മദ്യലഹരിയില്‍ ഭാര്യയെ വെടിവെച്ചു വീഴ്ത്തിയ യുവാവ് അറസ്റ്റില്‍; ബുള്ളറ്റുമായി പ്രാണവേദനയില്‍ യുവതി കഴിഞ്ഞത് ആറുദിവസം; സംഭവം ഒറ്റപ്പാലത്ത്

gun-crimeഒറ്റപ്പാലം: മദ്യലഹരിയില്‍ ഭാര്യയെ വെടിവെച്ചു വീഴ്ത്തിയ സംഭവത്തില്‍ കുറ്റക്കാരനായ ഭര്‍ത്താവ് അറസ്റ്റില്‍.പാലപ്പുറം പല്ലാര്‍മംഗലം പാറതട്ടയില്‍ ജിജുവിനെ (40) ആണ് അറസ്റ്റുചെയ്തത്. ഭാര്യ കൂനത്തറ തേവലശേരി ഔസേപ്പിന്റെ മകള്‍ മേരിക്കുട്ടിയെ (മിനി – 36)യാണ് ഇയാള്‍  കഴിഞ്ഞ  ആഴ്ചയില്‍ വെടിവെച്ചു വീഴ്ത്തിയത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഇവരുടെ ഇടതു തുടയ്ക്കാണ് വെടിയേറ്റത്. എട്ടാം തിയതിയാണ് സംഭവം.

മദ്യപിച്ചുവന്ന ജിജു ഭാര്യയേയും മക്കളേയും അകാരണമായി മര്‍ദിക്കുകയും വിവാഹബന്ധം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനെ എതിര്‍ത്ത മിനിയെ മൃഗീയമായി അക്രമിച്ച് പരിക്കേല്പ്പിക്കുകയും ദേഷ്യം അടങ്ങാതെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയുമാണ് ഉണ്ടായതെന്ന്  ബന്ധുക്കള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ഇവരുടെ അഞ്ചിലും ആറിലും പഠിക്കുന്ന മക്കളും അടുത്തുണ്ടായിരുന്നു. ആദ്യത്തെ വെടിയില്‍ നിന്നും ഒഴിഞ്ഞുമാറിയെങ്കിലും രണ്ടാമത്തെ തവണ ഇവര്‍ക്ക് വെടിയേറ്റു.

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഇവര്‍ കാലില്‍ കുരുവാണെന്നാണ്  ഡോക്ടറോട് ആദ്യംപറഞ്ഞത്. ഡോക്ടര്‍ സംശയം തോന്നിയതിനാല്‍ എക്‌സ്‌റേ എടുത്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.   മുമ്പും ജിജു മേരിക്കുട്ടിയെ മൃഗീയമായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്കിയിട്ടുണ്ട്. മക്കളും ജിജുവിനെതിരെ പോലീസില്‍ മൊഴി നല്കിയിട്ടുണ്ട്. കുട്ടികള്‍ കളിക്കുമ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നാണ് ജിജു ആദ്യം നല്‍കിയ മൊഴി. മേരിക്കുട്ടിയുടെ ബന്ധുക്കളേയും ഇങ്ങനെയാണ് ധരിപ്പിച്ചിരുന്നത്. ഈ വാര്‍ത്ത ദീപികയാണ് ഇന്നലെ പുറത്തുകൊണ്ടുവന്നത്.

ബുള്ളറ്റുമായി പ്രാണവേദനയില്‍ യുവതി കഴിഞ്ഞത് ആറുദിവസം

ഒറ്റപ്പാലം: വെടിയേറ്റ യുവതി ഭര്‍ത്താവിനെ ഭയന്ന് ഇക്കാര്യം പുറത്തറിയിക്കാതെ ബുള്ളറ്റുമായി പ്രാണവേദനയോടെ  കഴിച്ചുകൂട്ടിയത് ആറുദിവസം. പാലപ്പുറം സ്വദേശി ജിജുവിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായ ഭാര്യ മിനിയെന്ന മേരിക്കുട്ടിക്കാണ് കേട്ടുകേള്‍വിയില്ലാത്ത ഈ ദുരനുഭവമുണ്ടായത്.

അസഹ്യമായ വേദനമൂലം എഴുന്നേല്ക്കാനാകാതെ ബോധരഹിതയായ യുവതിയെ ഒടുവില്‍ ഭര്‍ത്താവ് ജിജു തന്നെ വാണിയംകുളത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാലില്‍ കുരുവന്നു പൊട്ടി വ്രണമായെന്നാണ് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞത്. ഓപ്പറേഷന്‍ വഴിയാണ് ബുള്ളറ്റ് പുറത്തെടുത്തത്. ആദ്യതവണ വെടിവച്ചപ്പോള്‍ കൊള്ളാതിരുന്നതിനാല്‍ രണ്ടാമതും അച്്ഛന്‍ അമ്മയെ വെടിവച്ചുവെന്നാണ് മക്കള്‍ പോലീസിനു നല്കിയ മൊഴി.

Related posts