കാഴ്ചയിലും കലയിലും വിജയലക്ഷ്മിയ്ക്ക് ഇനി കൂട്ട് അനൂപ്! മലയാളത്തിന്റെ പ്രിയ ഗായികയ്ക്ക് താലി ചാര്‍ത്തുന്നത് പാലാ സ്വദേശിയായ മിമിക്രി കലാകാരന്‍

വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. അന്ധതയെ സംഗീതംകൊണ്ട് തോല്‍പ്പിച്ച വിജയലക്ഷ്മിയുടെ മനസ് കീഴടക്കിയിരിക്കുന്നതും മറ്റൊരു കലാകരാനാണ്.

ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. നേരത്തേ വിജയലക്ഷ്മിയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയിരുന്നു. എന്നാലിപ്പോള്‍ പാലാ സ്വദേശിയായ യുവാവുമായാണ് വിവാഹം ഉറപ്പിച്ചിരിക്കുന്നത്.

പാലാ പുലിയന്നൂര്‍ കൊച്ചൊഴുകിയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനായ അനൂപ് ആണ് വിജയലക്ഷ്മിക്ക് കൂട്ടായി എത്തുന്നത്. ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്റ്ററും മിമിക്രി കലാകാരനുമാണ് അനൂപ്.

വിജയലക്ഷ്മിയുടെ സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന അനൂപ് വിജയലക്ഷ്മിയെ പോലെ തന്നെ സംഗീതത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ്. വിജയലക്ഷ്മിയുടെ സംഗീതം തന്നെയാണ് അവരെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കാനുള്ള തിരുമാനത്തിന് പിന്നിലെന്നും അനൂപ് പറയുന്നു.

ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. സെപ്റ്റംബര്‍ 10 നാണ് വിവാഹ നിശ്ചയം നടക്കുക. ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി.

നേരത്തേ തൃശ്ശൂര്‍ സ്വദേശിയായ സന്തോഷുമായി വിജയലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2017 മാര്‍ച്ച് 25 നായിരുന്നു വിവാഹം തിരുമാനിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും ഗായിക പിന്‍മാറുകയായിരുന്നു.

കല്യാണത്തിന് മുന്‍പ് വച്ച വ്യവസ്ഥകളില്‍ നിന്ന് സന്തോഷ് വ്യതിചലിച്ചതിനാലാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നായിരുന്നു വിജയലക്ഷ്മി പറഞ്ഞത്. വിവാഹശേഷം സംഗീത പരിപാടി നടത്താതെ സംഗീത അധ്യാപികയായി ജോലി നോക്കിയാല്‍ മാത്രം മതിയെന്നും സന്തോഷ് പറഞ്ഞു.

കൂടാതെ വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് വാക്ക് തന്നിട്ടും പിന്നീട് സന്തോഷിന്റെ ബന്ധുവീട്ടില്‍ താമസിക്കണമെന്ന് വാശിപിടിച്ചെന്നും ഗായിക പറഞ്ഞു. ഇതോടെ വിവാഹം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലെ കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിരുന്നു. ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു.

സ്വതസിദ്ധമായ ശൈലി കൊണ്ടും ശബ്ദം കൊണ്ടും ആസ്വാദകഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി. തന്റെ വൈകല്യത്തെ തോല്‍പ്പിച്ചാണ് വിിജയലക്ഷ്മി സംഗീത ലോകത്ത് ഇടംകണ്ടെത്തിയത്.

അധികമാരും കൈവെയ്ക്കാത്ത ഗായത്രി വീണയില്‍ വിദഗ്ധയാണ് വിജയലക്ഷ്മി. ശാസ്ത്രീയ സംഗീതത്തിലും അഗാധമായ അറിവ് ഈ കലാകാരിക്ക് ഉണ്ട്. ഇപ്പോള്‍ തമിഴ് ഉള്‍പ്പെടെയുളള ഭാഷകളില്‍ വിജയലക്ഷ്മി പാടുന്നുണ്ട്. ധാരാളം ആരാധകരും ഇവര്‍ക്കുണ്ട്.

Related posts