കൊച്ചി: ഫേസ്ബുക്ക് വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ യുവതി കൂടുതല്‍ തട്ടിപ്പ് നടത്തിയതായി സൂചന. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുണ്ടന്‍ചിറ ശോഭ(29)യെയാണ് കണ്ണമാലി പോലീസ് ഇൻസ്പെക്ടര്‍ എ.എല്‍.
അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് ലിങ്ക് വഴി പരസ്യത്തിലൂടെ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ചെല്ലാനം സ്വദേശിയില്‍നിന്ന് ഇവര്‍ ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിലാണ് അറസ്റ്റ്.
ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ എറണാകുളം നോര്‍ത്ത് പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. സമാനരീതിയിലുള്ള തട്ടിപ്പിന് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. അറസ്റ്റ് വിവരം അറിഞ്ഞ് തട്ടിപ്പിന് ഇരയായവര്‍ കണ്ണമാലി പോലീസ് സ്റ്റേഷനിലേക്ക് വിവരങ്ങള്‍ തേടി വിളിക്കുന്നുണ്ട്. നിലവില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല.