പ്രധാനമന്ത്രിയുടെ അടുത്ത സന്ദര്‍ശനം, ഇതുവരെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും സന്ദര്‍ച്ചിട്ടില്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക്! റുവാണ്ട പ്രസിഡന്റിന് മോദി നല്‍കുന്ന സമ്മാനം അതിനേക്കാള്‍ കൗതുകകരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ട്. അധികാരമേറ്റതിനു ശേഷം കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി അദ്ദേഹം നടത്തിയ വിദേശ യാത്രകളുടെയും അതിനായി ചെലവഴിച്ച തുകകളുടെയും കണക്കുകളും പല കേന്ദ്രങ്ങളും പുറത്തുവിടുകയും ചെയ്തിരുന്നു.

എന്നാല്‍ കണക്കുകള്‍ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് പുറത്തു വരുമ്പോഴും അടുത്ത വിദേശ പര്യടനത്തിനായി തയാറെടുക്കുകയാണ് നരേന്ദ്രമോദി. ഇത്തവണ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് മോദിയുടെ പര്യടനം. ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്ര തിരിക്കും എന്നാണറിയുന്നത്. ഇത്തവണ യാത്ര ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കാണ്.

മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലായി അഞ്ച് ദിവസമാണ് മോദിയുടെ സന്ദര്‍ശനം. ജൂണ്‍ 23 മുതല്‍ 27 വരെയാണ് ആഫ്രിക്കന്‍ സന്ദര്‍ശനം. ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. ആദ്യം റുവാണ്ടയിലേക്കാണ് പോവുക. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

റുവാണ്ടയിലെത്തി അവിടുത്തെ പ്രസിഡന്റിന് സമ്മാനിക്കാനിരിക്കുന്നതാണ് അതിനേക്കാളൊക്കെ കൗതുകകരം. റുവാണ്ടയിലെത്തുന്ന മോദി പ്രസിഡന്റ് പോള്‍ കാഗമിന് സമ്മാനമായി നല്‍കുന്നതാണ് അതിലും കൗതുകകരം. ‘ഗിരിങ്ക’ പദ്ധതിയുടെ ഭാഗമായാണ് മോദി പശുക്കളെ സമ്മാനമായി നല്‍കുന്നതത്രേ.

2006 ല്‍ റുവാണ്ട ഭരണകൂടം ആരംഭിച്ച പദ്ധതിയാണ് ‘ഗിരിങ്ക’. ‘ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു പശു’ എന്നതാണ് പദ്ധതിയുടെ ആശയം. ഇതിനോടകം 3.5 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്നാണ് റുവാണ്ട ഭരണകൂടം പറയുന്നത്.

റുവാണ്ടയില്‍നിന്നും ഉഗാണ്ടയിലേക്കാണ് നരേന്ദ്ര മോദി പോവുക. രണ്ട് ദിവസത്തെ ഉഗാണ്ട സന്ദര്‍ശനത്തിനിടെ മോദി ഉഗാണ്ട പാര്‍ലമെന്റിനേയും ഇന്ത്യക്കാരേയും അഭിസംബോധന ചെയ്യും. അവിടെനിന്നും മോദി ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറിള്‍ റാമഫോസയുമായി കൂടിക്കാഴ്ച നടത്തും. ബ്രിക്സ് ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുക്കും.

അധികാരത്തിലെത്തിയതിന് ശേഷം മോദി സന്ദര്‍ശിച്ചത് 84 രാജ്യങ്ങളായിരുന്നു. ഇതിനായി ചെലവഴിച്ചതാകട്ടെ കോടികളും. 2014 മുതല്‍ വിദേശ യാത്രകള്‍ നടത്താനായി മോദി ചെലവഴിച്ചത് 1,484 കോടി രൂപയെന്നാണ് കണക്കുകള്‍.

വിദേശയാത്രകളില്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ പരിപാലനത്തിനായി 1088.42 കോടി രൂപയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപയും ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് 9.12 കോടി രൂപയും ചെലവായി. 2014 മെയ് മാസത്തില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം 42 വിദേശയാത്രകളില്‍ 84 രാജ്യങ്ങളാണ് നരേന്ദ്ര മോദി സന്ദര്‍ശിച്ചത്.

Related posts