പയ്യന്നൂര്‍: മനുഷ്യരുടെ തുല്യതക്കായി നിലകൊണ്ട പരിസ്ഥിതി ശാസ്ത്രജ്ഞനേയാണ് പ്രഫ.മാധവ് ഗാഡ്ഗിലിന്റെ വേര്‍പാടോടെ നാടിന് നഷ്ടമായത്. 2019 സെപ്റ്റംബര്‍ ആറിന് പയ്യന്നൂരിലെത്തിയ ഇദ്ദേഹത്തിന്റെ വാക്കുകളാണ് നാട്ടുകാരിപ്പോള്‍ ഓര്‍മിക്കുന്നത്. കണ്ടങ്കാളി തലോത്ത് വയല്‍ നികത്തി നടപ്പിലാക്കാനുദ്ദേശിച്ച പെട്രോളിയം സംഭരണ പദ്ധതിക്കെതിരെ നടന്ന ജനകീയ സമരങ്ങളെ തുടര്‍ന്നായിരുന്നു പ്രഫ.മാധവ് ഗാഡ്ഗിൽ പയ്യന്നൂരിലെത്തിയത്.
തലോത്ത് വയലില്‍ സ്ത്രീകളും കുട്ടുകളുമുള്‍പ്പെടെ പൂച്ചെണ്ടുകള്‍ നല്‍കിയാണ് ഈ പരിസ്ഥിതി ശാസ്ത്രജ്ഞനെ വരവേറ്റത്. തുടര്‍ന്ന് ലാൻഡ് അക്വിസിഷന്‍ ഓഫീസിനു മുന്നിലെ സത്യഗ്രഹ പന്തലില്‍ അദ്ദേഹം സത്യഗ്രഹികളെ അഭിവാദ്യം ചെയ്തു. ജനകീയ സമരസമിതി പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തില്‍ സംസാരിക്കവേയാണ് മനുഷ്യര്‍ തമ്മില്‍ തുല്യത നിലനിര്‍ത്തേണ്ട ആവശ്യകതയെപ്പറ്റി അദ്ദേഹം സംസാരിച്ചത്.
എണ്ണ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ഇനി കുറച്ചു കാലം മാത്രമേ നിലനില്പുണ്ടാകൂവെന്നും കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ ലാഭം ഉണ്ടാക്കാനാണ് എണ്ണക്കമ്പനികളുടെ ശ്രമമെന്നും പ്രഫ. മാധവ് ഗാഡ്ഗില്‍ അന്നുപറഞ്ഞു. സാങ്കേതിക വിദ്യ മനുഷ്യ നന്മയ്ക്കുതകുന്നതും പുനരുപയോഗം സാധ്യമായതും ആയിരിക്കണം.
മനുഷ്യന്റെ യഥാര്‍ത്ഥ വികസനത്തിനു വേണ്ടി ജനങ്ങള്‍ നിലകൊള്ളണമെന്നും ഗാഡ്ഗില്‍ പറഞ്ഞു.തെറ്റായ വികസന കാഴ്ചപ്പാടുകള്ക്കെതിരേയും സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിനെതിരേയുമാണ് താനുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ നിലകൊണ്ടതെന്നും മാധവ് ഗാഡ്ഗില്‍ അന്ന് പയ്യന്നൂരിൽ പറഞ്ഞിരുന്നു.
