അവര്‍ക്കാകാമെങ്കില്‍ ഞങ്ങള്‍ക്കായാലെന്താ ! ഇടതുപക്ഷ സംഘടനകള്‍ക്കു പിന്നാലെ നോക്കുകൂലി വാങ്ങി ഐഎന്‍ടിയുസിയും;അന്യായകൂലി താങ്ങാനാവാതെഇന്റര്‍ലോക്ക് കട്ടകള്‍ ദമ്പതികള്‍ ചേര്‍ന്നിറക്കി

നോക്കുകൂലി തങ്ങളുടെ ജന്മാവകാശമാണെന്ന രീതിയില്‍ ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇപ്പോഴതാ കോണ്‍ഗ്രസ് തൊഴാലാളി സംഘടനയും നോക്കുകൂലിയുടെ പാതയില്‍ എത്തിയിരിക്കുകയാണ്. തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ട കൂലി നല്‍കാന്‍ കഴിവില്ലാത്തതിനാല്‍ വീട്ടുമുറ്റത്ത് വിരിക്കാന്‍ കൊണ്ടുവന്ന ഇന്റര്‍ലോക്ക് കട്ടകള്‍ ഒടുവില്‍ ദമ്പതികള്‍ ഒറ്റയ്ക്കിറക്കുകയായിരുന്നു. ഒരു ലോഡ് കട്ടകള്‍ നിലത്തിറക്കി കഴിഞ്ഞപ്പോള്‍ നോക്കുകൂലി കിട്ടാതെ പിരിഞ്ഞുപോകില്ലെന്ന് ഭീഷണി മുഴക്കിയ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കട്ടകമ്പനി ഏജന്റില്‍ നിന്ന് 8000 രൂപ വാങ്ങിയാണ് മടങ്ങിയത്. പത്തനംതിട്ട നഗരത്തില്‍ ശനിയാഴ്ചയാണ് സംഭവം.

പത്തനംതിട്ട നഗരസഭയ്ക്ക് എതിര്‍വശത്ത് താമസിക്കുന്ന കുഴിയില്‍ മനോജിന്റെ വീട്ടിലാണ് മുറ്റത്ത് വിരിക്കാന്‍ ഒരു ലോഡ് ഇന്റര്‍ലോക്ക് കട്ടകള്‍ കൊണ്ടുവന്നത്. ഓമല്ലൂരില്‍ നിന്നാണ് കൊണ്ടുവന്നത്. ലോഡ് ഇറക്കാന്‍ ലോറിയില്‍ നാല് തൊഴിലാളികളെ കമ്പനി ഉടമ അയച്ചിരുന്നു. ഒരു ലോഡ് കട്ടകള്‍ നിലത്തിറക്കി കഴിഞ്ഞപ്പോള്‍ തൊഴിലാളികള്‍ എതിര്‍പ്പുമായി എത്തിയെങ്കിലും ചര്‍ച്ചയ്‌ക്കൊടുവില്‍ അവര്‍ വഴങ്ങി. എന്നാല്‍ ലോറിയില്‍ വന്നവര്‍ ഇറക്കിയാല്‍ 3000 രൂപ നോക്കുകൂലി നല്‍കണമെന്ന നിബന്ധന മുന്നോട്ടുവച്ചു. എന്നാല്‍ പണം നല്‍കാം, പക്ഷേ ലോഡ് ഇറക്കി നല്‍കണമെന്ന് വീട്ടുടമയും ആവശ്യപ്പെട്ടു. എന്നാല്‍ പണിയെടുക്കാന്‍ തയ്യാറല്ല എന്ന നിലപാടിലാണ് അവര്‍. തുടര്‍ന്ന് 2000 രൂപ നല്‍കിയാല്‍ മതി പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലായി യൂണിയന്‍ തൊഴിലാളികള്‍.

തര്‍ക്കം രൂക്ഷമായതോടെ മനോജ് ലോറിയില്‍ നിന്ന് കട്ടകള്‍ ഇറക്കിതുടങ്ങി. സഹായിക്കാന്‍ ഭാര്യയും മുന്നോട്ടുവന്നു. വീട്ടുടമയുടെ അപ്രതീക്ഷിത നീക്കം യൂണിയനുകള്‍ക്ക് കനത്ത അടിയായെങ്കിലും അവരും പിന്നോട്ടുമാറിയില്ല. തര്‍ക്കം തുടരുന്നതിനിടെ 20 മിനിറ്റുകൊണ്ട് മനോജും ഭാര്യയും ചേര്‍ന്ന് കട്ടകള്‍ ഇറക്കിവച്ചു.
എന്നാല്‍ നോക്കുകൂലി കിട്ടാതെ പിരിഞ്ഞുപോകില്ലെന്ന് ഭീഷണി മുഴക്കിയ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കട്ടകമ്പനി ഏജന്റില്‍ നിന്ന് 8000 രൂപ വാങ്ങിയാണ് മടങ്ങിയത്. സംഭവത്തെപ്പറ്റി അറിയില്ലെന്നും അന്വേഷിക്കുമെന്നും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഷംസുദ്ദീന്‍ അറിയിച്ചു.

 

Related posts