രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍! ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; ജാഗ്രതാ നിര്‍ദേശം നല്‍കി ദുരന്തനിവാരണ സേന

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം കാലവര്‍ഷം വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് മിക്കയിടത്തും ഇടവിട്ട് മഴ ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ ചൊവ്വാഴ്ച വീണ്ടും മഴ സജീവമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റും അറിയിച്ചു. ദിവസങ്ങളില്‍ സംസ്ഥാനത്ത് വേലിയേറ്റത്തിന് സാധ്യതകള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്നു മണി വരെ വേലിയേറ്റ സമയത്ത് ഇന്ത്യന്‍ തീരത്ത് ശക്തമായ തിരമാലയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ സമയങ്ങളില്‍ തീരപ്രദേശത്തു കടല്‍വെള്ളം അകത്തേക്കു കയറി വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആഴക്കടല്‍ മല്‍സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയുടെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റെഡ് അലര്‍ട്ട് നീട്ടിയിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലെ റെഡ് അലര്‍ട്ട് ഈ മാസം 14 വരെയാണ് നീട്ടിയിരിക്കുന്നത്.

വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 13 വരെ റെഡ് അലര്‍ട്ടും, ആഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചതായി അറിയിച്ചു.

വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഷട്ടറുകള്‍ 90 സെ.മീറ്ററില്‍ 120 സെ.മീ ആയാണ് ഉയര്‍ത്തിയത്. 150 സെ.മീറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാലു ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. 77 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താന്‍ കെഎസ്ഇബി നിര്‍ബന്ധിതമായിരിക്കുന്നത്. ഇതേ തുടര്‍ന്ന് പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. വയനാട്ടില്‍ കനത്ത ഉരുള്‍പൊട്ടലില്‍ 25 ഏക്കറിലെ കൃഷി നശിച്ചു.

Related posts