ഇറ്റലിയില്‍ മരണം 2500 കഴിഞ്ഞു ! ഇന്നലെ മാത്രം മരിച്ചത് 345 പേര്‍; രോഗബാധിതരെല്ലാം മരണഭയത്തില്‍; ശാപം ബാധിച്ച നാടായി ഇറ്റലി മാറുമ്പോള്‍…

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ജീവനെടുക്കുന്നത് ഇറ്റലിയാണ്. ഇതിനോടകം മരണസംഖ്യ 2500 കടന്ന ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 31,500 ആണ്. നിലവിലെ സൗകര്യങ്ങള്‍ രോഗബാധയെ ചെറുക്കാന്‍ അപര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തര്‍ക്കും രോഗബാധയേല്‍ക്കുന്നത് ഇവരെ വലയ്ക്കുകയാണ്.

പല ആശുപത്രികളിലെയും സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് രോഗം ബാധിച്ചത് ചികിത്സയെയും ബാധിക്കുന്നുണ്ട്. ഇന്റെന്‍സീവ് കെയര്‍ യൂണിറ്റുകളുടെ അലഭ്യതയാണ് മറ്റൊരു പ്രശ്നം. ‘മൂന്നാഴ്ച മുന്‍പ് വരെ ഞങ്ങള്‍ എല്ലാ രോഗികള്‍ക്കും എല്ലാത്തരത്തിലുമുള്ള പരിചരണം ഉറപ്പ് വരുത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഐസിയുവില്‍ ഏതെല്ലാം രോഗികളെ കിടത്തണമെന്ന് തിരഞ്ഞു പിടിക്കേണ്ട ഗതികേടിലാണ്. അത്രയധികം വര്‍ദ്ധിച്ചു രോഗബാധിതരുടെ എണ്ണം’ഇന്റന്‍സീവ് കെയര്‍ സ്പെഷ്യലിസ്റ്റ് മിര്‍ക്കോ നിക്കോട്ടി പറയുന്നു.

കൊറോണയുടെ അതിവേഗത്തിലുള്ള വ്യാപനം മറ്റ് ഗുരുതര രോഗങ്ങളുള്ളവരേയും ബാധിക്കുന്നുണ്ട്. അടിയന്തര ശ്രദ്ധ ആവശ്യമായ ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ കിട്ടാതെ പോകാനും ഇത് കാരണമാകുന്നു.

ആംബുലന്‍സുകളുടെ കുറവാണ് മറ്റൊരു പ്രശ്നം. പാപ്പ ഗിയോവാനി ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആഞ്ചലോ പറയുന്നത് അവര്‍ ഒരു ദിവസം 2500 രോഗികളെ വരെ നോക്കുന്നു എന്നാണ്.

അവരില്‍ ഏകദേശം 1500 പേരെ എങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായി എത്തിയ ദുരന്തമായതിനാല്‍, പല ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആവശ്യത്തിനുള്ള പരിശീലനം സിദ്ധിച്ചിട്ടില്ല എന്നതും ഒരു ന്യൂനതയാണ്. ഇതുകാരണം പല ആരോഗ്യ പ്രവര്‍ത്തകരും ഈ മഹാരോഗത്തിനു കീഴടങ്ങുന്നുണ്ട്. ഓക്‌സിജന്‍, അത്യാവശ്യ മരുന്നുകള്‍ എന്നിവയ്ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

മതിയായ ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. പല ആശുപത്രികളിലും ഐസിയുവില്‍ കൂടുതല്‍ ബെഡുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അതൊന്നും തികയാതെ വരികയാണ്.

എത്രയും പെട്ടെന്ന് കൊറോണക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍ പിന്നെ നിസ്സഹായരായി മരിക്കുവാനും, മരിക്കുന്നത് നോക്കി നില്‍ക്കാനും മാത്രമേ കഴിയൂ എന്നാണ് ഒരു സീനിയര്‍ ഡോക്ടര്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ റോമിലെ ആശുപത്രികളില്‍ ഉപയോഗിക്കാതെ കിടന്ന വാര്‍ഡുകള്‍ ഐസിയു ആക്കി മാറ്റിക്കഴിഞ്ഞു.

തന്റെ ആശുപത്രിയിലെ ലോണ്ട്രി ഒരു വെയിറ്റിങ് റൂം ആക്കി മാറ്റിയെന്നും കൂടാതെ മുറ്റത്ത്, പുതുതായി എത്തുന്ന കൊറോണാ ബാധിതരെ പരിശോധിക്കുവാനുള്ള ടെന്റഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ തയ്യാറാക്കിയിട്ടുണ്ട് എന്നും നോര്‍ത്ത് ഇറ്റലിയിലെ ബ്രെസിയ പബ്ലിക് ഹോസ്പിറ്റലിലെ ഡോ. സെര്‍ജിയോ കട്ടേനൊ പറഞ്ഞു.

യൂറോപ്പിലെ കൊറോണാ ബാധയുടെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന ലൊംബാര്‍ഡി മേഖലയില്‍ ബെര്‍ഗാമോ കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗബാധിതരുണ്ടായിരുന്നത് ബ്രെസിയയിലാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണത്തില്‍ ഈ നഗരം ബെര്‍ഗാമോയെ പിന്തള്ളിക്കഴിഞ്ഞു.

തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗത്തിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതോടൊപ്പം ആരോഗ്യരംഗം മെച്ചപ്പെടുത്തുവാനും ഉദ്ദേശിച്ചുകൊണ്ട് ഏകദേശം 25 ബില്ല്യണ്‍ യൂറോയുടെ പാക്കേജ് ഇന്നലെ ഇറ്റലി സര്‍ക്കാര്‍ അംഗീകരിച്ചു.

10,000 ആരോഗ്യ പ്രവര്‍ത്തകരെ അധികമായി നിയമിക്കുന്ന കാര്യം കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലൊംബാര്‍ഡി മേഖലയില്‍ പുതുതായി 1000 ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചിട്ടുമുണ്ട്. അതിനിടയില്‍ മിലാന്‍ ഫെയര്‍ ഗ്രൗണ്ടില്‍ 400 കിടക്കളുള്ള ഐ സി യു ഉള്‍പ്പെടുന്ന ടെന്റഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ പണിയുവാനുള്ള ശ്രമം അധികാരികള്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ അതിന് ആവശ്യമായ വെന്റിലേറ്ററുകളും ആരോഗ്യ പ്രവര്‍ത്തകരും ലഭ്യമല്ല എന്നാണ് സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പറയുന്നത്. മാത്രമല്ല ഇതുവരെ ഏകദേശം 2,300 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ വൈറസ് ബാധിതരായി എന്നതും അവരില്‍ 1900 പേര്‍ ഡോക്ടര്‍മാരോ നഴ്സുമാരോ ആണ് എന്നതും ഈ രംഗത്തുള്ളവരുടെ വേവലാതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്‌പെയിനിലും വൈറസ് അതിവേഗം വ്യാപിക്കുകയാണ്. മരണം ഇതിനോടകം 500 കഴിഞ്ഞു.

Related posts

Leave a Comment