കോട്ടയം: ശശി തരൂരിന്റെ പേരിൽ ഉയർന്ന വിവാദത്തിൽ കോട്ടയം ജില്ലയിലെ കോൺഗ്രസിൽ ചേരിതിരിവ് രൂക്ഷമാകുന്നു. ഈരാറ്റുപേട്ടയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ് ഉയർന്നതാണ് ഒടുവിലത്തെ സംഭവം.
തരൂർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെപിസിസി വിചാർ വിഭാഗ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണു ബോർഡ് സ്ഥാപിച്ചത്.കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നലെ തിരുവനന്തപുരത്ത് യോഗം ചേർന്നു കഴിഞ്ഞദിവസങ്ങളിൽ ഉയർന്ന ശശി തരൂർ വിഷയങ്ങളെപ്പറ്റി ചർച്ച നടത്തിയിരുന്നു.
റിപ്പോർട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇന്നു നൽകുമെന്നാണു കരുതുന്നത്. ഇതിനിടയിലാണു ഈരാറ്റുപേട്ടയിൽ വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ് ഉയർന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങൾ ജില്ലയിൽ നിർജീവമാണെന്നുള്ള ആരോപണം ഇതൊടൊപ്പം ഒരുവിഭാഗം ഉയർത്തുന്നുണ്ട്.

