ജിഷയുടെ പിതൃത്വം പിപി തങ്കച്ചനില്‍ ആരോപിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ഡിഎന്‍എ ടെസ്റ്റ് നടത്തിയില്ല ? പാപ്പുവിന്റെ അക്കൗണ്ടില്‍ വന്ന ലക്ഷങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇങ്ങനെ…

 

കൊച്ചി: കേരളത്തെ നടുക്കിയ ജിഷ കൊലപാതകക്കേസിലെ ദുരൂഹതകള്‍ കൂടുന്നു. ആരാണ്, എന്തിനാണ് ജിഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു കൊലപാതകത്തിന്റെ അടുത്ത നാളുകളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍.അമീറുല്‍ ഇസ്ലാമെന്ന ആസാംകാരനാണ് കൊലയാളിയെന്ന് പൊലീസ് പറഞ്ഞതും കസ്റ്റഡിയില്‍ എടുത്തതും. എന്നാല്‍, ജിഷയുടെ യഥാര്‍ത്ഥ ഘാതകന്‍ അമീറുള്‍ തന്നെയാണോ? എന്ന സംശയം ഇപ്പോഴും ഒട്ടുമിക്ക ആളുകളിലും അവശേഷിക്കുന്നു.

അമീറുള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ അഡ്വ. ആളൂര്‍ ഇന്നലെ നടത്തിയ വെളിപ്പെടുത്തല്‍ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. അനാറൂല്‍ ഇസ്ലാം എന്ന അമീറിന്റെ സുഹൃത്താണ് യഥാര്‍ത്ഥ കൊലയാളിയെന്നും ഇയാളെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്നുമാണ് പുറത്തുവന്ന വാര്‍ത്തകള്‍. ജിഷയുടെ അച്ഛന്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനാണെന്ന വിധത്തിലുള്ള ആരോപണങ്ങള്‍ മുമ്പ് ഉയര്‍ന്നിരുന്നു. പൊതുപ്രവര്‍ത്തകനായിരുന്ന ജോമോന്‍ പുത്തന്‍പുരക്കലായിരുന്നു ഈ ആരോപണത്തിനു പിന്നില്‍. ജിഷയുടെ കൊലപാതകത്തിനു കാരണമായതും ഈ ബന്ധമായിരുന്നെന്ന് ജോമോന്‍ ആരോപിച്ചിരുന്നു.

ഈ ആരോപണത്തെ തുടര്‍ന്ന് ജോമോനെതിരെ മാനനഷ്ട കേസ് നല്‍കിയെങ്കിലും പിന്നീട് കേസില്‍ കാര്യമായ താല്‍പ്പര്യം കോണ്‍ഗ്രസ് നേതാവ് പ്രകടിപ്പിച്ചില്ല. അഡ്വ. രാംകുമാര്‍ മുഖേന കൃത്യമായ മറുപടി വക്കീല്‍ നോട്ടീസിന് നല്‍കിയതോട സംഭവം തണുത്തു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തങ്കച്ചന്‍ കേസ് നല്‍കിയത്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തങ്കച്ചന് ജിഷ കൊലക്കേസില്‍ വ്യക്തമായ പങ്കുണ്ടെന്നും ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് ചോദിച്ചതിനാല്‍ തങ്കച്ചന്‍ ഇടപെട്ടാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. പിന്നീട് ആ സംഭവം വിസ്മൃതിയിലാവുകയായിരുന്നു.

പാപ്പുവിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ എത്തിയ അഞ്ച് ലക്ഷം രൂപയും ആളൂര്‍ നടത്തിയ വെളിപ്പെടുത്തലും രാജേശ്വരിയുടെ അത്യാഢംബര ജീവിതവും കൂടിയാകുമ്പോള്‍ ജിഷ കേസില്‍ വീണ്ടും ചില സംശയങ്ങള്‍ക്ക് ഇടയാക്കുകയാണ്. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നത് വെറും പുകമറകള്‍ മാത്രമാണെന്നും കേസിലെ സുപ്രധാനമായ വിവരങ്ങളെല്ലാം കുഴിച്ചു മൂടപ്പെട്ടു എന്നുമാണ് ഉയരുന്ന ആരോപണം. തങ്കച്ചന്റെ വീട്ടില്‍ ജിഷയുടെ മാതാവ് ജോലിക്ക് പോയിരുന്നെന്നും അന്നുണ്ടായ ബന്ധത്തിലാണ് ജിഷ പിറന്നതെന്നുമാണ് നേരത്തെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉന്നയിച്ച ആരോപണം. എന്നാല്‍, ഈ ആരോപണങ്ങള്‍ തങ്കച്ചന്‍ തള്ളിക്കളയുകയും ചെയ്തു. ഇതിന് ശേഷമാണ് ജോമോന് വക്കീല്‍ നോട്ടീസ് അയച്ചത്. അന്ന് പുത്തന്‍പുരയ്ക്കലിനൊപ്പം നിന്ന പാപ്പു പിന്നീട് കളം മാറുകയാണ് എന്നാണ് ജോമോന്‍ വ്യക്തമാക്കുന്നത്. ഇതിന് പിന്നില്‍ ആരുടെ സ്വാധീനമാണ് ഉള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു. പാപ്പു ഏറെക്കാലം പണമൊന്നുമില്ലാതെ മരുന്നു പോലും വാങ്ങാന്‍ കാശില്ലാതെയാണ് കഴിഞ്ഞിരുന്നത്. ഇങ്ങനെയുള്ള പാപ്പുവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തിയതിനും ദുരൂഹതകള്‍ ആരോപിക്കപ്പെടുന്നുണ്ട്.

