ഇടിയുടെ ആഘാതത്തില്‍ ഹനാന്‍ സീറ്റില്‍നിന്നു മുകളിലേക്കു തെറിച്ചു! സീറ്റ് പിന്നിലേക്ക് ചെരിച്ചിട്ടിരുന്നതിനാല്‍ സീറ്റ് ബെല്‍റ്റ് ലൂസായിരുന്നു; അന്നത്തെ അപകടത്തെക്കുറിച്ച് ഹനാന്റെ ഡ്രൈവര്‍ പറയുന്നു

മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത ഒരു ജീവിതമാണ് ഹനാന്‍ എന്ന പെണ്‍കുട്ടിയുടേത്. ജീവിതത്തിന്റെ വിവിധ പ്രതിസന്ധികളെ നേരിട്ടുകൊണ്ട് മുന്നേറുന്നതിനിടെയാണ് അവള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നതും പ്രശസ്തയാവുന്നതും.

എന്നാല്‍ പുകഴ്ത്താന്‍ മുന്നിട്ടിറങ്ങിയ അതേ മലയാളികള്‍ സത്യാവസ്ഥകള്‍ മനസിലാക്കാതെ അവളെ തട്ടിപ്പുകാരിയാക്കി. വീണ്ടും സത്യാവസ്ഥ വ്യക്തമാക്കിയതോടെ അവളെ വീണ്ടും മലയാളികള്‍ ഏറ്റെടുത്തു. അതിനുംശേഷമായിരുന്നു ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന രീതിയില്‍ വാഹനാപകടം ഹനാനെ തേടിയെത്തിയത്.

നട്ടെല്ലിന് പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഹനാനൊപ്പം കേരളത്തിന്റെ പ്രാര്‍ത്ഥനകളുമുണ്ട്. പക്ഷേ നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന ഹനാനെ നോക്കാന്‍ വീട്ടില്‍ നിന്ന് ആരും വരാനില്ലെന്നതാണ് സങ്കടം. അന്നു നടന്ന അപകടത്തെക്കുറിച്ച് കാറിന്റെ ഡ്രൈവറായ ജിതേഷ് ഒരു മാധ്യമത്തോട് വിവരിക്കുകയുണ്ടായി. അതിങ്ങനെ…

അപകടം നടന്നതിന്റെ തലേന്നു കോഴിക്കോട് ചില ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പോയതാണ്. ഒരു സ്വര്‍ണ്ണക്കട, ജിംനേഷ്യം, ബ്യൂട്ടി പാര്‍ലര്‍ എന്നിങ്ങനെ മൂന്നു സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ഹനാന്‍ അന്ന് പങ്കെടുത്തു. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലിന്റെ മുന്നില്‍ നിന്നുമാണ് ഹനാന്‍ വണ്ടിയില്‍ കയറിയത്. അവിടെ തിരിച്ചെത്തിക്കാനാണ് പറഞ്ഞിരുന്നത്.

ഉദ്ഘാടനശേഷം ഞങ്ങള്‍ തിരിച്ചു പുറപ്പെട്ടപ്പോള്‍ നേരം ഇരുട്ടിയിരുന്നു. ഹനാന്റെ സുഹൃത്തിന്റെ കാറായിരുന്നു. മുന്‍പരിചയം ഉണ്ടായിരുന്നതിനാലാണു കാറോടിക്കാന്‍ എന്നെ വിളിച്ചത്. ഏകദേശം പുലര്‍ച്ചെ ആറരയോടെ കാര്‍ കൊടുങ്ങല്ലൂരില്‍ എത്തി. ഹനാന്‍ കാറിന്റെ സീറ്റ് പിന്നിലേക്ക് ചെരിച്ചിട്ട് ഉറങ്ങുകയായിരുന്നു. സീറ്റ് പിന്നിലേക്കു ചെരിച്ചിട്ടതിനാല്‍ സീറ്റ്‌ബെല്‍റ്റ് അല്‍പം ലൂസ് ആയിരുന്നു. അപ്രതീക്ഷിതമായി ഒരാള്‍ കാറിന്റെ മുന്നില്‍ വട്ടം ചാടി.

അയാളെ രക്ഷിക്കുന്നതിനു വേണ്ടി വാഹനം എതിര്‍ദിശയിലേക്കു പെട്ടന്നു വെട്ടിച്ചു. ഇതോടെ കാറിന്റെ ഒരു ടയര്‍ റോഡില്‍നിന്നു താഴേക്കു തെന്നിമാറി. കാര്‍ മുന്നോട്ട് എടുക്കാന്‍ നോക്കിയപ്പോള്‍ നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹനാന്‍ സീറ്റില്‍നിന്നു മുകളിലേക്കു തെറിച്ചു.

തിരിച്ചു വന്നു വീണപ്പോള്‍ നടു ഹാന്‍ഡ് ബ്രെക്കിലോ ഡോറിന്റെ പിടിയിലോ ഇടിച്ചു. ഞാന്‍ എങ്ങനെയോ പുറത്തിറങ്ങി. ഹനാന് ബോധം ഉണ്ടായിരുന്നു. എന്നാല്‍ കാലുകള്‍ അനക്കാന്‍ സാധിക്കുന്നില്ല എന്നു പറഞ്ഞു. അതിലൂടെ കടന്നു പോയ ആംബുലന്‍സില്‍ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു എത്തിച്ചു.

എക്‌സറേ എടുത്തപ്പോള്‍ നട്ടെല്ലിനു പൊട്ടലുണ്ടെന്ന് അറിഞ്ഞു. പിന്നീട് മെഡിക്കല്‍ ട്രസ്റ്റിലേക്കു മാറ്റി. ഹനാന്റെ വീട്ടില്‍നിന്ന് ആരും വരാനില്ല. ഹനാന്‍ പഠിച്ച കോളജിലെ ചെയര്‍മാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഞാന്‍ എപ്പോഴും കൂടെയുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞു. ഐസിയുവില്‍ തന്നെയാണ് ഇപ്പോഴും. ഉടന്‍ റൂമിലേക്കു മാറ്റുമെന്നു പറഞ്ഞിട്ടുണ്ട്.

 

Related posts