ഇനി മടക്കുഫോണുകളുടെ യുഗം ! ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണിന്റെ ടെക്‌നോളജി റെഡിയാണെന്ന് ഹുവാവെ; തങ്ങള്‍ക്കും അതു സാധിക്കുമെന്ന് അവകാശപ്പെട്ട് സാംസങും ആപ്പിളും

ഡിസ്‌പ്ലേയുടെ വലിപ്പം കൂടുന്നത് ഫോണുകള്‍ കൂടുതല്‍ ആസ്വാദകരമാക്കുമെങ്കിലും കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ടും അതോടൊപ്പം കൂടും. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ പ്രസക്തമാവുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല പ്രമുഖ മൊബൈല്‍ കമ്പനികളും ഫോള്‍ഡബിള്‍ ഫോണിനു പിന്നാലെയായിരുന്നു.

ഇപ്പോഴിതാ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണിന്റെ ടെക്‌നോളജി റെഡിയാണെന്ന് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ ഹുവാവെ കണ്‍സ്യൂമര്‍ ഗ്രൂപ്പ് പ്രസിഡന്റ് ജീന്‍ ജീയാഓ തുറന്നു പറഞ്ഞിരിക്കുന്നു.അടുത്തവര്‍ഷം ആദ്യത്തോടെ ഫോള്‍ഡബിള്‍ സ്മാര്‍ട് ഫോണ്‍ ലഭ്യമാക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഫോള്‍ഡബിള്‍ ഫോണിന്റെ ഫീച്ചേഴ്‌സോ സ്‌പെസിഫിക്കേഷനുകളോ ജിയാഓ വെളിപ്പെടുത്തിയില്ല. പക്ഷേ ഇത്തരം ഫോണിന് മാര്‍ക്കറ്റില്‍ ഇടം ഉണ്ടാകുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഫോള്‍ഡബിള്‍ ഫോണ്‍ ആദ്യഘട്ടത്തില്‍ പ്രത്യേകമായ ഒന്നായിരിക്കും ഇതൊരിക്കലും നിലവിലുളള ഫോണിനെ മാര്‍ക്കറ്റില്‍ നിന്നും ഇല്ലാതാക്കില്ലെന്നും ജിയാഓ.

ഫോള്‍ഡബിള്‍ ഫോണ്‍ ലളിതമായി നിര്‍മ്മിക്കാവുന്ന ഒന്നല്ല. ഇതിന് പ്രത്യേക തരം ബാറ്ററി വേണ്ടിവരും. അതുപോലെ തന്നെ ഫ്‌ലെക്‌സിബിള്‍ ആയ ഡിസ്പ്ലേയും ആവശ്യമാണ്. അതേസമയം ഇതിനായുളള ടെക്‌നോളജി റെഡിയാണെന്നും സാങ്കേതികമായ വെല്ലുവിളികളൊന്നും നേരിടുന്നില്ലെന്നും ജിയാഓ വ്യക്തമാക്കി. ഹുവാവെയുടെ ഫോള്‍ഡബിള്‍ ഫോണ്‍ ഇഎംയുഐ അടിസ്ഥാനമാക്കിയ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിങ് സംവിധാനത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ലോകോത്തരനിലവാരമുളള ഇഎംയുഐ സംവിധാനത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ജിയാഓ പറഞ്ഞു.

ഇതുവരെയുളള ആന്‍ഡ്രോയിഡ് ഫോണുകളൊന്നും ഫ്‌ളക്‌സിബിള്‍ സ്‌ക്രീനുകളില്‍ പ്രവര്‍ത്തനക്ഷമമല്ല. അടുത്ത ആന്‍ഡ്രോയിഡ് വേര്‍ഷന്‍ വരുമ്പോള്‍ ഇതിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഫ്‌ളെക്‌സിബിള്‍ ഫോണ്‍ മാര്‍ക്കറ്റില്‍ ഇറക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളിലൊന്നായ സാംസങ് അടുത്തവര്‍ഷം ആദ്യത്തോടെ ഇത്തരം ഫോണ്‍ ഇറക്കാനുളള പദ്ധതിയിലാണ്.ആപ്പിളും ഫോള്‍ഡബിള്‍ ഫോണ്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് സൂചനയുണ്ട്.

Related posts