രമണന്‍ ഡാ…! തോപ്പില്‍ ജോപ്പനില്‍ ബ്രോക്കറായി ഹരിശ്രീ അശോകന്‍; പുതിയ നമ്പറുകള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

വി.ശ്രീകാന്ത്    
Hari1
അതായത് രമണാ..’ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ചന്നം പിന്നം പെയ്തിറങ്ങുകയാണ്. കിട്ടിയവര്‍ കിട്ടിയവര്‍ ഫോണിലൂടെ ഫോര്‍വേഡ് ചെയ്യാനുള്ള തിരക്കിലും. കറങ്ങി തിരിഞ്ഞുവന്ന ഇത്തരം ട്രോളുകള്‍ ഒടുവില്‍ വെള്ളിത്തിരയില്‍ പഞ്ചാബി ഹൗസിലൂടെ രമണന് ജീവന്‍ നല്കിയ ഹരിശ്രീ അശോകന്റെ ഫോണിലും എത്തി. ഇതൊക്കെ കണ്ട് സന്തോഷിച്ചിരിക്കെയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന തോപ്പില്‍ ജോപ്പനിലെ കഥാപാത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഹരിശ്രീ അശോകന്‍

രാഷ്ട്രദീപികയോട് പങ്കുവച്ചത്.
“”വിശേഷങ്ങളൊക്കെ പറയാം പക്ഷേ ഈ കോള്‍ ഞാന്‍ റെക്കോഡ് ചെയ്യും കേട്ടോ”… ബിഗ് സ്ക്രീനില്‍ ഒത്തിരി തവണ കുടുകുടാ ചിരിപ്പിച്ചിട്ടുള്ളയാളുടെ ഗൗരവമുള്ള മറുപടി കേട്ട് സംഭവം സീരിയസ് ആയാണോ തമാശയായാണോ പറഞ്ഞതെന്നോര്‍ത്ത് ശങ്കിച്ചുനില്‍ക്കേ തോപ്പില്‍ ജോപ്പനിലെ ബ്രോക്കര്‍ പൗലോസ് എന്ന കഥാപാത്രത്തെ കുറിച്ച് ഗൗരവം വെടിഞ്ഞ് അദ്ദേഹം വാചാലനായി.

തോപ്പില്‍ ജോപ്പന്‍

“”ചിത്രത്തില്‍ മമ്മൂട്ടിചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന കഥപാത്രത്തെ പെണ്ണ്‌കെട്ടിക്കാനായി നടക്കുന്ന ബ്രോക്കറുടെ വേഷത്തിലാണ് ഞാന്‍ എത്തുന്നത്. പൗലോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള നര്‍മമാണ് ചിത്രത്തിലുള്ളത് അതുകൊണ്ട് തന്നെ മലയാളികള്‍ നല്ലപോലെ രസിക്കുമെന്നുറപ്പാണ്. സത്യസന്ധമായ കഥയാണ് തോപ്പില്‍ ജോപ്പനിലേത്.നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള ചിത്രം. തോപ്പില്‍ ജോപ്പനെ പെണ്ണ് കെട്ടിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട് ഒപ്പം ബ്രോക്കര്‍ പൗലോസും. ഒന്നുറപ്പുപറയാം തോപ്പില്‍ ജോപ്പന്‍ പുതിയ ഒരു കാഴ്ചാനുഭവമാകും.”

മമ്മൂട്ടിയോടൊപ്പം വീണ്ടും

Hari2

“”അന്നും ഇന്നും എന്നും മമ്മൂട്ടിയെനിക്ക് പിന്തുണ തന്നിട്ടേയുള്ളു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒപ്പമുള്ള വേഷങ്ങള്‍ എനിക്കെന്നും പ്രിയപ്പെട്ടതാണ്. വളരെ എക്‌സ്പീരിയന്‍

