ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ മാസം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായയാൾ മരിച്ചു.
എറണാകുളം പുത്തൻകുരിശ്, വരിക്കോലി സ്വദേശി എം.എം. മാത്യു (57) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി ബ്ലോക്കിലെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നവരെ കിടത്തുന്ന ഐസിയുവിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം.
മാറ്റിവച്ച ഹൃദയം മാത്യുവിന്റെ ശരീരവുമായി യോജിക്കാതിരുന്നതാണ് മരണ കാരണമെന്ന് അവയ മാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വ നൽകിയ കേന്ദ്രങ്ങൾ അറിയിച്ചു. മാറ്റിവച്ച ഹൃദയം യോജിക്കാതെ വരുന്നത് പരിഹരിക്കാൻ എല്ലാ ചികിത്സയും മാത്യുവിന് നൽകിരുന്നു.
ഹൃദയം എടുത്തയാളുമായി മാത്യുവിനുള്ള പ്രായ വ്യത്യാസവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണത്തിന് കീഴടങ്ങിയ തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് എ.ആർ അനീഷിന്റെ ശ്വാസകോശം, വൃക്ക, ഹൃദയം എന്നീ അവയവങ്ങളാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മൂന്നു പേർക്ക് മാറ്റിവച്ചത്.
അവയവ മാറ്റത്തിന് വിധേയമായ രണ്ട് പേരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നത്.

