സർവീസ് റോഡുകളിൽ നിന്ന് പുതിയ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനു ട്രാഫിക് നിയന്ത്രണങ്ങളുണ്ടെന്നും കാൽനടയാത്രക്കാർ ദേശീയപാത മുറിച്ചുകടക്കരുതെന്നും അധികൃതർ പലതവണ മുന്നറിയിപ്പ് നൽകുന്നതാണ്. പക്ഷേ, മനുഷ്യർ തന്നെ പലപ്പോഴും ഇതൊന്നും വകവയ്ക്കാതെ അപകടങ്ങൾ വരുത്തിവയ്ക്കുന്ന കാലത്ത് പോത്തുകളോടു നിയമമോതിയിട്ട് കാര്യമില്ലല്ലോ.
ഇന്നലെ ഉച്ചകഴിഞ്ഞ് കാസർഗോഡിനു സമീപം ഏരിയാലിൽ പുതിയ ദേശീയപാതയിലൂടെ അലസഗമനം നടത്തിയ പോത്തുകൾ മണിക്കൂറുകളോളമാണു ഗതാഗതതടസം സൃഷ്ടിച്ചത്. ഇരുവശങ്ങളിലും പാർശ്വഭിത്തികളുള്ള ദേശീയപാതയിൽനിന്ന് ഇവയെ പുറത്തെത്തിക്കാനും പാടായതിനാൽ നാലു കിലോമീറ്ററോളം ദൂരം അഗ്നിരക്ഷാസേനാംഗങ്ങൾ ഇവയ്ക്കൊപ്പം നടക്കേണ്ടി വന്നു.
ഏരിയാൽ വയലിൽ മേയാൻ വിട്ടിരുന്ന 12 പോത്തുകളടങ്ങിയ കൂട്ടമാണ് ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പുല്ലുതിന്ന് വയറുനിറഞ്ഞപ്പോൾ ദേശീയപാത സന്ദർശിക്കാനിറങ്ങിയത്. അടുക്കത്ത് വയലിൽനിന്ന് ഏരിയാൽ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെയാണ് ഇവ ദേശീയപാതയിലേക്കു കയറിയത്. കയറിക്കഴിഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതെ ഏരിയാലിൽനിന്ന് കാസർഗോഡ് ഭാഗത്തേക്കു നടന്നുനീങ്ങുകയായിരുന്നു.
പോത്തുകൾ ദേശീയപാതയിലൂടെ നടന്നുനീങ്ങുന്നതു കണ്ട വഴിയാത്രക്കാരാണു കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ പോത്തുകളെ പരമാവധി നിയന്ത്രിച്ച് ദേശീയപാതയുടെ ഒരരികിലേക്കു മാറ്റി.
അണങ്കൂരിൽനിന്നു സർവീസ് റോഡിലേക്ക് ഇറക്കിയതിനു ശേഷം അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കു മാറ്റി 12 പോത്തുകളെയും നാട്ടുകാരുടെ സഹായത്തോടെ കെട്ടിയിട്ടതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. പോത്തുകളെ അശ്രദ്ധമായി അഴിച്ചുവിട്ടതിനു പോലീസ് ഉടമകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.

