പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് കൊല്ലപ്പെട്ടു. പുതുപ്പരിയാരം നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന് (65) ആണ് മരിച്ചത്.പുലര്‍ച്ചെ 3.30 നായിരുന്നു സംഭവം. വീടിന് പുറത്തിറങ്ങിയപ്പോള്‍ കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്.
സംഭവമറിഞ്ഞ് വനപാലകർ എത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമീപവാസികള്‍ സമ്മതിച്ചിട്ടില്ല.കളക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കൊല്ലപ്പെട്ട കുമാരന് വനംവകുപ്പിന്റെ മുന്‍ താത്കാലിക വാച്ചറായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പാലക്കാട് കഴിഞ്ഞ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മരിച്ചത് മൂന്നുപേരാണ്. ഇന്ന് മരിച്ച ഞാറക്കോട് സ്വദേശി കുമാരന്, മേയ് മാസം 19ന് എടത്തുനാട്ടുകര സ്വദേശി ഉമ്മര്‍, മേയ് 31ന് അട്ടപ്പാടി സ്വദേശി മല്ലന് എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. രണ്ട്മാസം മുമ്പ് കുമാരന്റെ വീടിനു സമീപമുള്ള കയറാങ്കോട് അലന് എന്ന യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രദേശത്ത് റെയില്‍ ഫെന്‍സിംഗ് ഒരുക്കുമെന്ന് ഉറപ്പ് ലഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനുശേഷം മാത്രം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുള്ളുവെന്നാണ് നാട്ടുകാരുടെ നിലപാട്. 2017ല്‍ ഉത്തരവായിട്ടും ഉദ്യോഗസ്ഥര്‍ റെയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥിരമായി കാട്ടാന പ്രദേശത്ത് എത്തുന്നുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.
ഞാറക്കോട് പ്രദേശത്തെത്തിയ കാട്ടാനയെ കഴിഞ്ഞ ദിവസം കാട് കയറ്റിയിരുന്നുവെന്നാണ് പാലക്കാട് ഡിഎഫ്ഒ പ്രതികരിച്ചു. എന്നാല്‍ പുലര്‍ച്ചയോടെ ആന തിരികെയെത്തുകയും വീടിനു പുറത്തിറങ്ങിയ കുമാരനെ ആക്രമിക്കുകയുമായിരുന്നു. ആനയുടെ സാന്നിധ്യം സംബന്ധിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നുവെന്നും തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.