ഒരു അപൂര്‍വ പ്രണയകഥ ! ഗോവയിലെ ബിയര്‍ പാര്‍ലര്‍ ജോലിക്കാരനെ റഷ്യന്‍ പാര്‍ലമെന്റില്‍ ഇക്കണോമിക് ഓഫീസറായ റഷ്യന്‍ സുന്ദരി പ്രേമിച്ച കഥയിങ്ങനെ…

പറയാന്‍ പോകുന്നത് ഒരു അപൂര്‍വ പ്രണയകഥയെക്കുറിച്ചാണ്. കഥാനായിക ഇരുപത്തിയഞ്ചുകാരി റഷ്യന്‍ സുന്ദരി അനസ്തറ്റ.റഷ്യന്‍ പാര്‍ലമെന്റിലെ ഇക്കണോമിക് ഓഫീസറാണ് കക്ഷി. കഥാനായകനാവട്ടെ ഒരു ഇന്ത്യക്കാരനാണ്. ഗോവയിലെ ഒരു ബിയര്‍ പാര്‍ലറിലെ ജോലിക്കാരനായ നരേന്ദ്രനാണ് അനസ്തറ്റയുടെ ഹൃദയം കീഴടക്കിയ ആ ഭാഗ്യവാന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലെ കൂലിപ്പണിക്കാരായ കാശിറാം ലോധിയുടെ മൂന്നു മക്കളില്‍ മൂത്തവനായിരുന്നു നരേന്ദ്ര.

നരേന്ദ്രയുടെ അച്ഛനുമമ്മയും വയലില്‍ കൂലിപ്പണിക്ക് പോകുന്നവരാണ്. സ്വന്തമായി വസ്തു പേരിനു മാത്രം. അതിലൊരു ചെറിയ വീട്. വീട്ടിലെ ദാരിദ്യം മാറ്റാന്‍ വേണ്ടിയാണ് നരേന്ദ്ര ഒരു സുഹൃത്തു വഴി ഗോവയിലെത്തി ഒരു ബാറില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തത്. വെറും പത്താം ക്ലാസുകാരനായ നരേന്ദ്രയ്ക്ക് ആറു മാസം കഴിഞ്ഞപ്പോള്‍ ഗോവയില്‍ ബിയര്‍ പാര്‍ലറിലെ ബാര്‍മാന്‍ ( വെയിറ്റര്‍ ) ആയി സ്ഥാനക്കയറ്റം ലഭിച്ചു. വര്‍ഷത്തില്‍ ഒന്നു രണ്ട് തവണ അവധി ആഘോഷിക്കാന്‍ ഗോവയില്‍ എത്തിയിരുന്ന അനസ്തറ്റ ഈ സമയത്താണ് നരേന്ദ്രയെ കാണുന്നത്. ഇംഗ്ലീഷ് ഇരുവര്‍ക്കും വശമില്ലായിരുന്നെങ്കിലും അവര്‍ ആദ്യമായി ആശയവിനിമയം നടത്തി. നരേന്ദ്രയുടെ കൈയ്യില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങി പിറ്റേന്ന് തന്നെ അനസ്തറ്റ റഷ്യക്ക് മടങ്ങി.

എന്നാല്‍ റഷ്യയില്‍ എത്തിയ അനസ്തറ്റ നരേന്ദ്രയെ ഫോണ്‍ ചെയ്തു. ഭാഷ അറിയില്ലെങ്കിലും ഇരുവരും സംസാരിച്ചു. അനസ്തറ്റ തന്നെ അളവറ്റു സ്‌നേഹിക്കുന്നുവെന്ന് നരേന്ദ്രയ്ക്ക് അന്ന് മനസ്സിലായി. ഓരോ മൂന്നുമാസം കഴിയുമ്പോഴും നരേന്ദ്രയ്ക്ക് എന്തെങ്കിലും സമ്മാനങ്ങളുമായി അനസ്തറ്റ ഗോവയില്‍ എത്തി. മൂന്ന് വര്‍ഷത്തോളം ഇവരുടെ പ്രണയം നീണ്ടു നിന്നു. ഈ സമയത്തിനുള്ളില്‍ സ്വന്തമായും പരസ്പരവും ആശയവിനിമയം നടത്താനുള്ള ഭാഷാ വൈദഗ്ധ്യം ഇരുവരും നേടിയെടുത്തു. അനസ്തറ്റ പിന്നീട് വന്നത് നരേന്ദ്രക്കുള്ള വിസയും ടിക്കറ്റുമായാണ്.

