സിഗരറ്റ് വലിച്ചും മദ്യപിച്ചും ഇരുന്നാല്‍ എനിക്ക് ആശ്വാസം ലഭിക്കും, എന്നാല്‍ അവളുടെ അമ്മയോ? ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറയുന്നു

ഹാദിയയെ അഖിലയായി തിരിച്ചുകിട്ടാന്‍ ഏതറ്റം വരെയും താന്‍ പോകുമെന്ന് അച്ഛന്‍ അശോകന്‍. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മകള്‍ക്കായി താന്‍ വീണ്ടും പൊരുതുമെന്ന് ഹാദിയയുടെ അച്ഛന്‍ പറഞ്ഞത്. സിഗരറ്റ് വലിച്ചും മദ്യപിച്ചും ഇരുന്നാല്‍ എനിക്ക് ആശ്വാസം ലഭിക്കും. എന്നാല്‍ അവളുടെ അമ്മയായ പോന്നമ്മയോ? രാവിലെ വീട്ടുസാധനങ്ങള്‍ വാങ്ങാനെന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങും എന്നാല്‍ എനിക്കറിയാം അവള്‍ വൈക്കത്തപ്പന്റെ മുന്നില്‍ കരഞ്ഞു സങ്കടം പറയാന്‍ പോയതാണെന്ന്. അതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍ അവള്‍ക്ക് കഴിയും. അശോകന്‍ ചോദിക്കുന്നു.

ഞങ്ങളുടെ വിവാഹ സമയത്ത് ഒരു കുട്ടി മതിയെന്ന് തീരുമാനിച്ചിരുന്നു. അത് പെണ്‍ കുട്ടിയായാലും ആണ്‍ കുട്ടിയായാലും. ഞങ്ങളുടെ സര്‍വ്വവും കൊടുത്ത് ആ കുഞ്ഞിനെ വളര്‍ത്തുക എന്നതായിരുന്നു തീരുമാനം. അവള്‍ക്കുവേണ്ടി എല്ലാം ചെയ്തു. അങ്ങനെയുള്ള ഞങ്ങള്‍ക്ക് ഈ യുദ്ധം ഇടയ്ക്കു വച്ച് നിര്‍ത്താന്‍ സാധിക്കുമോ? തീവ്രവാദിയായ ഷെഫിന്‍ ജഹാനെ ഞങ്ങളുടെ മകള്‍ വിവാഹം കഴിച്ചു എന്നത് ഞങ്ങള്‍ക്കിനിയും വിശ്വസിക്കാനായിട്ടില്ല. മകളെ തിരിച്ചുകിട്ടുന്നതിനായി എന്റെ സമ്പാദ്യം മുഴുവനും ചെലവഴിക്കാനും ഞാനൊരുക്കമാണ്. അശോകന്‍ പറയുന്നു. കോളജില്‍ പോയി പഠനം തുടരാന്‍ കോടതി ആവശ്യപ്പെട്ട സമയത്ത് അവള്‍ക്ക് ആവശ്യത്തിന് വസ്ത്രം പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് പോകുന്നതിന് മുമ്പായി അവള്‍ക്ക് 6000 രൂപയും കൊടുത്താണ് വിട്ടതെന്നും അശോകന്‍ പറഞ്ഞു.

കഴിഞ്ഞ മെയ് 24 ന് അഖിലയെ കോടതി തങ്ങളുടെ കൂട്ടത്തില്‍ വിട്ടതുമുതല്‍ താന്‍ ഉറങ്ങിയിട്ടില്ലെന്ന് ഹാദിയയുടെ അമ്മയും പറഞ്ഞു. രാത്രി ഇടയ്ക്കിടെ ഉണര്‍ന്ന് അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കുമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങളുടെ മകളെ തിരിച്ചുകിട്ടണമെന്നത് മാത്രമാണ് എന്റെ പ്രാര്‍ത്ഥന. മുസ്ലീമായാല്‍ പണക്കാരിയാകാമെന്ന് അവള്‍ തെറ്റിദ്ധരിച്ചിരുന്നു. പല ദൈവത്തെ ആരാധിച്ചാല്‍ അമ്മ നരകത്തില്‍ പോകുമെന്ന് അവള്‍ പലപ്പോഴും എന്നോട് പറഞ്ഞിരുന്നു.

ഞങ്ങളുടെ മകളെ ഞങ്ങളില്‍ നിന്ന് വേര്‍പെടുത്തിയത് മഹത്തായ കാര്യമാണെന്നാണ് ചിലര്‍ ധരിച്ചുവച്ചിരിക്കുന്നത്. സ്വന്തം മാതാപിതാക്കളില്‍ നിന്ന് മകളെ മാറ്റിക്കൊണ്ടുപോവുന്നതാണോ മഹത്തായ കാര്യം. മുസ്ലിം മതത്തില്‍ നിന്ന് ഒരു കുട്ടിയെ ഹിന്ദു മതത്തിലേയ്ക്ക് മാറ്റിയാല്‍ അവര്‍ എങ്ങനെയാവും പ്രതികരിക്കുക. പോലീസുകാരോടുപോലും ചിരിച്ച് സംസാരിക്കുന്ന ഞങ്ങളുടെ മകള്‍ ഞങ്ങളുടെ മുഖത്തേയ്ക്കുപോലും നോക്കാറുണ്ടായിരുന്നില്ല. എല്ലാം മതം മാറ്റത്തിനുശേഷമായിരുന്നു. എങ്കില്‍പ്പോലും ഞങ്ങള്‍ അവളോട് മോശമായി ഒന്നും പെരുമാറിയിരുന്നില്ല. ഹാദിയയുടെ അമ്മ പറയുന്നു.

Related posts