കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ച, വയനാട്ടില്‍ കൂട്ടത്തോടെ മണ്ണിരകള്‍ ചത്തൊടുങ്ങിയത് വന്‍ വിപത്തിന്റെ സൂചന മാത്രം, കല്ലുപൊട്ടിച്ചും മണ്ണിടിച്ചും വികസനത്തിനായി വാദിക്കുന്നവര്‍ വായിക്കാതെ പോകരുത്

കൊടുംപ്രളയത്തിനുശേഷം കേരളം ചിന്തിക്കുകയാണ്, ഇനിയൊരു പ്രളയത്തെ എങ്ങനെ താങ്ങാമെന്ന്. എന്നാല്‍ പ്രകൃതി നല്കുന്ന സൂചനകള്‍ വലിയ വിപത്തിന്റെ വരവിനെയാണ് കാണിക്കുന്നത്.

വയനാട്ടില്‍ പ്രളയത്തിനു മുമ്പും ശേഷവും മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും കൊടും വരള്‍ച്ച വരുന്നതിനു മുമ്പും ഇതേ പ്രതിഭാസം ഉണ്ടായിരുന്നു. നദികളില്‍ വന്‍തോതില്‍ വെള്ളം കുറഞ്ഞതും ഇപ്പോഴത്തെ പ്രതിഭാസവും മുന്‍കരുതലെടുക്കണമെന്ന മുന്നറിയിപ്പാണ് നല്കുന്നത്.

2016 ഒക്ടോബറില്‍ വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. തുടര്‍ന്ന് കാര്‍ഷിക, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഈ സ്ഥലങ്ങള്‍ പരിശോധിച്ച് മണ്ണു ചുട്ടുപൊള്ളുന്നതാണ് കാരണമെന്ന് കണ്ടെത്തി. കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. കൊടും വരള്‍ച്ചയുടെ സൂചനയാണിതെന്ന നിഗമനവും അന്ന് ശരിയായി.

ഇതിനൊപ്പം തന്നെ കൂട്ടിവായിക്കേണ്ടതാണ് മയിലുകള്‍ കേരളത്തില്‍ പെരുകുന്നതും. നാട്ടില്‍ മയിലുകള്‍ പെരുകുന്നതും കുറുക്കന്റെയും കാട്ടുനായ്ക്കളുടെയും എണ്ണം കുറയുന്നതും സമീപഭാവിയില്‍ വരാനിരിക്കുന്ന ആപല്‍സൂചനകളാ ണെന്ന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഓര്‍ണിത്തോളജി വിഭാഗം മേധാവിയും ഇന്ത്യയിലെ തന്നെ പ്രശസ്ത സസ്തനി വിഭാഗം ഗവേഷകനുമായ പ്രഫ. ഡോ. മണി ചെല്ലപ്പന്‍ പറയുന്നു.

സ്വാഭാവിക വനത്തിന്റെ നാശമാണ് മയിലുകള്‍ പെരുകാന്‍ കാരണമാകുന്നത്. വനം ഇല്ലാതായി അവിടെയെല്ലാം ഇപ്പോള്‍ പൊന്തക്കാടുകള്‍ വ്യാപകമാകുമ്പോഴാണ് മയിലുകള്‍ പെരുകുക. ഇത്തരം കുറ്റിക്കാടുകളാണ് മയിലുകളുടെ ആവാസകേന്ദ്രങ്ങള്‍.

സ്വാഭാവികവനം ഇല്ലാതാകുന്നതിനു പിന്നാലെ വരള്‍ച്ചയുണ്ടാകാനുള്ള മുന്നറിയിപ്പുകളാണ് മയിലുകളുടെ പെരുപ്പത്തില്‍ സൂചന നല്കുന്നത്. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് മയിലുകളുടെ എണ്ണം കൂടുതലുള്ളത്. കാട്ടുനായ്ക്കളും കുറുക്കനും കുറയുന്നതാണ് കാട്ടുപന്നികള്‍ പെരുകാന്‍ കാരണമാകുന്നത്.

വയനാട്ടിലെ പോലെ മലയോര പ്രദേശങ്ങളില്‍ പലയിടത്തും മണ്ണിരകള്‍ ചത്തൊടുങ്ങുന്നുണ്ട്. വെയില്‍ വന്നപ്പോഴേക്കും ഭൂമി പലയിടത്തും അസ്വാഭാവികമായ രീതിയില്‍ വിണ്ടുകീറാന്‍ തുടങ്ങി.

വരള്‍ച്ചയുടെ കാലത്തുണ്ടായിരുന്ന അവസ്ഥയാണിത്. പ്രവചനാതീതമായ മാറ്റമാണ് വയനാട്ടിലെ കാലാവസ്ഥയിലും മണ്ണിന്റെ ഘടനയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ അസാധാരണമായ പ്രതിഭാസത്തെ ഭയക്കുക തന്നെ വേണം. ഇതേക്കുറിച്ച് ഗൗരവതരമായ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കരുതിയിരുന്നില്ലെങ്കില്‍ കേരളത്തിന്റെ ആവാസവ്യവസ്ഥ തന്നെ അപകടത്തിലാകുമെന്ന സന്ദേശം മനുഷ്യ മുഖവിലയ്‌ക്കെടുത്തില്ലെങ്കില്‍ വന്‍ ദുരന്തത്തിനാകും നമ്മള്‍ സാക്ഷ്യം വഹിക്കേണ്ടി വരിക.

Related posts