ഭിന്നശേഷികളുള്ളവര്‍ സഹതാപത്തിന് കാത്തുനില്‍ക്കരുത്; സ്വന്തം കഴിവുകളെ കണ്ടെത്തി ഇച്ഛാശക്തിയോടെ മുന്നേറണമെന്ന് ഗിന്നസ് പക്രു

pakruകൊച്ചി: സാമ്പത്തിക വളര്‍ച്ചയ്‌ക്കൊപ്പം ഹൃദയവിശാലത വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തില്‍ ഇല്ലാത്തതിനാലാണു ഭിന്നശേഷിയുള്ളവരും വയോജനങ്ങളും ഇന്നും അവഗണിക്കാന്‍ കാരണമെന്നു നടന്‍ ഗിന്നസ് പക്രു. സഹതാപത്തിലൂന്നിയ ഇളവുകള്‍ക്കായി കാത്തുനില്‍ക്കാതെ സ്വന്തം കഴിവുകളെ കണ്ടെത്തി ഇച്ഛാശക്തിയോടെ മുന്നേറാനുള്ള ആത്മബലം കൈവരിക്കാന്‍ ഭിന്നശേഷികളുള്ളവര്‍ക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം–അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ തൃക്കാക്കര ഭാരതമാതാ കോളജില്‍ സംഘടിപ്പിച്ചിട്ടുള്ള ഇന്‍ക്ലൂസിവ് കൊച്ചി സഹൃദയ ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ഭിന്നശേഷികളുള്ള കുട്ടികളുടെ സര്‍ഗസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യവസായി വേണു ഗോപാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഓരോ മനുഷ്യനും വ്യത്യസ്ത കഴിവുകളാണുള്ളതെന്ന പ്രപഞ്ചതത്വം അംഗീകരിച്ചാല്‍ ഭിന്നശേഷികളുള്ളവരെയും ആദരിക്കാന്‍ നമുക്കു കഴിയുമെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ബിഷപ് മാര്‍ തോമസ് ചക്യത്ത് അഭിപ്രായപ്പെട്ടു. ഭിന്നശേഷിയുള്ളവരെ അംഗീകരിക്കാന്‍ സമൂഹം തയാറാവണമെന്നും മനോഭാവങ്ങളിലാണു മാറ്റങ്ങളുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര സാംസ്കാരിക കേന്ദ്രം സെക്രട്ടറി ജലീല്‍ താനത്ത്, ഫാ. സിജോ കിരിയാന്തന്‍, ജോസ് തോമസ് എട്ടുപറയില്‍, സിസ്റ്റര്‍ ഡോ. ഷിജി ഫ്രാന്‍സിസ്, സിസ്റ്റര്‍ ജയ റോസ്, റാണി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. കലാ–കായിക മത്സരങ്ങളില്‍ വിവിധ സ്‌പെഷല്‍ സ്കൂളുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. അസിസ്റ്റീവ് ടെക്‌നോളജിയെ സംബന്ധിച്ച പ്രദര്‍ശനവും ഉണ്ടായിരുന്നു.

ഇന്‍ക്ലൂസിവ് കൊച്ചി സഹൃദയ ഫെസ്റ്റിന്റെ സമാപനദിനമായ ഇന്നു രാവിലെ 10ന് സ്‌പെഷല്‍ സ്കൂള്‍ അധ്യാപകരുടെ സംഗമത്തില്‍ പ്രവീണ്‍ ചിറയത്ത് ക്ലാസ് നയിക്കും. സമാപന സമ്മേളനം കൊച്ചി മേയര്‍ സൗമിനി ജയിന്‍ ഉദ്ഘാടനം ചെയ്യും. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു അധ്യക്ഷത വഹിക്കും. അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. മൂന്നിനു കലാപരിപാടികള്‍ നൈപുണ്യ ഡയറക്ടര്‍ ഫാ.സജി കണ്ണാംപറമ്പനും സഹൃദയ മെഗാഷോ സംവിധായകന്‍ അനീഷ് അന്‍വറും യുടെ ഉദ്ഘാടനം ചെയ്യുമെന്നു സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അറിയിച്ചു.

Related posts