കണ്ണുനീര്‍ കാഴ്ചയെ മറച്ചു പിടിച്ചിട്ടും തങ്ങളുടെ സംസ്‌കാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അവര്‍ തയാറായില്ല! കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ജപ്പാന്‍ ആരാധകര്‍ അത് ചെയ്തു; കൈയ്യടിയുമായി ലോകം

ജയിക്കാനായി കിണഞ്ഞ് പരിശ്രമിച്ചിട്ടും, വീറോടെ പൊരുതിയിട്ടും അവസാന നിമിഷം ലോകകപ്പ് വേദിയില്‍ നിന്ന് നിരാശരായി മടങ്ങേണ്ടി വന്നവരാണ് ജപ്പാന്‍ ഫുട്‌ബോള്‍ ടീം. ബെല്‍ജിയവുമായി കട്ടയ്ക്ക് പിടിച്ചു നിന്നെങ്കിലും അവസാന നിമിഷം വീണപ്പോള്‍ റഷ്യയില്‍ തങ്ങളുടെ താരങ്ങളെ സപ്പോര്‍ട്ട് ചെയ്യാനെത്തിയ ജപ്പാന്‍ ആരാധകരുടെയും നെഞ്ച് തകര്‍ന്നു.

ഉള്ളുലഞ്ഞ്, നിറഞ്ഞ കണ്ണുകളുമായി ഓടിനടന്ന് അവര്‍ സ്റ്റേഡിയം വൃത്തിയാക്കി. ആദ്യ റൗണ്ടിലെ മത്സരത്തിനിടയിലും വൃത്തിയുടെ കാര്യത്തില്‍ ജപ്പാന്റെ സംസ്‌കാരമെന്തെന്ന് അവര്‍ ലോകത്തിന് കാട്ടിക്കൊടുത്തിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അങ്ങനെ അവര്‍ ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കി. ഈ ലോകകപ്പിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നായി അവരുടെ പ്രവൃത്തി മാറുകയും ചെയ്തു.

പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ ജപ്പാന്‍ കുട്ടികളെ മാതാപിതാക്കള്‍ ചെറുപ്പത്തിലേ പരിശീലിപ്പിക്കുന്നുണ്ട്. ആ പരിശീലനം അവരുടെ ജീവിതചര്യയുടെ ഭാഗമാണെന്ന വസ്തുത ലോകം മനസിലാക്കുന്നത് റഷ്യയിലെ ഈ കാഴ്ചകളില്‍ നിന്നാണ്. ലോകത്തിന് മുഴുവന്‍ ഒരു നല്ല മാതൃക നല്‍കിയശേഷമാണ് ജപ്പാന്‍ മടങ്ങിയതെന്ന് ചുരുക്കം. ഇക്കാര്യത്തില്‍ അവര്‍ക്ക് ലോകം നല്‍കുന്ന അംഗീകാരവും അഭിനന്ദനവും ലോകകപ്പ് കിട്ടിയതിന് തുല്യവും.

Related posts