സുള്ള ആളാണ് മമ്മൂട്ടി. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ കിട്ടുന്ന ഒരു പോസിറ്റീവ് ഫീല്‍ അത് പണ്ടുള്ളതുപോലെ തന്നെ ഇപ്പോഴും കിട്ടുന്നുണ്ട്. ഒാരോ രംഗം നല്ലതാകുന്നത് ഇത്തരത്തിലുള്ള കെമിസ്ട്രി കൂടി ചേരുമ്പോള്‍ അല്ലേ. ഷൂട്ടിംഗ് സെറ്റില്‍ ഒരാള്‍ എത്തിയില്ലെങ്കില്‍ അവന്‍ എവിടെ പോയി ഒന്നും പറഞ്ഞില്ലല്ലോ… എന്തുപറ്റി ആള്‍ക്ക്… എന്നൊക്കെ തിരക്കും. ഇങ്ങനെ ലൊക്കേഷനിലെ ഓരോ കാര്യങ്ങളും കൃത്യമായി വീക്ഷിക്കുന്ന ആളുകൂടിയാണ് മമ്മൂട്ടി.അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ കിട്ടുന്ന കംഫര്‍ട്ട് സോണിനെപ്പറ്റി പറയേണ്ട കാര്യമില്ലല്ലോ.”

ലൊക്കേഷന്‍ വിശേഷങ്ങള്‍

“”പഞ്ചാബി ഹൗസിലെ ലൊക്കേഷനിലുണ്ടായിരുന്ന അതേ സ്വാതന്ത്ര്യമാണ് എനിക്ക് തോപ്പില്‍ ജോപ്പനിലെ ലൊക്കേഷനില്‍ നിന്നു കിട്ടിയത്. ഒരു ടെന്‍ഷനുമില്ലാണ്ട് കൂളായിട്ട് അഭിനയിക്കാന്‍ പറ്റി. ഇത് എന്റെ മാത്രം കാര്യമല്ല കേട്ടോ.. ഈ സിനിമയിലുള്ള ഓരോരുത്തര്‍ക്കും അങ്ങനെ തന്നെയാവും അനുഭവപ്പെട്ടിട്ടുണ്ടാവുക. പറയേണ്ടത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ കാര്യമാണ്. ലൊക്കേഷനിലെ ഒരു കാര്യത്തിനും തടസമുണ്ടാകാതെ ഫുള്‍ കണ്‍ട്രോള്‍ ചെയ്തത് അദ്ദേഹമാണ്.”

ജോണി ആന്റണി

സിഐഡി മൂസ മുതല്‍ ഇങ്ങോട്ട് ജോണി ആന്റണിയുടെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യം തോപ്പില്‍ ജോപ്പന്റെ ലൊക്കേഷനിലും കിട്ടി. കുഞ്ഞ് കുട്ടികളുടെ മനസാണ് അദ്ദേഹത്തിന്. ചിരിച്ചും കളിച്ചും ഉഷാറായിട്ടാണ് അദ്ദേഹം ലൊക്കേഷനില്‍ പോസിറ്റീവ് മൂഡ് ഉണ്ടാക്കിയെടുക്കുന്നത്. നമ്മള്‍ക്ക് എന്ത് സംശയമുണ്ടേലും ചോദിക്കാം. മെക്കാനിക്കലായിട്ടുള്ള രംഗങ്ങള്‍ ഒന്നും തന്നെ ഈ ചിത്രത്തിലുണ്ടാവില്ല. സാഹചര്യങ്ങളോടൊത്ത് നര്‍മം വേണ്ടവിധത്തില്‍ ഇണക്കിച്ചേര്‍ത്താണ് കഥ പറഞ്ഞുപോകുന്നത്. ജീവനുള്ള തമാശ രംഗങ്ങളേ ഈ ചിത്രത്തില്‍ കാണാന്‍ പറ്റൂ. ജോണി ആന്റണിയുടെ മറ്റു ചിത്രങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ ചിത്രമായിരിക്കും തോപ്പില്‍ ജോപ്പന്‍. ആ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

