ശശീന്ദ്രനെ കുടുക്കിയ സ്ത്രീ ഇതോ? ഹണിട്രാപ്പുകാരി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ ചിത്രം; യുവതിയുടെ സഹോദരന്റെ പരാതിയില്‍ പോലീസ് കേസെടുത്തു

mlp_lady_290317മലപ്പുറം: മന്ത്രി എ.കെ.ശശീന്ദ്രന്‍റെ രാജിക്ക് കാരണമായ ഫോൺ സംഭാഷണത്തിലെ സ്ത്രീയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ശശീന്ദ്രനെ കുടുക്കിയ സ്ത്രീയെന്ന പേരിലാണ് ഒരു പെൺകുട്ടിയുടെ ചിത്രം പ്രചരിക്കുന്നത്. മന്ത്രിയായിരിക്കേ ശശീന്ദ്രൻ ഏതോ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രം വ്യാജമായി പ്രചരിപ്പിച്ചാണ് പെൺകുട്ടിയെ അപമാനിക്കുന്നത്. പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തിരൂരങ്ങാടി മേഖലയിലെ ഒരു സ്കൂളിന്‍റെ കെട്ടിട ഉദ്ഘാടനചടങ്ങിൽ നാടമുറിക്കുന്നതിനിടെ താലമേന്തിനിൽക്കുന്ന പെണ്‍കുട്ടിയെ കത്രികയുമായി ശശീന്ദ്രന്‍റെ അടുത്തുനിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ അപമാനകരമായ രീതിയിൽ വ്യാപകമായി പ്രചരിപ്പിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബർ സെല്ലുമായി സഹകരിച്ചാണ് അന്വേഷണം ശക്തമാക്കിയത്. ചിത്രം പുറത്തുവിട്ടതിന്‍റെ ഉറവിടം അന്വേഷിക്കുമെന്നും ചിത്രം അപകീർത്തിപരമായി പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

പൊതുപരിപാടിയിലെ ചിത്രം മനപൂർവം പെണ്‍കുട്ടിയെ അപമാനിക്കാൻ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് പെണ്‍കുട്ടിയുടെ സഹോദരൻ പരാതി നൽകിയത്. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ശക്തിപകരാൻ പൊതുവേദിയിലെ ചിത്രം ദുരുപയോഗിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. പെണ്‍കുട്ടിയുടെ മുഖം മറയ്ക്കാതെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

Related posts