ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ശക്തി കേന്ദ്രങ്ങളായ സിറിയയിലും ഇറാഖില്‍ നിന്നും തൂത്തെറിയപ്പെട്ടതോടെ കഷ്ടത്തിലായത് ജിഹാദി വധുക്കളാണ്. ഭീകര സംഘടനയില്‍ ആകൃഷ്ടരായി ഭീകരരുടെ വധുക്കളാകാന്‍ സിറിയയിലേക്ക് പാലായനം ചെയ്ത നിരവധി യുവതികള്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹവും പേറി പുനരധിവാസ ക്യാമ്പുകളില്‍ താമസിക്കുകയാണ്. എന്നാല്‍ ഇവരെ സ്വീകരിക്കില്ലെന്ന് ഇവരുടെ മാതൃരാജ്യങ്ങളെല്ലാം തന്നെ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.
ബ്രിട്ടനില്‍ നിന്ന് ഐഎസിലേക്ക് പോയ ഷമീമ ബീഗം ഉള്‍പ്പെടെ നിരവധി ജിഹാദി വധുക്കളാണ് മടക്കം കാത്ത് ക്യാമ്പുകളില്‍ കഴിയുന്നത്. മുമ്പ് ഐഎസിനെ നിരാകരിക്കാന്‍ മടിച്ചിരുന്ന ഷമീമ ഇപ്പോള്‍ സ്വരം മാറ്റുകയാണ്. താന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നാണ് അവര്‍ ഇപ്പോള്‍ തുറന്നു പറയുന്നത്. തന്റെയൊപ്പം ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോന്ന കൂട്ടുകാരികളെല്ലാം കൊല്ലപ്പെട്ടെന്നും ഇപ്പോള്‍ കഴിയുന്ന അഭയാര്‍ഥി ക്യാമ്പുകളേക്കാള്‍ ഭേദം ബ്രിട്ടനിലെ ജയിലുകളാണെന്നും ഷമീമ പറയുന്നു.
ഐഎസ് ക്യാമ്പുകളില്‍ കൊടിയ പീഡനം അനുഭവിക്കുകയും ഒടുവില്‍ രക്ഷപ്പെടുകയും ചെയ്ത യസീദിയായ നോബല്‍ സമ്മാന ജേത്രി നാദിയ മുറാദിന്റെ വാക്കുകളിലൂടെയാണ് ജിഹാദി വധുക്കളുടെ ദുരവസ്ഥ ലോകം കേട്ടത്.നാദിയ മുറാദ്, ഷമീമ ബീഗം, യുഎസില്‍ നിന്ന് ഐഎസില്‍ എത്തിയ ഹുഡ മുത്താന എന്നിവരുടെ ജീവിതം ഐഎസ് ക്യാംപുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കൊടുംക്രൂരതകളാണ് വെളിപ്പെടുത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായെത്തുന്ന പെണ്‍കുട്ടികള്‍ ജിഹാദി വധുവെന്ന പേരില്‍ ഭീകരരുടെ കളിപ്പാവകളായി മാറും. ഒരേ സമയം രണ്ടോ മൂന്നോ ഭീകരര്‍ ഇവരെ ലൈംഗികമായി ഉപയോഗിക്കുമെന്നും നാദിയ പറയുന്നു.ഭീകരര്‍ കൂട്ടത്തോടെ ലൈംഗിക ദാഹം തീര്‍ക്കുന്ന നൂറുകണക്കിന് അടിമപെണ്‍കുട്ടികളാണ് മറ്റൊരു വിഭാഗം. പല താവളങ്ങളിലും ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയയായതിനു ശേഷമാകും ഐഎസ് വധുക്കള്‍ എന്നറിയപ്പെടുന്ന പെണ്‍കുട്ടികളെ ഭീകരിലൊരാള്‍ സാധാരണ വിവാഹം ചെയ്യുക. അമേരിക്ക വിട്ട് സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്ന ഹുഡ മുത്താന എന്ന ഇരുപത്തിനാലുകാരിയെ മൂന്ന് ഐഎസ് ഭീകരരാണ് വിവാഹം ചെയ്തത്.
എങ്ങനെയും അമേരിക്കയില്‍ തിരിച്ചെത്തണമെന്ന ആഗ്രഹക്കാരിയാണ് ഹുഡ മുത്താന. ഇവര്‍ക്ക് ഭീകരനില്‍ ജനിച്ച മകന് യുഎസില്‍ വിദ്യാഭ്യാസം നല്‍കാനും ഇവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇവരെ യാതൊരു കാരണവശാലും രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഷമീമ ബീഗത്തിന് മൂന്നു കുഞ്ഞുങ്ങള്‍ പിറന്നെങ്കിലും അവരെല്ലാം പോഷകാഹാരക്കുറവു മൂലം മരിക്കുകയായിരുന്നു. ശാരീരികമായി ഞാന്‍ ആരോഗ്യവതിയാണെങ്കിലും മാനസികമായി പരിതാപകരമായ അവസ്ഥയിലാണ്. 2015 ല്‍ ഐഎസില്‍ എത്തിയതിനു ശേഷം ദിനങ്ങളില്‍ ഞാന്‍ നരകയാതന അനുഭവിക്കുകയാണ്. ചെയ്ത തെറ്റുകള്‍ക്ക് ഞാന്‍ അനുഭവിച്ചു. ഇതിനും ക്രൂരമായ ഒരു ശിക്ഷ എനിക്കു ലഭിക്കാനില്ല’ ഷമീമ പറയുന്നു.
ശക്തികേന്ദ്രങ്ങളില്‍ നിന്ന് ഐഎസ് തൂത്തെറിയപ്പെട്ടതു കൊണ്ടു മാത്രമാണ് അമേരിക്കക്കാരെ ഒന്നടങ്കം കൊല്ലണമെന്ന് ആഹ്വാനം ചെയ്ത മുത്താനയും ഐഎസ് ആശയങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഷമീമയും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നതെന്നും യാതൊരു ദയയും കാണിക്കേണ്ടതില്ലെന്നുമാണ് ലോകരാഷ്ട്രങ്ങളുടെ നിലപാട്. ഷമീമ ബീഗം രാജ്യത്തെത്തിയാല്‍ അവര്‍ക്ക് വധശിക്ഷ നല്‍കുമെന്നായിരുന്നു ബംഗ്ലദേശ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുല്‍ മൊമെന്റെ പ്രസ്താവന. ഷമീമ ബീഗത്തെ ബ്രിട്ടനില്‍ വിചാരണ നേരിടാന്‍ അനുവദിക്കണമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം.
