കൊച്ചി: തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്ത് കുന്നുകൂടി കിടന്ന ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിനായി ബയോമൈനിംഗ് ചെയ്യാന്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും പണികള്‍ പൂര്‍ത്തിയാക്കാതെ കരാര്‍ കമ്പനി.
8,43,954.392 ടണ്‍ പൈതൃകമാലിന്യം ബയോമൈനിംഗ് നടത്തി നീക്കം ചെയ്യേണ്ടിടത്ത് കരാര്‍ കാലാവധി തീര്‍ന്നപ്പോള്‍ 7,32,465 മെട്രിക് ടണ്‍ മാലിന്യം മാത്രമാണ് ബയോമൈനിംഗ് ചെയ്യാനായത്. ശേഷിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനായി കരാര്‍ കമ്പനിയായ ഭൂമി ഗ്രീന്‍ എനര്‍ജിക്ക് സെപ്റ്റംബര്‍ 30 വരെ സമയം ആവശ്യപ്പെട്ടു.
വിഷയം കൗണ്‍സിലില്‍ എത്തിയപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തെങ്കിലും പ്രതിഷേധനങ്ങളെയെല്ലാം മറികടന്ന് മേയര്‍ കമ്പനിക്ക് സമയം നീട്ടി നല്‍കുകയായിരുന്നു.
കൊച്ചി നഗരത്തിന്റെ പൊതുകാര്യമാണിതെന്നും ഇക്കാര്യത്തില്‍ തര്‍ക്കത്തിലേക്ക് പോകുന്നത് ശരിയല്ലെന്നും നടപടിക്രമങ്ങള്‍ സുതാര്യമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു മേയര്‍ എം.അനില്‍കുമാര്‍ കരാര്‍ കലാവധി നീട്ടി നല്‍കിയത്.
കാലാവധിക്ക് ശേഷവും ബയോ മൈനിംഗ് ഉയര്‍ന്ന നിരക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം എതിര്‍പ്പ് അറിയിച്ചെങ്കിലും മേയര്‍ കൂട്ടാക്കിയില്ല. കരാര്‍ പ്രകാരമുള്ള കാലാവധിക്കുള്ളില്‍ തീര്‍ക്കാത്തത് വീഴ്ചയാണെന്ന ആരോപണങ്ങളാണ് യുഡിഎഫ് ഉന്നയിച്ചത്.
മാലിന്യം നീക്കുക പ്രധാനം
ബ്രഹ്മപുരം ബയോ മൈനിംഗ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നായ ടണ്ണിന് 1690 രൂപയ്ക്ക് ഭൂമി ഗ്രീന്‍ എനര്‍ജിക്ക് കരാര്‍ ഒപ്പ് വയ്ക്കുമ്പോള്‍ പതിനാറു മാസ കാലാവധിയാണ് നല്‍കിയിരുന്നത്. നിരക്ക് വര്‍ധനവിന് പ്രധാനമായും കമ്പനി ഉന്നയിച്ച വിഷയം കുറഞ്ഞ സമയപരിധിയാണ്.
എന്നാല്‍ സമയം ദീര്‍ഘിപ്പിച്ചു നല്കിയാല് കുറഞ്ഞ നിരക്കിന് പ്രവര്‍ത്തി ചെയ്യാന്‍ മറ്റ് കമ്പനികള്‍ പ്രീമിഡ് മീറ്റിംഗില്‍ തയാറാണെന്ന് പറഞ്ഞിരുന്നതാണ്. കുറഞ്ഞ സമയം കൊണ്ട് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിനാണ് ഇത്രയും ഉയര്‍ന്ന നിരക്ക് നല്‍കിയിട്ടുള്ളത്. അതുകൊണ്ട് സമയം ദീര്‍ഘിപ്പിച്ചു നല്കുമ്പോള് ഉയര്‍ന്ന നിരക്ക് നല്കാന് കഴിയില്ലെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
സാമ്പത്തിക പ്രയാസം, മഴ എന്നിവ കാരണം നിലവിലെ സമയക്രമത്തില്‍ ബയോമൈനിംഗ് പൂര്ത്തിയാകാനാകില്ലെന്നും കരാര്‍ കാലാവധി നീട്ടി നല്‍കണമെന്നുമായിരുന്നു ഭൂമി ഗ്രീന്‍ എനര്‍ജി കമ്പനിയുടെ ആവശ്യം. ആവശ്യം ന്യായമാണെന്നും മാലിന്യം നീക്കുക എന്നതാണ് പ്രധാനമെന്നും മേയര്‍ പറഞ്ഞു.
ബയോമൈനിംഗ് 90 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബയോമൈനിംഗ് നടക്കരുതെന്നാണ് യുഡിഎഫിന്റെ ആഗ്രഹം. അത് രാഷ്ട്രീയമാണ്. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്നാണ് ഭൂമി ഗ്രീന്‍ എനര്‍ജി കമ്പനി. ആര്‍ഡിഎഫിന്റെ തൂക്കം നോക്കിയല്ല കൈയ്കാര്യം ചെയ്ത മാലിന്യത്തിന്റെ അളവ് നോക്കിയാണ് തുക നല്‍കിയതെന്നും ഇക്കാര്യത്തില്‍ ആര്‍ക്കുവേണമെങ്കിലും പരിശോധന നടത്താമെന്നും മേയര്‍ പറഞ്ഞു.