ആസിഡ് ആക്രമണം ഭയന്നാണ് ഞാന്‍ മണ്ഡലം വിട്ടുപോയത്! തിരഞ്ഞെടുപ്പ് റാലിയില്‍ വിങ്ങിപ്പൊട്ടി രാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദ; വീഡിയോ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, സ്ഥാനാര്‍ത്ഥികളുടെ ചില വൈകാരിക പ്രകടനങ്ങള്‍ വാര്‍ത്തയാവാറുണ്ട്. വലിയ ജനക്കൂട്ടത്തെയും മറ്റും അഭിസംബോധന ചെയ്യുന്ന അവസരങ്ങളില്‍ വികാരാധീനരാവാറുണ്ട് സ്ഥാനാര്‍ത്ഥികള്‍. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ, രാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ജയപ്രദ വിങ്ങിപ്പൊട്ടിയതിന്റെ ദൃശ്യങ്ങളും വാര്‍ത്തയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്.

മണ്ഡലം വിട്ടുപോകാനുള്ള കാരണം വ്യക്തമാക്കുന്നതിനിടെയാണ് ജയപ്രദ വികാരാധീനയായത്. ‘സമാജ്വാദി പാര്‍ട്ടിയിലെ അസം ഖാന്റെ ആക്രമണമാണ് കാരണം. അസം എന്നെ ആസിഡ് ഒഴിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് എനിക്ക് രാംപൂര്‍ വിടേണ്ടി വന്നത്’-ജയപ്രദ പറഞ്ഞു.

2004, 2009 വര്‍ഷങ്ങളില്‍ രാംപൂരില്‍ നിന്ന് സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചാണ് ജയപ്രദ ലോക്‌സഭയിലെത്തിയത്. അസം ഖാനും ജയപ്രദയും ആദ്യം ചേര്‍ച്ചയിലായിരുന്നവെങ്കിലും പിന്നീട് ശത്രുക്കളായി മാറി. പാര്‍ട്ടിയിലെ ഉള്‍പ്പോരില്‍ ജയലളിതയും പങ്കുചേര്‍ന്നു. അമര്‍ സിങ് ക്യാംപിനൊപ്പം നിലയുറപ്പിച്ച ജയപ്രദയെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 2010ല്‍ എസ്പി പുറത്താക്കി.

തുടര്‍ന്ന് അമര്‍ സിങ്ങും ജയപ്രദയും ചേര്‍ന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി. 2012 നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഒറ്റസീറ്റിലും നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. 2014ല്‍ രാഷ്ട്രീയ ലോക് ദളിനൊപ്പം ചേര്‍ന്ന് ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ബിജ്‌നോര്‍ മണ്ഡലത്തില്‍ മത്സരിച്ച ജയപ്രദ തോറ്റു. 2019 മാര്‍ച്ച് 26നാണ് ജയപ്രദ ബിജെപിക്കൊപ്പം ചേര്‍ന്നത്. രാംപൂര്‍ മണ്ഡലത്തില്‍ എസ്പിയുടെ അസം ഖാന്‍ ആണ് ജയപ്രദയുടെ എതിരാളി.

Related posts