കൊച്ചി: ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലിൽ 1,526 കോടി രൂപ വില വരുന്ന 218 കിലോ ഹെറോയിൻ പിടികൂടിയ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുമെന്നു സൂചന.
കേസിൽ അറസ്റ്റിലായ 20 പ്രതികളെയും റവന്യൂ ഇന്റലിജൻസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി ഇന്ന് മട്ടാഞ്ചേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. പ്രതികളെ കന്യാകുമാരിയിലടക്കം കൊണ്ടുപോയി തെളിവെടുക്കാനാണ് നീക്കം.
പ്രതികളുടെ പാക്ക് ബന്ധവും അന്വേഷിക്കും
അതേസമയം കേസിലെ പ്രതികൾക്ക് പാകിസ്ഥാൻ ബന്ധം സ്ഥിരീകരിച്ച് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇൻറലിജൻസ് (ഡിആർഐ) കോടതിയിൽ റിമാൻഡ് റിപ്പോർട്ട് നൽകിയതായാണ് വിവരം.
തമിഴ്നാട് സ്വദേശികളായ കേസിൽ ഉൾപ്പെട്ടിട്ടുള്ള നാലു പ്രതികൾ പാകിസ്ഥാൻ ശൃംഖലയുടെ ഭാഗമാണെന്നാണ് കണ്ടെത്തൽ. ഇവർ പാകിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ അംഗങ്ങളാണ്.
ഇവരിൽ നിന്നു പിടികൂടിയ ഓരോ കിലോ വീതമുള്ള ഹെറോയിൻ പായ്ക്കറ്റുകളിൽ പാകിസ്ഥാനിലെ സ്ഥാപനത്തിന്റെ മേൽവിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ചും അ്ന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മീൻ പിടുത്തക്കാരെന്ന് പ്രതികൾ
കഴിഞ്ഞ ദിവസം ഡിആർഐയും കോസ്റ്റ് ഗാർഡും സംയുക്ത പരിശോധനയിൽ പിടികൂടിയവരിൽ രണ്ടു പേർ തിരുവനന്തപുരം സ്വദേശികളാണ്.
ബോട്ടിൽ ജോലിക്കെത്തിയതാണെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. അതേസമയം മീൻ പിടിക്കാൻ പോയതാണെന്നും ലഹരിമരുന്നിനെക്കുറിച്ച് അറിയില്ലെന്നുമാണ് മറ്റ് പ്രതികൾ ഡിആർഐക്ക് നൽകിയ മൊഴി.
എന്നാൽ മീൻപിടിത്തതിനു വേണ്ട ഉപകരണങ്ങളൊന്നും ബോട്ടിലുണ്ടായിരുന്നില്ലെന്നും പ്രതികളിൽ മുഴുവൻ പേരും ലഹരിക്കടത്ത് സംഘത്തിൽപ്പെട്ടവരാണെന്നുമാണ് ഡിആർഐ കോടതിയെ അറിയിച്ചിട്ടുളളത്.
കേസിൽ ഉൾപ്പെട്ട 20 പേരെയും കഴിഞ്ഞ ദിവസം കൊച്ചി തോപ്പുംപടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
ഓപ്പറേഷൻ ഖോജ്ബീൻ
പുറംകടലിൽ വൻതോതിൽ ലഹരിമരുന്ന് കൈമാറ്റം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐയും തീരസംരക്ഷണ സേനയും സംയുക്തമായി ഓപ്പറേഷൻ ഖോജ്ബീൻ എന്ന പേരിൽ കഴിഞ്ഞ ഏഴ് മുതൽ കോസ്റ്റ് ഗാർഡിന്റെ സുജീത് എന്ന ബോട്ടിൽ തിരച്ചിൽ നടത്തി വരികയായിരുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ 18ന് ലക്ഷദ്വീപ് ദ്വീപിനു സമീപത്തുവച്ച് പ്രിൻസ്, ലിറ്റിൽ ജീസസ് എന്നീ രണ്ട് ഇന്ത്യൻ ബോട്ടുകൾ ഐസിജിയുടെയും ഡിആർഐയുടെയും ഉദ്യോഗസ്ഥർ തടഞ്ഞത്.
ചോദ്യം ചെയ്യലിൽ ഹെറോയിൻ ബോട്ടുകളിൽ ഒളിപ്പിച്ചിട്ടുള്ളതായി ബോട്ടിലെ ജീവനക്കാരിൽ ചിലർ സമ്മതിച്ചു. ഇതോടെയാണ് തുടർനടപടികൾക്കായി രണ്ടു ബോട്ടുകളും ഇതിൽ ഉൾപ്പെട്ടവരെയും 21ന് കൊച്ചിയിലുള്ള തീരസംരക്ഷണ സേനയുടെ ആസ്ഥാനത്തെത്തിച്ചത്.