രമണന്‍ ട്രോളുകള്‍

Hari3

“”1998-ല്‍ ഇറങ്ങിയ ചിത്രമാണ് പഞ്ചാബി ഹൗസ്. അതിലെ രമണന്‍ എന്ന കഥാപാത്രം എനിക്ക് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിത്തന്ന സ്ഥാനം വലുതാണ്. റാഫി മെക്കാര്‍ട്ടിന്‍ ടീമിനോടാണ് അതിന് നന്ദി പറയേണ്ടത്. അവര്‍ എഴുതിയ തിരക്കഥയിലെ രംഗം ഞാന്‍ അഭിനയിച്ചു എന്നു മാത്രം. അത്രയേറെ ചിരിപ്പിക്കുന്ന കഥാപാത്രമായിരിക്കും രമണനെന്ന് അവര്‍ക്ക് നേരത്തെ നിശ്ചയം ഉണ്ടായിരുന്നു. 2016 ലും ആ കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നിട്ടില്ലായെന്നു പറയുന്നത് സന്തോഷം ഉള്ള വാര്‍ത്തയാണ്. ഈ ട്രോളുകളെല്ലാം വന്നപ്പോള്‍ ഒരുപാട് കോള്‍ വന്നിരുന്നു. അന്ന് നിങ്ങള്‍ ഈ വേഷം ഗംഭീരമാക്കിയത് കൊണ്ടാണ് ഇന്നും ആ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ നില്‍ക്കുന്നതെന്നാണ് മിക്കവരും ഒരേ സ്വരത്തില്‍ പറഞ്ഞത്. ട്രോളുകളില്‍ പലതും എന്റെ ഫോണിലും മെസേജായി എത്തി. അയച്ചവരോടെല്ലാം താങ്ക്‌യു എന്നു പറഞ്ഞ് തിരിച്ചും മെസേജ് അയച്ചു. ഈ കഥാപാത്രം എന്നും പ്രേക്ഷകരുടെ മനസില്‍ നിലനില്‍ക്കും അക്കാര്യത്തില്‍ സംശയമില്ല. രമണനെ അത്രയേറെ അവര്‍ക്ക് ഇഷ്ടമാണ്.”

തെരഞ്ഞെടുപ്പില്‍ കര്‍ക്കശക്കാരനായി

എന്നെ തേടിയെത്തുന്ന എല്ലാ ചിത്രങ്ങളും ഇപ്പോള്‍ കമ്മിറ്റ് ചെയ്യാറില്ല. സെലക്ടീവായി എന്നു തന്നെ പറയാം. ഒരു കഥ കേള്‍ക്കുമ്പോള്‍ തന്നെ അറിയാം അത് എങ്ങനെയുള്ള ചിത്രമായിരിക്കുമെന്ന്. എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ മാത്രമേ സ്വീകിരക്കൂവെന്ന് തീരുമാനമെടുത്തതു കൊണ്ടാണ് അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണം കുറഞ്ഞത്. പിന്നെ സിനിമ കൂടാതെ സ്റ്റേജ് ഷോയും നടത്തുന്നുണ്ട്. മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഷോയാണ്. ഇതിനോടകം വിദേശത്തടക്കം നിരവധി ഷോ ഞങ്ങളുടെ ടീം ചെയ്തു കഴിഞ്ഞു.

നല്ല സ്വീകാര്യതയാണ് ഷോയ്ക്ക് കിട്ടി വരുന്നത്. അതിന്റെ തിരക്ക് കൂടിയായപ്പോള്‍ സിനിമ കുറയ്ക്കാന്‍ തീരുമാനിച്ചു. ഇനിയങ്ങോട്ട് അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ തേടിയെത്തിയാല്‍ തീര്‍ച്ചയായും അഭിനയിക്കും. അതിനായി കാത്തിരിക്കാനും ഞാന്‍ തയാറാണ്. പച്ചയായ ജീവിത കഥയാണ് തോപ്പില്‍ ജോപ്പന്റേത്. ചിത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതോടൊപ്പം എന്റെ കഥാപാത്രവും അവര്‍ക്ക് സ്വീകാര്യമാകുമെന്നാണ് വിശ്വസിക്കുന്നത്.

വിശേഷങ്ങള്‍ പറഞ്ഞു തീര്‍ന്നപ്പോള്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ഗൗരവം വീണ്ടും അദ്ദേഹത്തിലേക്ക് തിരിച്ചെത്തി. ‘വീണ്ടും ചിരിച്ചുകൊണ്ട് ഹരിശ്രീ അശോകന്‍ ഒന്നു മൂളി. അതിന്റെ അര്‍ഥം ഒരു പക്ഷേ ഇങ്ങനെയായിരിക്കാം..അതായത് രമണാ ഞാനിതൊക്കെ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്..വേണ്ടാ….വേണ്ടാ…വിവാദമാക്കണ്ടാ…!!

Related posts