കോട്ടയം: ജെസ്ന മരിയ ജയിംസ് തിരോധാന കേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റ് അടുത്ത മാസം വീണ്ടും അന്വേഷണം തുടങ്ങും. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് സിജെഎം കോടതിയില്‍ സമര്‍പ്പിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം.
കണ്ണിമലയ്ക്കും പുഞ്ചവയലിനും ഇടയിലുള്ള ഒരു പ്രാര്‍ഥനാ കേന്ദ്രം, ജെസ്നയുമായി ഇത്തരത്തില്‍ അടുപ്പം സ്ഥാപിച്ച വ്യക്തി എന്നിവരിലേക്കായിരിക്കും പ്രധാന അന്വേഷണം. ഈ പ്രദേശത്ത് വ്യക്തികളും സമൂഹങ്ങളും നടത്തുന്ന ഏതാനും പ്രാര്‍ഥനാ കേന്ദ്രങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ചിലത് ഹാളുകളിലും ചിലതു വീടുകളോടു ചേര്‍ന്നുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ നടത്തിപ്പുകാരുടെ വരുമാന ഉറവിടം ഉള്‍പ്പെടെ കാര്യങ്ങള്‍ അന്വേഷണത്തില്‍ വരും. ജെസ്ന തിരോധാനത്തിനുശേഷം ഇതില്‍ ചിലതിന്റെ പ്രവര്‍ത്തനം നിലച്ചതായി പറയുന്നു. പല തലങ്ങളില്‍പ്പെട്ടവര്‍ ഇവിടെ സമ്മേളിച്ചിരുന്നു.
വ്യാഴാഴ്ചകളില്‍ കോളജില്‍ പോകാതെ ജെസ്ന ഒരു കേന്ദ്രത്തില്‍ പ്രാര്‍ഥനയ്ക്ക് പോയിരുന്നതായി അടുത്ത കാലത്താണ് അറിയുന്നത്. ഇവിടെ ജെസ്ന ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളും സാഹചര്യങ്ങളും ഉള്‍പ്പെടെയുള്ള സൂചനകളിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളാണ് സിബിഐക്ക് കൈമാറിയിരിക്കുന്നത്. കാണാതാകുമ്പോള്‍ ജെസ്നയുടെ കൈവശം അറുപതിനായിരം രൂപയുണ്ടായിരുന്നു. ഈ തുക ആര്, എന്തിന്, എപ്പോള്‍ നല്കി എന്നതിലും ദൂരൂഹതയുണ്ട്.
ജെസ്നയെ കാണാതായതിനു പിന്നാലെ കുടുംബാംഗങ്ങള്‍ എരുമേലി, വെച്ചൂച്ചിറ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്കിയപ്പോള് പോലീസ് ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. ആദ്യമണിക്കൂറുകളില്‍ അന്വേഷണം തുടങ്ങിയിരുന്നെങ്കില്‍ ജെസ്നയെ കണ്ടെത്താനാകുമായിരുന്നു. അതല്ലെങ്കില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുമായിരുന്നു.
ജെസ്നയുടെ ഡയറികള്‍, നോട്ട്ബുക്കുകള്‍, രക്തം പുരണ്ട തുണി തുടങ്ങി ലോക്കല്‍ പോലീസ് കൊണ്ടുപോയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധന നടന്നില്ല. പോലീസ് കസ്റ്റഡിയില്‍ അത് നഷ്ടപ്പെട്ടതായാണ് സൂചന.ചില ഉന്നതരുടെ സ്വാധീനവും ഇടപെടലും കേസില്‍ ഉണ്ടായതായി സംശയിക്കുന്നു. പ്രാര്‍ഥനാ കേന്ദ്രത്തില്‍നിന്ന് കേസിനു തുമ്പുണ്ടായാല്‍ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കേണ്ടിയിരുന്ന തെളിവുകളാണ് നഷ്ടമായിരിക്കുന്നത്.