ഹമാസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ ഗാസ സിറ്റി പിടിക്കാൻ ഇസ്രയേൽ സൈനികനീക്കമാരംഭിച്ചതോടെ ജനങ്ങൾ നരകവാതിൽക്കലെത്തിയിരിക്കുന്നു. ഇനി ബന്ദിമോചന കരാർ ഉണ്ടാക്കിയാലും ഗാസയുടെ നിയന്ത്രണം തങ്ങൾ ഏറ്റെടുക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹു അറിയിച്ചത്.
നഗരം പൂർണമായും ഭക്ഷ്യക്ഷാമത്തിലാണെന്ന് യുഎൻ ഏജൻസിയും വെളിപ്പെടുത്തി. മരണം, അനാഥത്വം, വിശപ്പ്, രോഗങ്ങൾ… ഗാസ ഒരിക്കലും പഴയതുപോലെയാകില്ല. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഹമാസ് വീണ്ടും അധികാരത്തിലെത്തുകയുമില്ല. തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറയിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയുംവേഗം നടപ്പാക്കുകയാണു വേണ്ടത്. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഇസ്ലാം മതം ഉണ്ടാകുന്നതിനുമുന്പ് യഹൂദർ വസിച്ചിരുന്ന ഇസ്രയേലിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ അവിടെ നിൽക്കട്ടെ. 2023 ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ഇസ്രയേൽ തിരിച്ചടിക്കാൻ തുടങ്ങിയിട്ട് 22 മാസം. കുഞ്ഞുങ്ങൾ ഉൾപ്പെടെ 62,000 ആളുകൾ കൊല്ലപ്പെട്ടു.
ഏറ്റവും വലിയ വംശഹത്യയുടെ ഇരകളായ ഇസ്രയേൽ ഈ വേദന തിരിച്ചറിയണം. ഹമാസ് കൊലപാതകികളുടെയും ബലാത്സംഗികളുടെയും തലയ്ക്കു മുകളിൽ നരകവാതിലുകൾ തുറക്കുമെന്നാണ്, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞത്. തീവ്രവാദികൾക്കുവേണ്ടി നിങ്ങൾ തുറന്ന നരകവാതിലൂടെയാണ് ഇക്കണ്ട നിരപരാധികളും പോയത്. ഇസ്രയേൽ അതിന്റെ സ്വത്വരാഷ്ട്രീയത്തിനു പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിൽ അതിന്റെ അടിത്തറയായ വിശുദ്ധ ലിഖിതങ്ങളെയും വിലമതിക്കണം.
“വിധവയെയും അനാഥനെയും പീഡിപ്പിക്കരുത്. നീ അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിച്ചാൽ ഞാൻ തീർച്ചയായും അവരുടെ നിലവിളി കേൾക്കും” (പുറപ്പാട് 22:22-23). പലസ്തീൻ വിമോചനത്തിന്റെ മറയിലെത്തുന്ന ഭീകരവാദത്തെ ചെറുക്കാനുള്ള ഇസ്രയേലിന്റെ നിശ്ചയദാർഢ്യത്തെ തള്ളിക്കൊണ്ടല്ല, ഗാസയിലെ പട്ടിണിയും മരണവും ചൂണ്ടിക്കാണിക്കുന്നത്; മനുഷ്യത്വം യുക്തികളെ മറക്കും എന്നതിനാലാണ്.
ഗാസയിലെ ജനങ്ങളുടെ ദുരിതത്തിന്റെ പരസ്യം കൊടുത്ത് ഹമാസ് മുസ്ലിം രാജ്യങ്ങളിൽനിന്നു കൈപ്പറ്റിയ കോടാനുകോടി സന്പത്തിന്റെ സിംഹഭാഗവും തീവ്രവാദത്തിന്റെ തുരങ്കങ്ങളിലേക്ക് ഒഴുകിപ്പോയി. ഹമാസ് നേതാക്കളുടെയും മക്കളുടെയും വിദേശ അക്കൗണ്ടുകളും സുഖവാസവും കുപ്രസിദ്ധവുമായിരുന്നു.
പിഎൽഒയുടെയും ഹമാസിന്റെയുമൊക്കെ സ്ഥാനത്ത് ജനാധിപത്യ പ്രസ്ഥാനങ്ങളായിരുന്നെങ്കിൽ പലസ്തീൻ പണ്ടേ വികസ്വര രാജ്യമായേനെ. സ്വന്തം തീവ്രവാദ മേൽവിലാസത്തോളം ഹമാസിനെ പരാജയപ്പെടുത്തിയ മറ്റൊരു ഘടകവുമില്ല. ഏതു കള്ളപ്പേരിലാണെങ്കിലും ഒരുവശത്ത് ഇസ്ലാമിക തീവ്രവാദമുള്ള ഒരു സംഘർഷത്തെയും പഴയ ഫോർമുലകൾ ഉപയോഗിച്ച് ലോകത്തൊരിടത്തും ഇനി നിർധാരണം ചെയ്യാനാകില്ല.
