നിരവധി വിദേശികളാണ് ദിവസവും ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയുടെ ഭൂപ്രകൃതിയും ഭക്ഷണവുമൊക്കെ മറ്റ് സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഇങ്ങോട്ടേക്ക് ആകർഷിക്കാൻ കാരണമാകുന്നു.
ഇന്ത്യയിലേക്കെത്തി ഇവിടം സ്വർഗം പോലെ കണ്ട് ഇന്ത്യയിൽത്തന്നെ സ്ഥിര താമസമാക്കുന്ന വിദേശികളുമുണ്ട്. മറിച്ച് എങ്ങനെയെങ്കിലും ഇന്ത്യയിൽ നിന്നൊന്ന് രക്ഷപെട്ടാൽ മതിയെന്ന് ചിന്തിക്കുന്ന ഇന്ത്യക്കാരും ഇവിടെ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിച്ചേ പറ്റൂ. അത് തെളിയിക്കുന്ന പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഇന്ത്യയിലെ ജീവിതം അനുയോജ്യമല്ലാത്തതിനാൽ കാനഡയിലേക്ക് മടങ്ങുന്നു എന്ന ഇന്ത്യൻ യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാനഡയിൽ നിന്ന് ഒരു വർഷം മുൻപ് ഗുജറാത്തിലെ നവ്സാരിയിലെ തന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
കാനഡയിലായിരുന്ന യുവാവ് തന്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കുക എന്ന ആഗ്രഹത്തോടെയാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം യുവാവിന് ഇവിടം സഹിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കെത്തി. എങ്ങനെയും തിരിച്ച് പോയാൽ മതിയെന്ന ചിന്ത ഉണ്ടായി.
ഇന്ത്യയിൽ നിൽക്കാത്തതിന്റെ പ്രധാന പ്രശ്നമായി പറയുന്നത് വായുവിന്റെ ഗുണനിലവാരമാണ്. ഇത് കണ്ണുകളിൽ തുടർച്ചയായി പുകച്ചിലുണ്ടാക്കുന്നുണ്ടെന്നും വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതരാകുന്നുണ്ടെന്നും യുവാവ് പറഞ്ഞു.
കൂടാതെ, പുറത്ത് നിന്ന് ഭക്ഷണം കഴിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ പലപ്പോഴും ലഭിക്കുന്നത് ഗുണനിലവാരം കുറഞ്ഞതും ശുചിത്വം ഇല്ലാത്ത അന്തരീക്ഷത്തിൽ പാചകം ചെയ്യുന്നതുമായ ഭക്ഷണങ്ങൾ ആണെന്നും ഇദ്ദേഹം പറയുന്നു. മോശം റോഡുകളും, അശ്രദ്ധമായ ഡ്രൈവിംഗും, നിരന്തരമുള്ള റോഡ് റേജും കാരണം ഡ്രൈവിംഗ് വളരെ ബുദ്ധിമുട്ടായി തോന്നിയെന്നും പോസ്റ്റിൽ കുറിച്ചു.