ലാല്‍ ജോസ് ചിത്രമായ സ്പാനിഷ് മസാലയിലേതിന് സമാനമായ മറ്റൊരു സംഭവം! റഷ്യന്‍ സുന്ദരിയും ഇക്കണോമിക് ഓഫീസറുമായ യുവതിയും ഗോവയിലെ ബിയര്‍ പാര്‍ലര്‍ ജീവനക്കാരനായ യുവാവും തമ്മിലുള്ള അപൂര്‍വ പ്രണയകഥ ഇങ്ങനെ

സ്പാനിഷ് മസാല എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് പറഞ്ഞു വയ്ക്കുന്ന മനോഹാരമായ ഒരു പ്രണയ കഥയുണ്ട്. സ്പാനിഷ് പ്രഭു കുടുംബത്തിലെ യുവതിയുടെയും തനി നാടന്‍ മലയാളി യുവാവിന്റെയും അപൂര്‍വ പ്രണയ കഥ. ഇതിന് സമാനമായ ഒരു സംഭവമാണ് മധ്യപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് പുറത്തു വരുന്നത്.

ഇരുപത്തിയഞ്ചുകാരിയായ റഷ്യന്‍ സുന്ദരി അനസ്തറ്റയുടെയും ഇന്ത്യന്‍ യുവാവിന്റെയും കഥ. റഷ്യന്‍ പാര്‍ലമെന്റിലെ ഇക്കണോമിക് ഓഫീസര്‍ കൂടിയാണ് യുവതി.

ഗോവയിലെ ഒരു ബിയര്‍ പാര്‍ലര്‍ ജോലിക്കാരനായ നരേന്ദ്രന്‍ എന്ന യുവാവാണ് കഥയിലെ നായകന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലെ കൂലിപ്പണിക്കാരനായ കാശിറാം ലോധിയുടെ മൂന്നു മക്കളില്‍ മൂത്തവന്‍.

വീട്ടിലെ ദാരിദ്യം മാറ്റാന്‍ വേണ്ടിയാണ് നരേന്ദ്ര ഒരു സുഹൃത്തു വഴി ഗോവയിലെത്തി ഒരു ബാറില്‍ ഹെല്‍പ്പര്‍ ആയി ജോലി തുടങ്ങിയത്. വര്‍ഷത്തില്‍ ഒന്നു രണ്ട് തവണ അവധി ആഘോഷിക്കാന്‍ ഗോവയില്‍ എത്തിയിരുന്ന അനസ്തറ്റ ഈ സമയത്താണ് നരേന്ദ്രയെ കാണുന്നത്.

ഇംഗ്ലീഷ് ഇരുവര്‍ക്കും വശമില്ലായിരുന്നെങ്കിലും ഇരുവരും പരസ്പരം സംസാരിച്ചു. നരേന്ദ്രയുടെ കൈയ്യില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങി പിറ്റേന്ന് തന്നെ അനസ്തറ്റ റഷ്യക്ക് മടങ്ങുകയും ചെയ്തു.

റഷ്യയില്‍ എത്തിയ അനസ്തറ്റ നരേന്ദ്രയെ ഫോണ്‍ ചെയ്തു. ഭാഷ അറിയില്ലെങ്കിലും ഇരുവരും സംസാരിച്ചു. അനസ്തറ്റ തന്നെ അളവറ്റു സ്‌നേഹിക്കുന്നുവെന്ന് നരേന്ദ്രയ്ക്ക് അന്ന് മനസ്സിലായി. ഓരോ മൂന്നുമാസം കഴിയുമ്പോഴും നരേന്ദ്രയ്ക്ക് എന്തെങ്കിലും സമ്മാനങ്ങളുമായി അനസ്തറ്റ ഗോവയില്‍ എത്തി.

മൂന്ന് വര്‍ഷത്തോളം ഇവരുടെ പ്രണയം നീണ്ടു നിന്നു. ഈ സമയത്തിനുള്ളില്‍ സ്വന്തമായും പരസ്പരവും ആശയവിനിമയം നടത്താനുള്ള ഭാഷാ വൈദഗ്ധ്യം ഇരുവരും നേടിയെടുത്തു. അനസ്തറ്റ പിന്നീട് വന്നത് നരേന്ദ്രക്കുള്ള വിസയും ടിക്കറ്റുമായാണ്.

തുടര്‍ന്ന് മധ്യപ്രദേശിലെത്തി നരേന്ദ്രയുടെ മാതാപിതാക്കളുടെ അനുഗ്രഹം ഇരുവരും വാങ്ങി മോസ്‌ക്കോക്ക് പറന്നു. അവിടെ സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഇരുവരും റഷ്യന്‍ ക്രൈസ്തവ ആചാരപ്രകാരം വിവാഹിതരായി. രണ്ടു മാസം അവിടെത്തന്നെ ഹണിമൂണ്‍ ആഘോഷം.

ഇതിന് ശേഷം അവര്‍ ഇന്ത്യയിലെത്തി. ഒരു മാസം ഇരുവരും ഇന്ത്യയിലുണ്ടായിരുന്നു. നാട്ടിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അപ്പോള്‍ അവിടെ മറ്റൊരു സംഭവം അരങ്ങേറി. രജിസ്റ്റാറുടെ ഓഫീസില്‍ എത്തിയ നരേന്ദ്രക്കും അനസ്തറ്റക്കും ഇരിക്കാന്‍ കസേര നല്‍കിയില്ല. എന്നാല്‍ അനസ്തറ്റ റഷ്യയില്‍ ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥയാണെന്ന് അറിവായപ്പോള്‍ അവര്‍ക്കായി ഒരു കസേര വരുത്തി നല്‍കി.

വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയ ശേഷം രണ്ടാളും റഷ്യക്കു മടങ്ങിയിരിക്കുകയാണ്. ഇടയ്ക്കിടെ നാട്ടിലെത്തുകയും ചെയ്യും. നരേന്ദ്രയുടെ കുടുംബത്തിനും താങ്ങായിരിക്കുകയാണ് അനസ്തറ്റ ഇപ്പോള്‍. നാട്ടിലെത്തിയാല്‍ എല്ലാവര്‍ക്കും കൗതുകക്കാഴ്ച കൂടിയാണ് ഈ ദമ്പതികള്‍.

Related posts