1997 ജൂലൈയിൽ മലയാളം വാരികയിൽ ഒ.വി. വിജയൻ ഇസ്രയേലിനെക്കുറിച്ച് എഴുതിയ ലേഖനം, അതിനുമുന്‍പ് പല പ്രമുഖ പ്രസിദ്ധീകരണങ്ങളും തിരസ്കരിച്ചിരുന്നു. കാരണം, കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പ്രീണനമൂശയിൽ വാർത്തെടുത്ത പൊതുബോധത്തെ അവർതന്നെ ഭയന്നു. അതിന്റെ തുടർച്ചയാണ് ഹമാസിനെ ഭീകരപ്രസ്ഥാനമെന്നു വിളിക്കാൻ ധൈര്യപ്പെടുന്നവർ മതേതര പാർട്ടികളിൽപോലും വിലയൊടുക്കേണ്ടിവരുന്നത്.
ഇസ്രയേലിനെക്കുറിച്ച് ഒ.വി. വിജയൻ ഇങ്ങനെയെഴുതി. “അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിനു നടുവില്‍ വിഷവാതകച്ചൂളയുടെ രണ്ടാം പതിപ്പിനെ ഏതുസമയവും നേരിടേണ്ടിവരുമെന്ന നിലയില്‍ ഈ കൊച്ചുരാഷ്ട്രം രാപകല്‍ തയാറെടുപ്പില്‍ മുഴുകി… മൂന്നാം ലോക വേദികളില്‍ നാം ഉന്നയിച്ച പ്രമേയങ്ങളില്‍ ഇസ്രയേല്‍ ഒരു ‘തിയോക്രസി’യായി. മുന്‍കാല സിയോണിസ്റ്റ് ഭീകരപ്രവർത്തകരുടെ പിന്തുടർച്ചാവകാശിയായി.
അന്താരാഷ്ട്ര തിന്മകളുടെ കാച്ചിക്കുറുക്കിയ പ്രതീകമായി. വാർത്താവിനിമയത്തില്‍ ഇസ്രയേലിനെ അപകീർത്തിപ്പെടുത്താന്‍ ഉപയോഗിച്ച കരിംചായത്തിന്റെ കഥയില്‍ ചോദ്യമുണ്ടായിരുന്നില്ല. വ്യക്തി എന്ന നിലയ്ക്കും സമൂഹം എന്ന നിലയ്ക്കും ഒളിച്ചുകഴിയാന്‍ നിർബന്ധിതനായ യഹൂദന് ഇസ്രയേലിന്റെ ഗർവിഷ്ഠമായ പൗരത്വത്തിലേക്കു നീങ്ങിയെങ്കിലും സമ്പന്നമായ രക്തസാക്ഷിത്വത്തിന്റെ ആത്മീയ സൂക്ഷിപ്പുകാരനായിത്തന്നെ തുടർന്നു…
വിഷവാതകച്ചൂളയിലേക്കു വെടുപ്പോടെ പറഞ്ഞയച്ച യഹൂദന്മാരോടുള്ള കടം മനുഷ്യവര്ഗത്തിന്റെയത്രയും കടബാധ്യതയാണ്. തുച്ഛമായ തെരഞ്ഞെടുപ്പ് നേട്ടങ്ങളെ ഉന്നംവച്ച് നാം ഇവിടെ വളർത്തിക്കൊണ്ടുവന്ന ഇസ്രയേൽ വിരോധം മാറ്റിവയ്ക്കേണ്ട കാലം വന്നുകഴിഞ്ഞു”. ഒ.വി. വിജയന്റെ നിരീക്ഷണം 28 വർഷം പിന്നിട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രീണനച്ചൂളയിൽ സത്യം ചാരമായിക്കൊണ്ടേയിരിക്കുന്നു.
കേരളത്തിലും പ്രീണനക്കാർ ഗാസയുടെ വേദന കണ്ടു. പക്ഷേ, നമ്മൾ ഗാസയ്ക്കൊപ്പം, ക്രിസ്ത്യാനിയായതിനാൽ മാത്രം ആഫ്രിക്കയിലും പശ്ചിമേഷ്യയിലും വംശഹത്യക്കിരയാകുന്ന ക്രിസ്ത്യാനികളെയും കണ്ടു. ഗാസക്കാരുടെ പലായനകാലത്തുതന്നെ അസർബൈജാൻ ആട്ടിപ്പായിച്ച നാഗർണോ-കരാബാക്കിലെ 1.25 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കണ്ടു. അവരുടെ പള്ളികൾ ഇടിച്ചുനിരത്തുന്നതും മോസ്കുകളാക്കുന്നതും കണ്ടു.
