സെബി മാത്യു
ന്യൂഡല്‍ഹി: ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭവുമായി ഒരു വിഭാഗം കര്‍ഷകര്‍ ഡല്‍ഹിയിലേക്കു കടന്നതിനു പിന്നാലെ തലസ്ഥാന അതിര്‍ത്തികളില്‍ വീണ്ടും സംഘര്‍ഷ സാഹചര്യം.
സര്‍ക്കാര്‍ അനുവദിച്ച ഡല്‍ഹിയിലെ സമരസ്ഥലത്തേക്കു പോകാന്‍ കൂട്ടാക്കാതെ കര്‍ഷകര്‍ അതിര്‍ത്തികളില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. മാസങ്ങളോളം തന്നെ ഇവിടങ്ങളില്‍ തങ്ങാനുള്ള ഭക്ഷണ സാധനങ്ങള്‍ അടക്കമുള്ള കരുതലുമായാണ് ഇവരെത്തിയിരിക്കുന്നത്.
യുവാവിനെതിരേ
അതിനിടെ കര്‍ഷകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നതിനിടെ അതിനു മുകളില്‍ ചാടിക്കയറി ഓഫ് ചെയ്ത ഹരിയാനയില്‍ അംബാലയില്‍നിന്നുള്ള നവ്ദീപ് സിംഗിനെതിരേ പോലീസ് കൊലപാതക ശ്രമത്തിനു കേസെടുത്തു.
കര്‍ഷക സംഘടന നേതാവ് ജയ്സിംഗിന്റെ മകനാണ് നവ്ദീപ്. കോവിഡ് നിയമലംഘനം, കലാപം ഉണ്ടാക്കല്‍ എന്നീ കുറ്റങ്ങളും ഈ യുവാവിനു മേല്‍ ചുമത്തിയിട്ടുണ്ട്.
ജലപീരങ്കിക്കു മുകളില്‍ കയറി ഓഫ് ചെയ്യുന്ന നവദീപിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇന്നലെ വൈറലായിരുന്നു. പഠനത്തിനു ശേഷം പിതാവിനൊപ്പം കാര്‍ഷിക രംഗത്തേക്കിറങ്ങിയ നവദീപ് സമരമുഖത്തു സജീവ സാന്നിധ്യമാണ്.
വീണ്ടും കർഷകരെത്തുന്നു
ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു സര്‍വ സന്നാഹങ്ങളുമായി കൂടുതല്‍ കര്‍ഷകര്‍ തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ തിക്രി ബോര്ഡറില് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
അതിനിടെ, ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍നിന്നുള്ള കര്‍ഷകര്‍ ഇന്നു രാവിലെ തന്നെ ബുറഡിയിലെ സംഗമം ഗ്രൗണ്ടിലെ സമര സ്ഥലത്തെത്തി.
പഞ്ചാബില്‍നിന്നുള്ള കര്‍ഷകരുടെ യോഗം ഹരിയാന അതിര്‍ത്തിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവിലും പോലീസ് ശക്തമായ സുരക്ഷ വിന്യസിച്ചിട്ടുണ്ട്.
മടങ്ങുന്ന പ്രശ്നമില്ല
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് ഉറപ്പു ലഭിക്കാതെ ഡല്‍ഹിയില്‍ നിന്നു മടങ്ങുന്ന പ്രശ്നമില്ലെന്നാണ് ബുറാഡിയിലെ നിരങ്കാരിയില് സംഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പറഞ്ഞത്.
സമരം ഇവിടെ തന്നെ തുടരണോ എന്ന കാര്യത്തില്‍ വിവിധ കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.
ബുറാഡിയിലേക്കു പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അതിര്‍ത്തിയില്‍ ഇപ്പോള്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ പറയുന്നത്.
ഈ സര്‍ക്കാരിനെ ഒരു തരത്തിലും വിശ്വാസത്തിലെടുക്കാനാകില്ല. അവര്‍ അനുവദിച്ചു തരുന്ന സ്ഥലത്തിരുന്നു സമരം ചെയ്യണമോ എന്നു തങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
ഡൽഹി സ്തംഭിച്ചു
തങ്ങള്‍ ഡല്‍ഹി ജനതയെ ഒരു തരത്തിലും ശല്യം ചെയ്യാനോ ബുദ്ധിമുട്ടിക്കാനോ എത്തിയതല്ല. കഴിഞ്ഞ മൂന്നു മാസമായി പഞ്ചാബില്‍ കര്‍ഷക സമരങ്ങള്‍ നടന്നുവരികയാണ്.
ഇപ്പോള്‍ ഡല്‍ഹിയിലേക്കു നീങ്ങിയതും സമാധാനപരമായാണ്. എന്നാല്‍ പോലീസ് യുദ്ധമുറകളുമായി നേരിടുകയാണ് ചെയ്തതെന്നും പഞ്ചാബില്‍നിന്നുള്ള കര്‍ഷകര്‍ പറഞ്ഞു.
അതിര്‍ത്തികളില്‍കൂടി മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷര്‍ കൂടി എത്തിത്തുടങ്ങിയതോടെ തലസ്ഥാനത്തെ ദേശീയ പാതകളിലെല്ലാം തന്നെ ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്.
ശൈത്യകാലം വിവാഹ സീസണ് കൂടിയാണ് ഇവിടെ. അതിനാല്‍ത്തന്നെ വിവാഹ സംഘങ്ങളുടെ നിരവധി വാഹനങ്ങളാണ് ഹൈവേകളില്‍ കുടുങ്ങിക്കിടക്കുന്നത്.
മീററ്റില്‍ ഇന്നലെ ഒരു വിവാഹ സംഘം മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്നു വരന് റോഡില്‍ ഇറങ്ങി കിലോമീറ്ററുകളോളം നടന്നാണ് വിവാഹ വേദിയിലെത്തിയത്.