ധാക്ക: മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കു വധശിക്ഷ വിധിച്ച കോടതി വിധിക്കു പിന്നാലെ ബംഗ്ലാദേശ് ശാന്തം. ഹസീനയുടെ അവാമി ലീഗ് പാർട്ടി ഇന്നലെ പ്രഖ്യാപിച്ച ബന്ദിൽ അക്രമസംഭവങ്ങളുണ്ടായില്ല. ബംഗ്ലാദേശിലുടനീളം വൻതോതിൽ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു.
അതേസമയം ,അക്രമം ഭയന്ന് ജനം പുറത്തിറങ്ങാൻ മടിച്ചു. ധാക്ക അടക്കം പ്രധാന നഗരങ്ങളിലെ നിരത്തുകളിൽ വളരെക്കുറച്ച് വാഹനങ്ങളേ പ്രത്യക്ഷപ്പെട്ടുള്ളൂ. സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കാലിയായിരുന്നു.
സായുധ പോലീസ്, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ, പാരാമിലിട്ടറി എന്നീ സുരക്ഷാ വിഭാഗങ്ങൾ രാജ്യത്തുടനീളം നിലയുറപ്പിച്ചിരുന്നു. സർക്കാർ ഓഫീസുകൾക്കു പ്രത്യേക സുരക്ഷ നല്കി.
ഇന്നു മുതൽ മൂന്നു ദിവസത്തേക്കു രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾക്ക് അവാമി ലീഗ് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സർക്കാർവിരുദ്ധ കലാപം അടിച്ചമർത്തിയ കേസിലാണു ധാക്കയിലെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ തിങ്കളാഴ്ച ഷേഖ് ഹസീനയ്ക്കു വധശിക്ഷ വിധിച്ചത്.
ബംഗ്ലാദേശ് സ്ഥാപിതമായ 1971ലെ വിമോചനയുദ്ധത്തിൽ കുറ്റകൃത്യങ്ങൾ നടത്തിയവരെ വിചാരണ ചെയ്യാൻ ഹസീന 2010ൽ സ്ഥാപിച്ച പ്രത്യേക കോടതിയാണിത്. ഹസീനയുടെ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്മാൻ ഖാൻ കമാലിനും വധശിക്ഷ ലഭിച്ചു.
ബംഗ്ലാദേശ് സ്ഥാപകൻ ഷേഖ് മുജിബുർ റഹ്മാന്റെ പുത്രിയായ ഹസീന സർക്കാർവിരുദ്ധ കലാപത്തിനൊടുവിൽ ജീവനുംകൊണ്ട് ഇന്ത്യയിലേക്കു പലായനം ചെയ്യുകയായിരുന്നു.
തിങ്കളാഴ്ചത്തെ കോടതിവിധിക്കു പിന്നാലെ ഹസീനാ വിരുദ്ധർ ഷേഖ് മുജിബുർ റഹ്മാന്റെ ധാക്കയിലെ മുൻവസതി നശിപ്പിക്കാൻ ശ്രമിച്ചു. മ്യൂസിയമായി പ്രവർത്തിച്ചിരുന്ന വസതി ഈ വർഷം ഫെബ്രുവരിയിൽ പ്രതിഷേധക്കാർ ഭാഗികമായി നശിപ്പിച്ചിരുന്നു. അവശേഷിക്കുന്ന ഭാഗം കൂടി തിങ്കളാഴ്ച നശിപ്പിക്കാൻ ശ്രമിച്ചവരെ ലാത്തി വീശിയും കണ്ണീർവാതകം പ്രയോഗിച്ചും തുരത്തി.
ഹസീനയുടെ പ്രസ്താവനകൾപ്രസിദ്ധീകരിക്കരുത്
ഷേഖ് ഹസീനയുടെ പ്രസ്താവനകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് വിലക്കി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഉത്തരവിറക്കി. ക്രമസാധാനം തകരാമെന്ന ആശങ്കയിലാണു നടപടി.