പാപ്പു ജോലി ചെയ്തിരുന്ന വീട്ടിലെ ഉടമയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയാണ് പാപ്പുവിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്. പാപ്പുവിനെ വിലയ്‌ക്കെടുക്കാന്‍ ആരോ നല്‍കിയ പണമാണിതെന്ന സംശയമാണിപ്പോള്‍ ഉയരുന്നത്.

ജിഷക്കേസിലെ യഥാര്‍ഥ പ്രതി അനാറുള്‍ പോലീസിന്റെ മര്‍ദ്ദനം മൂലമാണ് മരിച്ചതെന്ന് അഡ്വ.ആളൂര്‍ പറയുന്നു. ഇക്കാര്യം വിചാരണകോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ആളൂര്‍ വ്യക്തമാക്കിയിരുന്നു.അമിറുള്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ ഒരാള്‍ രക്ഷപെട്ടു. ഭീകര മര്‍ദ്ദനത്തിനിടെ അനാറുള്‍ കൊല്ലപ്പെട്ടതോടെ ഭീതിയില്‍ അമിറുള്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നു. ജിഷ കേസില്‍ അറസ്റ്റ് നടക്കുന്ന അവസരത്തില്‍ പെരുമ്പാവൂരില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഈ വസ്തുത കൂടി കേസില്‍ പരാമര്‍ശിക്കപ്പെടുമെന്നും ഇതോടെ കേസില്‍ നിര്‍ണ്ണായമായതും ഞെട്ടിക്കുന്നതുമായ വിവരങ്ങള്‍ പുറത്തുവരുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും ആളൂര്‍ പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ ജിഷയെ കൂടുതലായി ആക്രമിച്ചത് താനല്ല കൂടെയുണ്ടായിരുന്ന സുഹൃത്താണെന്ന് അമിറുള്‍ വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അമിറുള്‍ അറസ്റ്റിലായത് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചപ്പോള്‍ ഇത്തരം പ്രചാരണങ്ങളില്‍ കഴമ്പില്ലന്നും ലൈംഗികമായ താല്‍പര്യം ഉണ്ടായതിനെത്തുടര്‍ന്ന് അമിറുള്‍ വീട്ടിലെത്തി ജിഷയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെന്നും ഇതിനിടെയാണ് കൊലയെന്നുമായിരുന്നു പൊലീസ് വിശദീകരണം. ഇതേ സമയം ഉടുതുണിക്ക് മറുതുണിയില്ലാതെ തെരുവില്‍ അലഞ്ഞ പാപ്പുവിന്റെ അക്കൗണ്ടില്‍ വന്ന ലക്ഷങ്ങള്‍ ചോദ്യചിഹ്നമാവുകയാണ്.

മരണപ്പെടുമ്പോള്‍ കയ്യില്‍ മൂവായിരത്തില്‍പ്പരം രൂപയുണ്ടായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ടില്‍ അവശേഷിക്കുന്നത് 452000 രൂപ. ദാരുണമായി മരിച്ച ജിഷയുടെ പിതാവ് പാപ്പുവിന്റെ സമ്പാദ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി. സന്നദ്ധ സംഘടന നല്‍കിയ പണമാണെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെങ്കിലും വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ജിഷയുടെ മാതാവ് രാജേശ്വരിക്ക് ആഡംബര ജീവിതം നയിക്കാന്‍ മാത്രം പണമെവിടെ നിന്നു കിട്ടിയെന്ന ചോദ്യവുമുയരുന്നു. കെപിസിസി ജിഷയുടെ അമ്മക്ക് പണം നല്‍കിയതിന് പിന്നിലും ചില ലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ശക്തമായിരുന്നു. തങ്കച്ചന്‍ ബന്ധം പുറത്തുവരാതിരിക്കാനാണ് കെപിസിസി പണം നല്‍കിയതെന്നാണ് അന്നുയര്‍ന്ന ആരോപണം. എന്നാല്‍ അരോപണങ്ങള്‍ക്കു മറുപടി നല്‍കേണ്ട ജിഷയും പാപ്പുവും ജീവിച്ചിരിപ്പില്ലാത്തത് പലര്‍ക്കും ആശ്വാസമാകുന്നു.

Related posts