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.
