ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയുണ്ടായ സ്ഫോടനങ്ങളിൽ 55 പേർക്കു പരിക്കേറ്റു. വടക്കൻ ജക്കാർത്തയിലെ കെലാപാ ഗേഡിംഗ് എന്ന സ്ഥലത്ത് സർക്കാർ ഹൈസ്കൂൾ വളപ്പിൽ സ്ഥിതിചെയ്യുന്ന മോസ്കിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്.
സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. അതേസമയം, ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. തോക്കുകൾ പോലുള്ള രണ്ടു വസ്തുക്കൾ സ്ഫോടനമേഖലയിൽനിന്നു കണ്ടെത്തിയതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഇവ കളിത്തോക്കുകളാണെന്ന് സ്ഥലം സന്ദർശിച്ച ഒരു മന്ത്രി പിന്നീട് പറഞ്ഞു. സ്കൂളിൽ സഹപാഠികളുടെ കളിയാക്കൽ നേരിടുന്ന ഒരു വിദ്യാർഥി നാടൻ ബോംബ് കൊണ്ടുവന്നതായി മറ്റൊരു വിദ്യാർഥി ഇന്തോനേഷ്യൻ മാധ്യമങ്ങളോടു പറഞ്ഞു.