അതിന് അസർബൈജാനെ സഹായിച്ചത്, 1915-17 കാലത്ത് 15 ലക്ഷം അർമേനിയക്കാരെ വംശഹത്യ നടത്തിയ തുർക്കിയുടെ കുപ്രസിദ്ധ പ്രതാപം വീണ്ടെടുക്കാൻ പ്രയത്നിക്കുന്ന എർദോഗനാണെന്നു കണ്ടു. ബാബറി മസ്ജിദിന്റെ പേരിലുള്ള കണ്ണീരുണങ്ങും മുന്‍പ്, മോസ്കാക്കിയ ഹാഗിയ സോഫിയ കത്തീഡ്രലിൽ നിസ്കരിക്കാൻ ഉളുപ്പില്ലാത്തവരുടെ മതേതരപാഠങ്ങൾ! ഇസ്ലാം പിറക്കുന്നതിനു നൂറ്റാണ്ടുകൾക്കുമുന്പ് ക്രൈസ്തവർ ഉണ്ടായിരുന്ന നാടാണ് ഗാസ.
മതപരിവർത്തനം, കൊലപാതകം, പലായനം… ഇനി ആയിരം ക്രിസ്ത്യാനികൾകൂടിയുണ്ട് ബാക്കി. ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായിരുന്ന പല രാജ്യങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളാക്കിയവർ ഇരവാദവും കൊലപാതകവും ഒന്നിച്ചു കൊണ്ടുപോകുന്ന തീവ്രവാദവിരുത് കേരളത്തിലും വിജയിപ്പിച്ചു. അവർക്കു വിടുപണി ചെയ്തവർ മറ്റു മതവർഗീയതകൾക്ക് വളമിടുകയും ചെയ്തു.
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്നു പാടുന്നവരെ അവരുടെ പാട്ടിനു വിടുക. പക്ഷേ, ഇസ്രയേൽ ചോദിക്കുന്നു, അയലത്തു കുടിയിരിക്കുന്ന ഹമാസ് ഭീകരരെയും അവരുടെ സഹായികളെയുമല്ലാതെ ലോകത്ത് ആരെയെങ്കിലും ഞങ്ങൾ ആക്രമിക്കുന്നുണ്ടോ? ജറൂസലെമിൽ ഉൾപ്പെടെയുള്ള പലസ്തീൻ മുസ്ലിംകളെയും സംരക്ഷിക്കുകയല്ലേ? പക്ഷേ, ഹമാസ് ഉൾപ്പെടെ ഭീകരർക്ക് ശത്രു ക്രൈസ്തവരും യഹൂദരുമാണ്. ആരാണ് വംശീയവാദികൾ? കണ്ണടച്ചാൽ അടയ്ക്കുന്നവർക്കേ ഇരുട്ടാകൂ. നുണകൾകൊണ്ട് രാഷ്ട്രീയം കളിക്കാം; പ്രശ്നപരിഹാരമുണ്ടാകില്ല. കാഷ്മീരിനെ നശിപ്പിച്ചവരുടെ ബന്ധുക്കളാണ് പലസ്തീനെയും നിത്യനരകമാക്കിയത്.
ഗാസ മരണവക്രത്തിലാണ്. ഹമാസ് ബന്ദികളെ വിട്ടുകൊടുക്കണം. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണം. ഹമാസ് മുക്ത ദ്വിരാഷ്ട്ര പദ്ധതിക്കായി ലോകം പരിശ്രമിക്കണം. അത് ഇസ്രയേലിന്റെയോ ഹമാസിന്റെയോ കോളനിയാകരുത്. അമേരിക്കൻ മെത്രാൻ സമിതി ഗാസയിലെ ജനങ്ങൾക്കായി ധനസമാഹരണം നടത്തുകയാണ്. ഗാസയിലെയും പശ്ചിമേഷ്യയിലെയും സാഹചര്യം അമേരിക്കൻ കത്തോലിക്കാ സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുകയാണെന്നാണ് അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച്ബിഷപ് തിമോത്തി ബ്രോലിയോ പറഞ്ഞത്.
അവർ പശ്ചിമേഷ്യയിലെ ഇസ്ലാമിസ്റ്റുകൾ കൊന്നൊടുക്കുന്ന ക്രൈസ്തവരുടെ നിലവിളിക്കൊപ്പം ഗാസയിലെ മുസ്ലിം കുഞ്ഞുങ്ങളുടെ നിലവിളിയും കേൾക്കുന്നു. അതാണ് മതം, അതാണ് മതേതരത്വം, അതാണ് ജനാധിപത്യം. ബാക്കിയെല്ലാം മതരാഷ്ട്രീയമാണ്. പങ്കെടുക്കരുത്.