ഇടുക്കി ഡാം തുറന്നാല്‍ ഞൊടിയിടയില്‍ വെള്ളത്തിനടിയിലാവുന്നത് ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ! കണക്കുകള്‍ ഇങ്ങനെ…

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്നാല്‍ ക്ഷണനേരത്തിനുള്ളില്‍ വെള്ളത്തിനടിയിലാവുക ആയിരക്കണക്കിന് കെട്ടിടങ്ങളെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ട്. വ്യവസായ സ്ഥാപനങ്ങളും വീടുകളും സ്‌കൂള്‍ കെട്ടിടങ്ങളുമെല്ലാം പട്ടികയിലുണ്ട്. ഇടുക്കി അണക്കെട്ടിനു ഷട്ടറുകളില്ലാത്തതിനാല്‍ അണക്കെട്ടിലെ വെള്ളം ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയര്‍ത്തുക.

ഷട്ടര്‍ ഉയര്‍ത്തേണ്ടിവന്നാല്‍ വെള്ളം ആദ്യം ഒഴുകിയെത്തുന്നത് ചെറുതോണി പുഴയിലേക്കും പിന്നീട് പെരിയാറിലേക്കുമാണ്. ഈ ഭാഗത്തെ കെട്ടിടങ്ങളുടെ 2017 വരെയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചാണ് ദുരന്തനിവാരണ അതോറിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വിവിധ ഉപഗ്രഹങ്ങളില്‍ നിന്നു ശേഖരിച്ച വിവരങ്ങളും ഗൂഗിളില്‍ നിന്നു ലഭിച്ച വിവരങ്ങളും കോര്‍ത്തിണക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉപഗ്രഹങ്ങളില്‍ നിന്നു ലഭിച്ച വ്യക്തതയേറിയ ചിത്രങ്ങളാണ് പ്രധാനമായും ഉപയോഗപ്പെടുത്തയത്.

വേള്‍ഡ് വ്യൂ, ഐക്കനോസ്, സ്‌പോട്ട് എന്ന ഉപഗ്രഹങ്ങളില്‍ നിന്നുമാണ് പ്രധാനമായും ചിത്രങ്ങളെടുക്കുന്നത്. എന്നാല്‍, ഇടുക്കിയിലെ കാലാവസ്ഥയുടെ പ്രത്യേകത കാരണം ജില്ലയിലെ എല്ലാ ഭാഗത്തും ഉപഗ്രഹങ്ങളുടെ സേവനം ഉപയോഗപ്പെടുത്താനാകില്ല. മേഘങ്ങള്‍ മൂടിയ സ്ഥലങ്ങളില്‍ ഗൂഗിള്‍ അടക്കമുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയാണു ചെയ്യുന്നത്.

നാഷനല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിനു കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ ഡേറ്റാ സെന്ററില്‍ നിന്നാണു ദുരന്തനിവാരണ അഥോറിറ്റിക്ക് ഉപഗ്രഹ ചിത്രങ്ങള്‍ ലഭിക്കുന്നത്. ആവശ്യമറിയിക്കുമ്പോള്‍ നാഷനല്‍ ഡേറ്റാ സെന്റര്‍ വിദേശ കമ്പനികളില്‍നിന്നു ചിത്രങ്ങള്‍ വാങ്ങി ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഓരോ ഉപഗ്രഹങ്ങളുടേയും പ്രവര്‍ത്തനശേഷി വ്യത്യസ്തമാണ്.

ചില മേഖലകളില്‍ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങളേക്കാള്‍ വ്യക്തമായി ചിത്രങ്ങളെടുക്കാന്‍ കഴിയുന്നതു ക്വിക്ക് ബേര്‍ഡ് പോലുള്ള ഉപഗ്രഹങ്ങള്‍ക്കാണെന്നും അധികൃതര്‍ പറയുന്നു. ഉയര്‍ന്ന തുകയ്ക്കാണു ദുരന്തനിവാരണ അതോറിറ്റി ചിത്രങ്ങള്‍ വാങ്ങുന്നത്. തുക എത്രയെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയാറല്ല.

ഇടുക്കി അണക്കെട്ടിലെ വെള്ളം ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി പറയുന്നത്. ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് കെഎസ്ഇബി തീരുമാനം. ചെറുതോണി ഷട്ടര്‍ തുറന്നാല്‍ ചെറുതോണിപ്പുഴയിലേക്കാണ് വെള്ളം ആദ്യം എത്തുന്നത്.

ഇടുക്കി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി വില്ലേജുകളിലുള്ള കുടുംബങ്ങളെയാണ് കൂടുതല്‍ ബാധിക്കാന്‍ സാധ്യത. എന്നാല്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത് നിയന്ത്രിതമായ അളവിലായതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Related posts