തുടര്‍ന്ന് മധ്യപ്രദേശിലെത്തി നരേന്ദ്രയുടെ മാതാപിതാക്കളുടെ അനുഗ്രഹം ഇരുവരും വാങ്ങി മോസ്‌ക്കോക്ക് പറന്നു. അവിടെ സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഇരുവരും റഷ്യന്‍ ക്രൈസ്തവ ആചാരപ്രകാരം വിവാഹിതരായി. രണ്ടു മാസം അവിടെത്തന്നെ ഹണിമൂണ്‍ ആഘോഷം. അതിനു ശേഷം ഇന്ത്യയിലേക്ക് പറന്നു. പിന്നെ ഒരു മാസം ഇന്ത്യയില്‍ ചുറ്റിക്കറങ്ങി. ഡല്‍ഹിയില്‍ നിന്ന് നേരെ മധ്യപ്രദേശിലെ ഗ്രാമത്തിലെത്തി. വിവാഹം ഇവിടെ രജിസ്റ്റര്‍ ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

അതിനായി അവര്‍ സാഗര്‍ ജില്ല ആപ്പര്‍ കളക്ടര്‍ ഓഫീസിലെത്തി തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയും രേഖകളും സമര്‍പ്പിച്ചു. അപ്പോള്‍ അവിടെ മറ്റൊരു സംഭവം അരങ്ങേറി. രജിസ്ട്രാറുടെ ഓഫീസില്‍ എത്തിയ നരേന്ദ്രക്കും അനസ്തറ്റക്കും ഇരിക്കാന്‍ കസേര നല്‍കിയില്ല. എന്നാല്‍ അനസ്തറ്റ റഷ്യയില്‍ ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥയാണെന്ന് അറിവായപ്പോള്‍ അവര്‍ക്കായി ഒരു കസേര വരുത്തി നല്‍കി.വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയ ശേഷം രണ്ടാളും റഷ്യക്കു മടങ്ങി. ഇന്ന് നരേന്ദ്ര അവിടെ, അനസ്തറ്റയുടെ കുടുംബ പരമായ ബിസ്സിനസ് നോക്കി നടത്തുകയാണ്.

എങ്കിലും ഇടയ്ക്കിടെ ഇരുവരും ഇവര്‍ ഇന്ത്യയിലേക്ക് വരാറുണ്ട്. വരുമ്പോഴെല്ലാം നരേന്ദ്രയുടെ വീട്ടിലാണ് തങ്ങുന്നത്. വീടൊക്കെ പുതുക്കിപ്പണിതു മോടിപിടിപ്പിച്ചു. തങ്ങള്‍ ഇടയ്ക്കിടെ ഇവിടെ വരുമെന്നും നരേന്ദ്രയുടെ കുടുംബത്തിന് എന്നും താങ്ങായി ഉണ്ടാകുമെന്നും അനസ്തറ്റ പറഞ്ഞു. ഇരുവരുടെയും നാട്ടിലെ യാത്രയെല്ലാം അനസ്തറ്റ സമ്മാനമായി നല്‍കിയ ബജാജ് ഡിസ്‌ക്കവര്‍ ബൈക്കിലാണ്. അപ്പോഴെല്ലാം നാട്ടുകാര്‍ക്ക് ഈ ദമ്പതികള്‍ ഒരു കൗതുകമാകാറുണ്ട്. ഇരുവരും വിവാഹത്തിലൂടെ ഒന്നായിട്ട് രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു.എന്തായാലും ഇരുവരും ഹാപ്പിയാണ്.

Related posts