പതിനെട്ടുകാരന്‍ പയ്യനെ വീട്ടില്‍ വിളിച്ചു വരുത്തി തട്ടിപ്പിന് ശ്രമിച്ചപ്പോള്‍ കഥമാറി, പണംതട്ടാന്‍ ജിനു വനിതാ പോലീസായി, മൊബൈലും ബൈക്കും പോയതോടെ ജിനുവിന്റെ ഹണിട്രാപ്പ് പൊളിഞ്ഞു

തിരുവനന്തപുരത്ത് ഹണിട്രാപ്പിലൂടെ വിദ്യാര്‍ഥികളെ കുടുക്കാന്‍ ശ്രമിച്ച ദമ്പതികളുടെ കൂടുതല്‍ കഥകള്‍ പുറത്തുവരുന്നു. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാക്കളെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബ്ലാക്ക് മെയില്‍ ചെയ്ത് പണവും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും തട്ടിയെടുത്ത ശേഷം യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ തിരുവനന്തപുരം പേട്ട പോലീസിന്റെ പിടിയിലായപ്പോള്‍ പ്രതി ജിനുവെന്ന ഇരുപതുകാരി വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങള്‍.

എല്‍എല്‍ബി മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ ജിനുവും ബിടെക് ബിരുദധാരിയ വിഷ്ണുവും എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അഞ്ച് മാസം മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം ഉണ്ടായ ബാധ്യതകള്‍ തീര്‍ക്കാനാണ് തട്ടിപ്പ് നടത്തിയതെന്നാണ് ഇവരുടെ വിശദീകരണം. വിവാഹശേഷം ഇരുവരും ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്ത് ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ കറങ്ങി. മറ്റൊരു വാഹനം 25,000 രൂപയ്ക്ക് കരമനയിലുള്ള ഒരു സ്ഥാപനത്തില്‍ പണയംവച്ചിട്ടാണ് പോയത്. ടൂറിനും ആര്‍ഭാട ജീവിതത്തിനും പണമില്ലാതെ വന്നപ്പോള്‍ വിഷ്ണു ബൈക്ക് പണയപ്പെടുത്തിയിരുന്നു.

ഈ കടങ്ങളെല്ലാം തീര്‍ക്കാനുള്ള മാര്‍ഗം ആലോചിച്ചപ്പോഴാണ് ഹണിട്രാപ്പെന്ന ആശയം ഇരുവരുടെയും മനസില്‍ ഉടലെടുത്തത്. ജിനു തന്റെ ഫേസ് ബുക്ക് സുഹൃത്തായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഇരയാക്കാമെന്ന് നിര്‍ദേശിക്കുകയും വിഷ്ണു പദ്ധതി തയ്യാറാക്കുകയുമായിരുന്നു. ജിനുവാണ് ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്ന് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് സുഹൃത്താക്കിയത്. ഫേസ് ബുക്കിലെ തന്റെ ഉറ്റ സുഹൃത്താക്കി മാറ്റിയശേഷം വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു. വലയിലായെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് വീട്ടിലേക്ക് ക്ഷണിച്ചത്. സുഹൃത്തുമൊത്ത് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ വിഷ്ണുവും തന്റെ പഴയ സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കിയശേഷമാണ് ബ്‌ളാക്ക് മെയിലിംഗിനിരയാക്കിയത്.

വിദ്യാര്‍ത്ഥിയുടെ ബാലരാമപുരത്തെ വീട്ടില്‍ ഫോണില്‍ ബന്ധപ്പെട്ട ജിനു വിദ്യാര്‍ത്ഥിയുടെ അമ്മയോട് താന്‍ വനിതാ പൊലീസുകാരിയാണെന്ന് പറഞ്ഞു. നഗരത്തില്‍ ബൈക്ക് അപകടത്തില്‍ മകന് പരിക്കേറ്റ് ആശുപത്രിയിലാണെന്നും അവന്റെ എ.ടി.എം അക്കൗണ്ടില്‍ പണമുണ്ടോയെന്നും അന്വേഷിച്ചു. പരീക്ഷാഫീസൊടുക്കാനുള്ള പണം അക്കൗണ്ടിലുണ്ടെന്ന് അറിയിച്ചപ്പോള്‍ എ.ടി.എമ്മിന്റെ പിന്‍നമ്പര്‍ ചോദിച്ചു. അറിയില്ലെന്ന മറുപടി കേട്ട് ഫോണ്‍ കട്ടു ചെയ്ത ജിനു ഈ വിവരം ഭര്‍ത്താവ് വിഷ്ണുവിനെ അറിയിച്ചു.

ഈ സമയം ബ്‌ളാക്ക് മെയിലിംഗിന് വിധേയരായി ജിനുവിന്റെയും വിഷ്ണുവിന്റെയും കസ്റ്റഡിയിലായിരുന്നു എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി. എന്നാല്‍ ദൗത്യം പരാജയപ്പെട്ടതോടെ വിദ്യാര്‍ത്ഥിയുടെ അരലക്ഷം രൂപയുടെ മൊബൈല്‍ഫോണും ബൈക്കും പിടിച്ചെടുത്ത സംഘം ആശുപത്രിയിലേക്കെന്ന വ്യാജേന കാറില്‍കയറ്റി. സംഭവം വിദ്യാര്‍ത്ഥി വീട്ടുകാരോട് തുറന്നുപറഞ്ഞത്. ഇതോടെ ജിനുവും സംഘവും കുടുങ്ങി.

Related posts