തിരുവനന്തപുരം: മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രൻ (63) ആണ് മകന്റെ ആക്രമണത്തിൽ മരിച്ചത്.
സംഭവത്തിൽ രാജേന്ദ്രന്റെ മൂത്തമകൻ രാജേഷിനെ (42) മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കെട്ടിടനിർമാണ തൊഴിലാളികളാണ്. മകന്റെ മർദനമാണ് മരണത്തിന് കാരണംമെന്ന് തെളിഞ്ഞതോടെയാണ് പോലീസ് നടപടിയെടുത്തത്.
രാജേന്ദ്രനെ മെയ് നാലിന് ഉച്ചയ്ക്കാണ് അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്. ഇയാളും മകൻ രാജേഷും തമ്മിൽ വഴക്കുണ്ടായതായും മകന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പരിസരവാസികൾ പറഞ്ഞു. സംഭവസമയത്ത് ഇരുവരും മദ്യപിച്ചിരുന്നു.
അബോധാവസ്ഥയിലായ രാജേന്ദ്രനെ രാജേഷും മറ്റ് ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ രാജേന്ദ്രൻ മറിഞ്ഞുവീണ് പരിക്കേറ്റന്നാണ് പറഞ്ഞത്. പോലീസിൽ അറിയിക്കാതെ മറച്ചുവയ്ക്കാനും ഇവർ ശ്രമിച്ചിരുന്നു. 11 ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ രാജേന്ദ്രൻ ചികിത്സയിലായിരുന്നു.