ഇടുക്കി കൗമാരക്കാരുടെ ശവപ്പറമ്പാകുന്നുവോ ? കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ ജീവനൊടുക്കിയത് 16 വിദ്യാര്‍ഥികള്‍; പിന്നില്‍ സോഷ്യല്‍ മീഡിയയിലെ മരണ ഗ്രൂപ്പുകള്‍ ; കണക്കുകള്‍ ഇങ്ങനെ…

ഇടുക്കി ജില്ല കൗമാരക്കാരുടെ ശവപ്പറമ്പാകുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ ജില്ലയില്‍ 16 വിദ്യാര്‍ഥികളാണ് ജീവനൊരുക്കിയത്. ഇതിന് കാരണം അന്വേഷിക്കുകയാണ് പോലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും. 11നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. 2018 ജൂണ്‍ മാസം 1, ജൂലൈ-5, ഓഗസ്റ്റ്-2, സെപ്റ്റംബര്‍-1, ഒക്ടോബര്‍-1, നവംബര്‍-2, ഡിസംബര്‍-2, ഈ വര്‍ഷം ഇന്നലെ വരെ-2 എന്നിങ്ങനെയാണ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതു സംബന്ധിച്ച് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്.

സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളും മാനസിക സംഘര്‍ഷവുമാണ് ആത്മഹത്യയ്ക്ക് കാരണെമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ശ്രമങ്ങളുടെ പട്ടികയും വളരെ വലുതാണ്. മരണത്തെയും ഏകാന്തജീവിതത്തെയും മഹത്വവല്‍ക്കരിക്കുന്ന ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ നിരവധിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.സോഷ്യല്‍ മീഡിയകളിലെ മരണഗ്രൂപ്പുകള്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയതിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

മരണ ഗ്രൂപ്പുകളെ കുറിച്ച് വ്യാപക പരാതികള്‍ ലഭിച്ചതോടെ ജില്ലാ സൈബര്‍ വിഭാഗം നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങി. സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പുകളുടെ പ്രേരണയില്‍പെട്ട് വയനാട്ടില്‍ കൗമാരക്കാര്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് വിഭാഗം നിരീക്ഷണം ശക്തമാക്കിയത്.

Related posts