ദുബായി: സൗദി അറേബ്യക്കു നേരേ യെമനിലെ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു. സൗദിയിൽ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ദമാമിലെ കിംഗ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഗ്രൗണ്ട് സപ്പോർട്ട് സ്റ്റാഫായ യുപി ഗോരഖ്പുർ സ്വദേശി കമലേഷ് പാണ്ഡെ (37) മരിച്ചത്. സൗദി പൗരനും കൊല്ലപ്പെട്ടു.
രണ്ട് ഇന്ത്യക്കാരുൾപ്പെടെ എട്ട് പേർക്കു പരുക്കേറ്റു. സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തിൽ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. ഇന്ത്യക്കാരനും പാക്കിസ്ഥാൻകാരനും പരിക്കേറ്റു. ഈ മാസം ആദ്യം റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ആക്രമണത്തിലും ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു.
വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ പുനരാരംഭിച്ചു. വിമാനസർവീസുകൾ സാധാരണനിലയിലായിട്ടുണ്ട്.
ബുധനാഴ്ച സൗദി അരാംകോ ഷായ്ബ എണ്ണപ്പാടത്തിനുനേരേയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഫിലിപ്പീൻസ്, നേപ്പാൾ പൗരന്മാരാണു കൊല്ലപ്പെട്ടത്. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. സൗദി വ്യോമ പ്രതിരോധ സംവിധാനം ഹൂതി ഡ്രോൺ തകർത്തെങ്കിലും ഷാർപനൽ പതിച്ചു രണ്ടുപേർ കൊല്ലപ്പെടുകയായിരുന്നു.
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും ഊർജകേന്ദ്രങ്ങളും മറ്റു സുപ്രധാന സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ഹൂതികൾ നിരന്തരം ഡ്രോൺ, മിസൈൽ ആക്രമണം നടത്തിവരികയാണ്. ഈ മാസം ആദ്യം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേയുണ്ടായ ഹൂതി ആക്രമണത്തിൽ ഇന്ത്യക്കാരൻ ഉൾപ്പടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് ദമാം വിമാനത്താവളവും ഹൂതികൾ ആക്രമിച്ചിരുന്നു.
അതേസമയം, ഹൂതി വിമതർ സൗദി അറേബ്യയില്‍ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സൗദിയിലെ സാധാരണക്കാർക്കുനേരേയും ഊർജകേന്ദ്രങ്ങൾക്കുനേരേയും മേഖലയുമായി ബന്ധപ്പെട്ട മേഖലകളിലേക്കും തുടരുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സൗദിയുടെ പരമാധികാരം സംരക്ഷിക്കുന്ന കാര്യത്തില്‍ ആ രാജ്യത്തെ ജനങ്ങള്‍ക്കും സര്‍ക്കാരിനുമൊപ്പം തങ്ങള്‍ നിലകൊള്ളുന്നു. മേഖലയില്‍ എത്രയും വേഗം സമാധാനവും സാധാരണ നിലയും തിരിച്ചുവരുമെന്ന് തങ്ങള്‍ പ്രത്യാശിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയിലുള്ള ഉംറ തീർഥാടകരെ തിരികെയെത്തിക്കാൻ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും വിമാനക്കന്പനികളുമായും ടൂർ ഓപ്പറേറ്റർമാരുമായും ബന്ധപ്പെട്ടു. വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്. റിയാദിലെ എംബസിയിലും ജിദ്ദയിലെ കോൺസുലേറ്റിലും കൺട്രോൾ റൂം തുറന്നു. ഒരാഴ്ചയ്ക്കിടെ 3000 ഉംറ തീർഥാടകർ ഇന്ത്യയിലേക്കു മടങ്ങിയെത്തിയിരുന്നു. വിമാനസർവീസുകൾ നിർത്തിവച്ചതിനെത്തുടർന്ന് മക്കയിലും മദീനയിലും 4000 തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ്.
